Crime | കാഞ്ഞങ്ങാട് സൈക്കിൾ മോഷണം: അഞ്ചു കുട്ടികൾ പിടിയിൽ
കാഞ്ഞങ്ങാട് നടന്ന സൈക്കിൾ മോഷണങ്ങളിൽ അഞ്ചു കുട്ടികളെ പിടികൂടി. പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്.
കാഞ്ഞങ്ങാട്: (KasargodVartha) സൈക്കിള്‍ മോഷണങ്ങൾ പതിവായി നടക്കുന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചു കുട്ടികൾ പിടിയിലായി. 10നും 18നും ഇടയിലുള്ള ഈ കുട്ടികളാണ് മാസങ്ങളായി നടന്ന സൈക്കിള്‍ മോഷണങ്ങള്‍ക്ക് പിന്നിലെന്നു കണ്ടെത്തി.
മാസങ്ങളായി നടന്ന സൈക്കിള്‍ മോഷണം ചർച്ചയായതോടെയാണ് സൈക്കിളുടമകള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ പൊലീസില്‍ പരാതി നല്‍കാത്തവരുടെ സൈക്കിളും കണ്ടെത്തി.
കാഞ്ഞങ്ങാട് സൗത്ത് സ്കൂള്‍ പരിസരത്തുനിന്ന് ഒരു വിദ്യാർഥിയുടെ സൈക്കിള്‍ മോഷണം പോയ സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും സൈക്കിൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അന്നത്തെ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, മോഷ്ടിക്കപ്പെട്ട സൈക്കിളിന് പകരം വിദ്യാർഥിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകിയിരുന്നു. അന്നുമുതല്‍ സൈക്കിള്‍ മോഷ്ടാക്കള്‍ക്കായി ഹോസ്ദുർഗ് പൊലീസ് അന്വേഷണത്തിലായിരുന്നു.
അതേസമയം, ആവിയിൽ പ്രദേശത്ത് പല വീടുകളില്‍നിന്നും സൈക്കിളുകൾ മോഷണം പോകുന്നത് പതിവായിരുന്നു. ഇതിനെ തുടർന്ന് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ആവിയിൽ ഭാഗത്തെ അഞ്ചോളം വീടുകളില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടികളെ തിരിച്ചറിഞ്ഞ് കണ്ടെത്തിയത്.
സമീപ പ്രദേശങ്ങളിലെ 18 വയസ്സിന് താഴെയുള്ള അഞ്ചു കുട്ടികളാണ് മോഷണത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സൈക്കിളുകൾ ആവിയിൽ ഭാഗത്തുതന്നെയുള്ള ഒരു കടയിൽ 200ഉം 300ഉം രൂപയ്ക്ക് വില്പന നടത്തിയിരുന്നതായും മനസ്സിലായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട എട്ട് സൈക്കിളുകളും കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകി. എന്നാൽ, കുട്ടികളായതിനാൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെങ്കിലും താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
#bicycletheft #juvenilecrime #kerala #kanhangad #police #crime