city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോസഫിന് വൃക്ക അമ്മ നല്‍കും; മാറ്റിവെക്കണമെങ്കില്‍ ഉദാരമതികള്‍ കനിയണം

കാസര്‍കോട്: (www.kasargodvartha.com 26.08.2014) ജോസഫിനെ (25) പോലെ ഇത്രയേറെ വേദനയനുഭവിക്കുന്ന ചെറുപ്പക്കാരന്‍ നമ്മുടെ ഇടയില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ് ജോസഫ് ഇപ്പോഴും പിടിച്ച് നില്‍ക്കുന്നത്. ആറ് വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ വളപ്പാടിയില്‍ ഓയില്‍ - ഗ്യാസ് പൈപ് പ്ലാന്റില്‍ വെച്ച് 40 അടി താഴ്ചയിലേക്ക് വീണ് നട്ടെല്ല് തകര്‍ന്ന ജോസഫ് ജീവിതത്തിലേക്ക് തിരിച്ച് വന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.

ദുരന്തം പക്ഷേ ജോസഫിനെ വിടാതെ പിന്തുടരുകയാണ്. നട്ടെല്ല് തകര്‍ന്ന് കിടപ്പിലായപ്പോള്‍ മൂത്രസഞ്ചിക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ട്യൂബ് വഴിയാണ് ആറ് വര്‍ഷമായി മൂത്രം പുറത്ത് കളയുന്നത്. ഒരു ദിവസം മൂത്രമൊഴിക്കാനുള്ള ട്യൂബിനായി മാത്രം 300 രൂപ ചിലവ് വരുന്നു. നാല് ട്യൂബുകളാണ് ഇതിനായി ഒരു ദിവസം ആവശ്യമുള്ളത്. ഇതിനിടയില്‍ ഒരു തവണ ട്യൂബ് കിട്ടാത്തതിനാല്‍ ഉപയോഗിച്ച ട്യൂബ് വഴി വീണ്ടും മൂത്രം എടുത്തപ്പോള്‍ അണുബാധയുണ്ടാവുകയും ഇതിനെ തുടര്‍ന്ന് ഒരു വൃക്ക തകരാറിലാവുകയുമായിരുന്നു. ഇതാണിപ്പോള്‍ ജോസഫിനെ വീണ്ടും ദുരിതക്കയത്തില്‍ തള്ളിവിട്ടത്.

പിന്നീട് രണ്ടാമത്തെ വൃക്കയ്ക്കും തകരാര്‍ നേരിട്ടതോടെ രണ്ട് വര്‍ഷമായി ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ഡയാലിസിസിനായി സുതാര്യ കേരളം വഴി കാരുണ്യ പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രി ഇടപെട്ട് അനുവദിച്ചിരുന്നു. മൂന്നു മാസം മുമ്പ് ഇൗ തുക തീര്‍ന്നതോടെ ആയിരങ്ങള്‍ ചിലവഴിച്ച് സ്വന്തമായാണ് ജോസഫ് ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തി വരുന്നത്. ഒരാള്‍ക്ക് ഒരു തവണ മാത്രമേ കാരുണ്യ പദ്ധതി വഴി സഹായം കിട്ടുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്.

ഡയാലിസിസിന് വേണ്ടി ഇടത് കൈ ഞരമ്പില്‍ ട്യൂബും സൂചിയും തുടര്‍ച്ചയായി കയറ്റുന്നതിനാല്‍ ഞരമ്പ് പൊട്ടുകയും ഇടത് കൈയുടെ സ്വാധീനം തന്നെ ഇല്ലാതാവുകയും ചെയ്തിരുന്നു. മംഗലാപുരം ആശുപത്രിയില്‍ ഞരമ്പ് കട്ട് ചെയ്ത് വെച്ച് തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി രണ്ട് തവണ ഡയാലിസിസിന് വിധേയമായതിന്റെ ദുരിതവും ജോസഫ് തുറന്ന് പറഞ്ഞു. ഇവിടെ ഡയാലിസിസ് നടത്തിയപ്പോള്‍ വലത് കൈയ്യില്‍ നീര് വന്ന് നിവര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ജോസഫ് വ്യക്തമാക്കി.

വിദഗ്ധരായ ടെക്‌നീഷ്യനന്മാരില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് തുടര്‍ച്ചയായി ചെയ്താല്‍ ജീവന്‍ തന്നെ അപകടത്തിലാവുമെന്നാണ് ജോസഫ് പറയുന്നത്. 17-ാം വയസില്‍ എക്‌സ്‌റെ വെല്‍ഡ്‌ ടെക്‌നീഷ്യന്‍ കോഴ്‌സ് കഴിഞ്ഞ ജോസഫ് 2006 മുതല്‍ രണ്ട് വര്‍ഷം ബീഹാറിലെ പ്രൈവറ്റ് കോണ്‍ട്രാക്ടറോടൊപ്പമാണ് പൈപ്പ് വെല്‍ഡിങ്ങ് കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. പിന്നീടാണ് തമിഴ്‌നാട്ടിലെ വളപ്പാടിയിലെ ഓയില്‍ പൈപ്പ് ഗ്യാസ് പ്ലാന്റില്‍ ജോലിക്ക് ചേര്‍ന്നത്.

2008 ഒക്ടോബര്‍ ഒന്നിനാണ് പ്ലാന്റിലെ ഗ്യാസ് ഫിറ്റിംഗ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ 40 അടി മുകളില്‍ നിന്നും വീണ് ജോസഫിന്റെ നട്ടെല്ല് പൊട്ടിയത്. അവിടെ ഒരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോസഫിനെ മൂന്ന് ദിവസത്തിന് ശേഷം മംഗലാപുരം ഫാദര്‍ മുള്ളേഴ്്‌സ് ആശുപത്രിയിലെത്തിച്ചാണ് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി കൂട്ടിയോജിപ്പിച്ചത്. ജോസഫ് എഴുന്നേറ്റ് നടക്കുമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

രണ്ട് മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലും ചികിത്സ തുടര്‍ന്നു. അന്ന് മുതല്‍ ട്യൂബിട്ടാണ് മൂത്രം കളയുന്നത്. അണുബാധയെ തുടര്‍ന്ന് വൃക്ക തകരാറിലായതോടെ എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇല്ലെങ്കില്‍ ജീവന്‍ അപകടത്തിലാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവരെയുള്ള ചികിത്സയ്ക്ക് ആറ് ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്.

കാഞ്ഞങ്ങാട് മാവുങ്കാല്‍ ആനന്ദാശ്രമം കാഞ്ഞിരടുക്കത്തെ അഗസ്റ്റിന്റെ മകനാണ് ജോസഫ്. അഗസ്റ്റിന്‍ കര്‍ഷക തൊഴിലാളിയാണ്. പിതാവിന്റെ തുച്ചമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. വീട്ടമ്മയായ മാതാവ് അമലയാണ് മകന് വൃക്ക നല്‍കാന്‍ സന്നദ്ധയായിട്ടുള്ളത്. തറവാട് വീട്ടില്‍ കഴിയുന്ന ജോസഫിനും മാതാപിതാക്കള്‍ക്കും സ്വന്തമായി വീടെന്നതും സ്വപ്‌നമാണ്.

ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുന്‍കൈയ്യെടുത്ത് കലക്ട്രേറ്റില്‍ ലോട്ടറി സ്റ്റാളിന് സ്ഥലം നല്‍കിയതിനാല്‍ കലക്ട്രേറ്റില്‍ ലോട്ടറി വിറ്റാണ് ചികിത്സയ്ക്കും മരുന്നിനും മറ്റും ചിലവിനുള്ള അത്യാവശ്യ തുക ജോസഫ് കണ്ടെത്തുന്നത്. കലക്ട്രേറ്റിലെ ജീവനക്കാരാണ് ഡയാലിസിസിനുള്ള തുക ഇപ്പോള്‍ നല്‍കുന്നത്. സഹോദരന്‍ ഐവിന്‍ ഐ.ടി.ഐ യ്ക്ക് പഠിക്കുകയാണ്. അനുജത്തി ആല്‍ഫ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ജോസഫിന് വൃക്ക മാറ്റിവെക്കാന്‍ 10 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുകഎങ്ങനെയുണ്ടാക്കുമെന്ന് അറിയാതെ കുടുംബം വഴി മുട്ടി നില്‍ക്കുകയാണ്. ഉദാരമതികള്‍ ഈ യുവാവിനോട് കനിയണമെന്നാണ് നാട്ടുകാരും കലക്ടറേറ്റിലെ ജീവനക്കാരും അഭ്യര്‍ത്ഥിക്കുന്നത്.

നട്ടെല്ലും വൃക്കയും തകര്‍ന്നിട്ടും പ്രതീക്ഷയുടെ നട്ടെല്ലുമായാണ് ജോസഫ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ ചെറുപ്പക്കാരന് ഒരുജീവിതം സമ്മാനിക്കാന്‍ ഓരോരുത്തരും നല്‍കുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ കൊണ്ട് തീര്‍ച്ചയായും കഴിയും. അതിനുള്ള സന്മനസ്സ് കാട്ടണമെന്നേയുള്ളൂ.

ജോസഫിന് സഹായങ്ങള്‍ എത്തിക്കാം: A/c No: 18910100006519 ഫെഡറല്‍ ബാങ്ക് ഉദുമ, IFSC code: FDRL0001891. മൊബൈല്‍: 9526053988

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജോസഫിന് വൃക്ക അമ്മ നല്‍കും; മാറ്റിവെക്കണമെങ്കില്‍ ഉദാരമതികള്‍ കനിയണം


Related News: 
സുതാര്യകേരളം തുണയായി; ജോസഫിന്റെ ലോട്ടറി സ്റ്റാള്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

Keywords : Kasaragod, Kerala, Kanhangad, Treatment, Hospital, Joseph, Mother, Dialysis, Mangalore, Tamilnadu. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia