ഡ്രൈവറില്ലാതെ നിയന്ത്രണം വിട്ടോടിയ ജീപ്പ് കടയിലേക്ക് ഇരച്ച് കയറി
Jun 6, 2012, 16:32 IST
കാഞ്ഞങ്ങാട്: ഡ്രൈവറില്ലാതെ നിയന്ത്രണംവിട്ടോടിയ ജീപ്പ് നഗരത്തില്‍ പരിഭ്രാന്തി പരത്തി. ഒടുവില്‍ കടയിലേക്ക് പാഞ്ഞുകയറിയ ജീപ്പ് ഗ്ലാസ് തകര്‍ത്ത് നിന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് വ്യാപാരഭവന് മുന്നിലുള്ള ഒരു കടയുടെ സമീപം കെഎല്‍ 13 ബി - 6547 നമ്പര്‍ ജീപ്പ് ഹെഡ് ലൈറ്റ് തകരാറായതിനെതുടര്‍ന്ന് നിര്‍ത്തിയിടുകയായിരുന്നു.
ജീപ്പ് ഡ്രൈവര്‍ ബെന്നിയുടെ നിര്‍ദ്ദേശപ്രകാരം വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ജീപ്പിലേക്ക് വയര്‍ കണക്ഷന്‍ കൊടുക്കുന്നതിനിടെ ജീപ്പ് പെട്ടെന്ന് ഗിയര്‍ തിരിഞ്ഞ് സ്റ്റാര്‍ട്ടാവുകയും മുന്നോട്ട് കുതിക്കുകയുമായിരുന്നു. നിയന്ത്രണംവിട്ട് അഞ്ച് മീറ്ററോളം ഓടിയ ജീപ്പ് ജെന്നി ഫഌവര്‍ കടയിലേക്ക് പാഞ്ഞ്കയറി. കടയുടെ ചില്ലുകള്‍ തകര്‍ത്താണ് ജീപ്പ് നിന്നത്. ഡ്രൈവറില്ലാതെ ഓടിയ ജീപ്പ് കാഴ്ചക്കാരില്‍ കൗതുകവും അതോടൊപ്പം പരിഭ്രാന്തിയും ഉണര്‍ത്തുകയായിരുന്നു. കാല്‍നടയാത്രക്കാരില്‍ പലരും പാഞ്ഞടുത്ത ജീപ്പ് ഇടിക്കാതിരിക്കാന്‍ ചാടിമാറുകയായിരുന്നു.
Keywords: Jeep, Accident, Kanhangad, Kasaragod