വൈദ്യുതി ദുരുപയോഗത്തിനെതിരെ 'ഇരുട്ട്' ബോധവല്‍ക്കരണ നാടകം
Mar 20, 2013, 17:32 IST
തൃക്കരിപ്പൂര്‍: പുതിയകാലത്തിന്റെ ആഘോഷത്തിമര്‍പില്‍ ഇന്ന് നമ്മള്‍ പാഴാക്കിക്കളയുന്ന ഒരോ യൂണിറ്റ് വൈദ്യുതിക്കും നാളെ കണക്കുപറയേണ്ടിവരുമെന്ന് ഓര്‍മപെടുത്തുകയാണ് 'ഇരുട്ട്' ബോധവല്‍ക്കരണ നാടകം. വരും തലമുറയ്ക്കായി കാത്തുകരുതി വെയ്‌ക്കേണ്ട അമൂല്യ നിധിയാണ് വൈദ്യുതി എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് ഡിവിഷനാണ് വൈദ്യുതിയുടെ അമിത ഉപയോഗത്തിന്റെ ദുരന്തഫലങ്ങള്‍ തുറന്നുകാട്ടുന്ന ഇരുട്ട് നാടകം അരങ്ങിലെത്തിച്ചത്.
ഒരു വെളിച്ചം വേണ്ടിടത്ത് ഒരായിരം വിളക്കുകള്‍ കത്തിച്ചുവച്ച് അഭിരമിക്കുന്ന വര്‍ത്തമാനകാല മലയാളി ജീവിതത്തെയും അതി വിദൂരമല്ലാത്ത ഭാവിയില്‍ സ്വന്തം മുഖംപോലും തിരിച്ചറിയാന്‍ കഴിയാത്തവിധം ഇരുട്ട് എന്ന മഹാദുരന്തം നമ്മെ വേട്ടയാടുമെന്നും നാടകം ഓര്‍മപെടുത്തുന്നു. കെ.എസ്.ഇ.ബി സംസ്ഥാന കലോത്സവത്തില്‍ മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനം നേടിയ ഈ നാടകം ഊര്‍ജ സംരക്ഷണ സെമിനാറുകളുടെ ഭാഗമായി തൃശൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാട്ടരങ്ങുകളിലും നിരവധി വേദികള്‍ പിന്നിട്ടുകഴിഞ്ഞു.
വൈദ്യുതി സംരക്ഷണം സ്വന്തം ജോലിക്കപ്പുറമുള്ള സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പടന്ന, തൃക്കരിപ്പൂര്‍ സെക്ഷനുകളിലെ ജീവനക്കാരാണ് നാടകത്തിന്റെ അരങ്ങില്‍ പ്രവര്‍ത്തിച്ചത്. പ്രസാദ് കണ്ണോത്ത് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ എം.പി അനില്‍, രേണുവന്‍, രഘു കപ്പണക്കാല്‍, കെ.രവി, കെ.ജയരാജന്‍, സന്തോഷ് ഉദിനൂര്‍ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ ഉദിനൂര്‍ സംഗീത നിയന്ത്രണം നിര്‍വഹിക്കുന്നു.
Keywords: Electricity, Edification, Drama, Trikaripur, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News