വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് വ്യാപകം; ലൈസന്‍സിന് വാങ്ങുന്നത് 6000രൂപ
Mar 18, 2015, 14:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/03/2015) ജില്ലയില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വ്യാപകം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് വ്യാപകമായി ഉണ്ടാക്കി നല്‍കുന്നത്. 6,000 രൂപ മുതല്‍ 11,000 വരെയാണ് ലൈസന്‍സിനുവേണ്ടി വാങ്ങുന്നത്. വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് വ്യാപകമായി തയ്യാറാക്കി വിതരണം ചെയ്യുന്ന സംഘത്തിന്റെ കണ്ണികള്‍ ജില്ലയിലും വ്യാപകമായിരിക്കുകയാണ്.
ഇരു ചക്രവാഹനങ്ങള്‍ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റോ എഴുത്തു പരീക്ഷയോ നടത്താതെ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തി നല്‍കി പണം കൊയ്യുകയാണ് സംഘം ചെയ്യുന്നത്. കാഞ്ഞങ്ങാട്ട് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം നടത്തിയ റോഡ് പരിശോധനക്കിടയില്‍ മതിയായരേഖകളില്ലാതെ പിടികൂടിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവറുടെ ലൈസന്‍സ് പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് സംശയം ഉണ്ടായിരുന്നു. തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലുള്ള ഈ ഡ്രൈവിംഗ് ലൈസന്‍സ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ ലൈസന്‍സ് വിവരങ്ങള്‍ തമിഴ്‌നാട് ആര്‍ടിഒ അധികൃതര്‍ക്ക് പരിശോധനക്കായി അയച്ചു കൊടുത്തു.
ഇതിന്റെ റിപോര്‍ട്ട് തമിഴ്‌നാട്ടില്‍ നിന്ന് കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസിലേക്ക് ലഭിച്ചപ്പോഴാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ലൈസന്‍സ് വ്യാജമായി നിര്‍മിച്ചതാണെന്നാണ് തമിഴ്‌നാട് ആര്‍ടിഒ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ടു വീലറിന്റെ ഡ്രൈവിംഗ് ലൈസന്‍സിന് 6000 രൂപയും ലൈറ്റ് ഹെവി വെഹിക്കിള്‍ ലൈസന്‍സിന് 11000 രൂപയുമാണ് ഈടാക്കുന്നത്. വ്യക്തമായ മേല്‍വിലാസമോ രേഖകളോ ഒന്നും ആവശ്യമില്ല. മണല്‍ കടത്ത് സംഘത്തിലെ ഡ്രൈവര്‍മാരാണ് വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് സമ്പാദിക്കുന്നവരില്‍ കൂടുതലും.
അതിനിടെ തമിഴ്‌നാട് കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് വിതരണം നടത്തുന്ന വലിയൊരു സംഘം കേരളത്തിലങ്ങോളമിങ്ങോളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവരവും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് സംഘടിപ്പിച്ചു നല്‍കുന്ന ഇടുക്കി ജില്ലയിലെ രാജാക്കാട് വെള്ളാപ്പിള്ളി ശശിരാഘവന്‍ (61), നേര്യമംഗലം കോളനിയിലെ കാക്കനാട്ട് സാജു ജോസ് എന്നിവരെ കോതമംഗലം പോലീസ് പിടികൂടിയതോടെയാണ് വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് സംഘടിപ്പിച്ചു കൊടുക്കുന്ന സംഘത്തെക്കുറിച്ചുളള വിവരം ലഭിച്ചത്.
Keywords: Fake Driving Licence, Police, Checking, Kanhangad, Kerala, Police, Thamilnadu.
Advertisement: