വ്യാജരേഖ നിര്‍മ്മാണം: പോലീസ് അന്വേഷണം പുരോഗമിക്കുന്നു
Dec 13, 2014, 23:28 IST
കാസര്‍കോട്:(www.kasargodvartha.com 13.12.2014) പാസ്‌പോര്‍ട്ടും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും അടക്കം വ്യാജമായി നിര്‍മ്മിച്ച് നല്‍കിയതിന് പിടിയിലായത് സംഘത്തിലെ പ്രധാനിയാണെന്ന് സൂചന. ഇയാള്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങളുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.
ഒരു ഇടവേളക്ക് ശേഷമാണ് കാസര്‍കോട് വീണ്ടും വ്യജരേഖ നിര്‍മ്മാണം സജീവമായത്. വ്യാജരേഖ നിര്‍മ്മിക്കുന്ന സംഘത്തിന് കള്ളനോട്ട് സംഘവുമായി ബന്ധം വ്യക്തമാക്കുന്ന തെളിവ് പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ഐങ്ങോത്ത് മുത്തപ്പനാര്‍ക്കാവിനടത്ത രമേശനെയാണ് കഴിഞ്ഞ ദിവസം ഹോസ്ദുര്‍ഗ് ഒന്നാം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ കള്ളനോട്ട് നിര്‍മ്മാണ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു. കമ്പ്യൂട്ടറും സ്‌കാനറും ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യ വികസിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയതായി അറിയുന്നു.
വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവരുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് പൊലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആസൂത്രിത നീക്കമാണ് ഇയാളെ കുടുക്കിയത്.
പാസ്‌പോര്‍ട്ട്, വിവിധ സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സ് തുടങ്ങി ഒട്ടേറെ വ്യാജരേഖകളും ഇവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിട്ടുണ്ട്. ഇവയെ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ സ്റ്റാമ്പുകളും പിടിച്ചെടുത്തവയില്‍പെടും.
പുതിയ പാസ്‌പോര്‍ട്ടുകള്‍ വ്യാജമായി നിര്‍മ്മിച്ചു കൊടുക്കുന്നതിന് പുറമെ, പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തിയും ഫോട്ടോ മാറ്റിവെക്കുന്നത് ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിരുന്നു.
രമേശന്‍ തയ്യാറാക്കിയ വ്യാജ സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ പലരും ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന ജോലി കരസ്ഥമാക്കിയതായി അറിയുന്നു. പ്രവാസി മലയാളികളാണ് സര്‍ട്ടിഫിക്കേറ്റുകള്‍ക്കായി ഇയാളെ ആശ്രയിച്ചത്. വ്യാജ രേഖകള്‍ സ്വന്തമാക്കിയവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കാസര്‍കോട് കേന്ദ്രീകരിച്ച് ദീര്‍ഘകാലമായി പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് റിമാന്‍ഡിലായ രമേശന്‍ എന്ന് പൊലീസ് പറയുന്നു. കള്ള നോട്ട് കേസടക്കം ഇയാള്‍ക്കെതിരെ പത്തോളം കേസ് നിലവിലുണ്ട്. ഇയാള്‍ളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്.
ജില്ലയിലെ വ്യാജ മണല്‍പാസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് രമേശന്‍ പിടിയിലായത്. കാസര്‍കോട്ടെ വ്യാജ മണല്‍പാസ് നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍വ്വകലാശാലയിലെ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിരുന്നു. അശോക സ്തംഭം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് മണല്‍പാസ് തയ്യാറാക്കിയ സംഘത്തിനെ രക്ഷപ്പെടുത്താന്‍ മണല്‍മാഫിയ സംഘവുമായി ബന്ധമുള്ള ഭരണകക്ഷിയിലെ ചിലര്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: kasaragod, Kerala, Passport, Fake document, Police, Investigation, Police-raid, Kanhangad, Fake Certificate Racket: Investigation goes on
Advertisement: