തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ ഈവനിംഗ് ഡിപ്ലോമ കോഴ്‌സ്
Jun 15, 2012, 11:49 IST
തൃക്കരിപ്പൂര്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ത്യക്ക്രിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഇഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ഇഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ത്രിവത്‌സര ഈവനിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍കാലങ്ങളില്‍ ചുരുക്കം ചില പോളിടെക്‌നിക്കുകളില്‍ മാത്രം നടത്തിയിരുന്ന പാര്‍ട്ട്‌ടൈം കോഴ്‌സിന്റെ സ്ഥാനത്ത് ഒട്ടേറെ മാറ്റങ്ങളും പുതുമകളുമായാണ് ഈവനിംഗ് കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പത്താം ക്ലാസ്സ് വിജയിച്ച് പതിനെട്ട് വയസ്സ് പൂര്‍ത്തിയാക്കിയ ഏതൊരാള്‍ക്കും ഈവനിംഗ് കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. അമ്പത് സീറ്റ് വീതമാണ് ഓരോ കോഴ്‌സിനുമുള്ളത്. ഇതില്‍ അഞ്ച് വീതം സീറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. ബാക്കിയുള്ള 45 സീറ്റുകള്‍ മെറിറ്റില്‍ സംവരണതത്വങ്ങള്‍ക്ക് അനുസ്യതമായി നികത്തുന്നതാണ്.അപേക്ഷകന്റെ യോഗ്യതകള്‍ക്ക് അനുസ്യതമായി മൂന്ന് ചാനലുകളിലൂടെയാണ് തെരെഞ്ഞടുപ്പ്.
ചാനല്‍ എ പ്രകാരം ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ടയിലുള്ള അഞ്ച് സീറ്റുകളിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവേശനം നല്‍കും. ചാനല്‍ ബി പ്രകാരം 23 സീറ്റുകളിലേക്ക് സാങ്കേതിക യോഗ്യതകളായ ഐ.ടി.ഐ., ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍, വി.എച്ച്.എസ്.സി, കെ.ജി.സി.ഇ, മുതലായ യോഗ്യതകളുള്ള അപേക്ഷകരെ 2:1:1:1 എന്ന അനുപാത പ്രകാരം പരിഗണിക്കും. ചാനല്‍ സി പ്രകാരം 22 സീറ്റുകളിലേക്ക്
എസ്.എസ്.ല്‍.സി യോഗ്യതയുള്ള അപേക്ഷകരെ പരിഗണിക്കും. രണ്ട് വര്‍ഷമെങ്കിലും ബന്ധപ്പെട്ട മേഖലയില്‍ തൊഴില്‍ പരിചയമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. തൊഴില്‍ പരിചയമുള്ള അപേക്ഷകരെ പരിഗണിച്ച ശേഷം ബാക്കി വരുന്ന സീറ്റുകളില്‍ തൊഴില്‍ പരിചയമില്ലാത്ത അപേക്ഷകരെ പരിഗണിക്കും.
പത്താം ക്ലാസ്സ് പരീക്ഷയില്‍ ലഭിച്ച ഗ്രേഡ്/മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പരീക്ഷാ ഫലം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അവസരങ്ങളില്‍ അത് ഗ്രേഡിലേക്ക് മാറ്റി പരിഗണിക്കുന്നതാണ്. തൊഴില്‍ പരിചയമുള്ള അപേക്ഷകര്‍ക്ക് പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും 0.2 പോയിന്റ് അധിക വെയിറ്റേജ് പരമാവധി 2 പോയിന്റ് എന്ന
നിബന്ധനക്കനുസ്യതമായി നല്‍കുന്നതാണ്. ഒന്നിലധികം തവണയെടുത്ത് പത്താം ക്ലാസ്സ് പാസ്സയ അപേക്ഷകര്‍ക്ക് അധികമെടുത്ത ഓരോ തവണക്കും 0.5 കുറവ് ചെയ്യുന്നതാണ്.
സംഘടിത/അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും മറ്റ് പല കാരണങ്ങളാലും റഗുലര്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്ന് കൊണ്ടുപോകുവാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം ഉപയ്യൊഗപ്പെടുത്തി പഠനം തുടരുവാന്‍ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 18. ഈവനിംഗ് കോഴുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും പോളിടെക്‌നിക്ക് ഓഫീസില്‍(0467-2211400) www polyadmission in എന്ന വെബ്‌സൈറ്റില്‍ നിന്നും അറിയാവുന്നതാണ്.
Keywords: Evening diploma course, Trikaripur polytechnic, Kanhangad, Kasaragod