ഗുരുവനത്ത് കോര്‍ട്ട് കോംപ്ളക്സ് വരുന്നു
Apr 24, 2012, 15:50 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ ഗുരുവനത്ത് കോടതി കോംപ്ളക്സ് പരിഗണനയില്‍. ഹൊസ്ദുര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കോടതികള്‍ ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള കോര്‍ട്ട് കോംപ്ളക്സിന് ഹൈക്കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയതാണ്. പഴയ ജില്ലാശുപത്രിക്കടുത്ത് പോലീസ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്തിരുന്ന ഒരേക്കര്‍ സ്ഥലത്ത് കോര്‍ട്ട് കോംപ്ളക്സ് പണിയാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്തുകൊണ്ടോ ഇത് നടക്കാതെ പോയി. കോര്‍ട്ട് കോംപ്ളക്സിന് ഗുരുവനത്ത് റവന്യു സ്ഥലം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ അകലെയാണ് അരയി റൂട്ടിലുള്ള ഗുരുവനം. ഇവിടെയാണ് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന് കണ്ടെത്തിയ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ പുതുക്കൈ വില്ലേജിലെ സര്‍വേ നമ്പര്‍ 37 ല്‍പെട്ട രണ്ടേക്കര്‍ സ്ഥലമാണ് കോര്‍ട്ട് കോംപ്ളക്സിന് വിട്ടുകൊടുക്കാനുള്ള ആലോചന നടന്നുവരുന്നത്. ഈ സ്ഥലത്തിന്റെ സ്കെച്ച് ഇതിനകം തയ്യാറായിട്ടുണ്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ റവന്യു അധികൃതര്‍ നടപടി തുടങ്ങി. ഹൊസ്ദുര്‍ഗില്‍ അസി.സെഷന്‍സ് കോടതി, മുന്‍സിഫ് കോടതി, രണ്ട് മജിസ്ട്രേട്ട് കോടതികള്‍ എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബ കോടതിയുടെ ക്യാമ്പ് ഓഫീസ് ഹൊസ്ദുര്‍ഗില്‍ ഉണ്ടെങ്കിലും അത് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടിലാണ്. പുതുതായി മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള സൌകര്യങ്ങളുള്ള അഡി.ജില്ലാ കോടതി കാഞ്ഞങ്ങാട് അനുവദിച്ചുകിട്ടുന്നതിനുള്ള സമ്മര്‍ദ്ദം സജീവമായിട്ടുണ്ട്.
അതിനിടെ കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം വിട്ടുനല്‍കാനുള്ള നടപടി ഒച്ചിന്റെ വേഗതയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ 13 ഏക്കര്‍ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുകൊടുക്കാനാണ് ധാരണയുണ്ടായിരുന്നത്. ഇതനുസരിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയുണ്ടായി. ഇതുസംബന്ധിച്ച അന്തിമ അനുമതിക്ക് കാസര്‍കോട്ടെ റവന്യു അധികൃതര്‍ സര്‍ക്കാറിന് ഫയല്‍ അയച്ചുകൊടുത്തെങ്കിലും പല കാരണങ്ങളും പറഞ്ഞ് മൂന്നുനാലു തവണ അത് കാസര്‍കോട്ടേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ കാസര്‍കോട്ട് നിന്ന് നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയായ ഘട്ടങ്ങളിലാണ് 13 ഏക്കര്‍ സ്ഥലത്തിന് പകരം 8 ഏക്കര്‍ സ്ഥലം നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ ഫയല്‍ ഇപ്പോള്‍ തിരുവനന്തപുരത്താണുള്ളത്.
Keywords: Court complex, Guruvanam, Kanhangad, Kasaragod