ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ബസ് ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി
Jul 18, 2012, 15:36 IST
Umaira |
Sharafudheen |
ജൂലായ് 4 ന് വൈകുന്നേരം 4.30 മണിയോടെ ചെറുവത്തൂര്‍ കൊവ്വലിലെ പള്ളിക്ക് സമീപം പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന കെ എല്‍ 13 എല്‍ 545 നമ്പര്‍ കല്‍പ്പക ബസും ചീമേനി പടോളിയിലേക്ക് പോകുകയായിരുന്ന കെ എല്‍ 06എ 2446 നമ്പര്‍ ജീപ്പും കൂട്ടിയിടിച്ചാണ് മൂന്നുപേര്‍ ദാരുണമായി മരണപ്പെട്ടത്. ജീപ്പോടിച്ചിരുന്ന ബേഡകം വാവടുക്കത്തെ മുച്ചീര്‍ക്കുളം ചേടി മൊട്ടയിലെ എസ് കെ ഷറഫുദ്ദീന്‍(25), ഭാര്യ ഉമൈറ(19), മുച്ചീര്‍ക്കുളത്തെ കോട്ടായില്‍ പൗലോ സിന്റെ മകന്‍ ലിന്‍സ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഏതാനും ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പടോളിയിലെ പിതൃ സഹോദരന്റെ വീട്ടിലേക്ക് സല്‍ക്കാരത്തിന് ജീപ്പില്‍ പോകുകയായിരുന്നു യുവ ദമ്പതികളും ലിന്‍സും.
Lince |
ജീപ്പ് ബസിനെ മറികടക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന വിവരത്തെ തുടര്‍ന്ന് അപകടത്തിന് ഉത്തരവാദി എന്ന നിലയില്‍ മരിച്ച ഷറഫുദ്ദീനെതിരെയാണ് ചന്തേര പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കല്‍പ്പക ബസ് ഡ്രൈവര്‍ സനല്‍ കുമാറിനും അപകടത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് സനല്‍ കുമാറിനെ രണ്ടാം പ്രതിയാക്കി പോലീസ് വീണ്ടും കേസെടുത്തു. ഇത് സംബന്ധിച്ച് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് സനല്‍കുമാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ചതാണ് അപകടത്തിന് ഇടവരുത്തിയതെന്നാണ്.
കോടതിയില്‍ കീഴടങ്ങിയ സി സനല്‍ കുമാറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശാസിച്ചു. മൂന്നുപേരുടെ മരണത്തിന് ഉത്തരവാദിയായ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയാണ് വേണ്ടതെന്നും മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശനമായ നടപടി തന്നെ വേണമെന്നും കോടതി നിരീക്ഷിച്ചു.
സനല്‍കുമാറിന്റെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ വേണ്ട നടപടി എടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് കോടതി സനല്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ചെറുവത്തൂര്‍ വാഹനാപകട ക്കേസില്‍ പോലീസ് കൈകൊണ്ട നിലപാടിനെയും കോടതി വിമര്‍ശിച്ചു. ഇത്രയും ഗുരുതരമായ അപകടം നടന്നിട്ടും ബസ് ഡ്രൈവറെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും കോടതിയില്‍ കീഴടങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്തിനാണെന്നും മജിസ്‌ട്രേറ്റ് ചോദിച്ചു.
വാഹനാപകടവുമായി ബന്ധപ്പെട്ട് മരണപ്പെട്ട ഷറഫുദ്ദീനെ ഒന്നാം പ്രതിയും ജീവിച്ചിരിക്കുന്ന ബസ് ഡ്രൈവര്‍ സനല്‍ കുമാറിനെ രണ്ടാം പ്രതിയുമാക്കിയതിന്റെ മാനദണ്ഡത്തെയും കോടതി വിമര്‍ശനത്തിന് വിധേയമാക്കി.
Keywords: Couples, Death, Bus accident, Case, Cheruvathur, Bus driver, Surrender, Court, Kanhangad, Kasaragod