സി.ഐ.ടി.യു.സംസ്ഥാനസമ്മേളനം: പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
Dec 28, 2012, 16:49 IST
കാസര്‍കോട് : ജനുവരി 12 മുതല്‍ 14 വരെ നടക്കുന്ന സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലാകെ വിപുലമായ പരിപാടികള്‍ നടന്നുവരികയാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സംഘാടക സമിതിക്ക് കീഴില്‍ ഏരിയാ പഞ്ചായത്ത് വാര്‍ഡുതല സംഘാടക സമിതികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സമ്മേളനത്തിന്റെ സന്ദേശം മുഴുവന്‍ വീടുകളിലും എത്തിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ സ്ക്വാഡുകള്‍ ഗൃഹസന്ദര്ശനെ നടത്തിവരികയാണ്. ഡിസംബര്‍ 16,23 തീയതികളിലായി നടന്ന ഗൃഹസന്ദര്‍ശനത്തിലൂടെ ആയിരക്കണക്കിന് വീടുകളില്‍ സന്ദേശമെത്തിക്കാനായി.30 നും പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.
സമ്മേളന ചെലവിനായി 10 രൂപയുടെ കൂപ്പണുകള്‍ ഉപയോഗിച്ച് നടത്തിയ ഫണ്ട് സംഭരണത്തോട് ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്.ഫണ്ട് സംഭരിക്കുന്നതിനായി ഡിസംബര്‍ 30 ന് രണ്ട് പ്രചാരണ ജാഥകള്‍ ജില്ലയില്‍ പ്രചാരണം നടത്തും.സംസ്ഥാന സെക്രട്ടറി പി.നന്ദകുമാര്‍ നയിക്കുന്ന തെക്കന്‍ ജാഥ രാവിലെ ഒന്‍പതിന് തൃക്കരിപ്പൂരില്‍ ആരംഭിച്ച് വൈകിട്ട് ആറിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ സമാപിക്കും.
സംസ്ഥാന സെക്രട്ടറി ടി.പി.രാമകൃഷ്ണന് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ രാവിലെ ഒന്‍പതിന് മഞ്ചേശ്വരം തുഞ്ചത്തൂരില്‍ ആരംഭിച്ച് വൈകിട്ട് ആറിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന 14 സെമിനാറുകളില്‍ അഞ്ചെണ്ണം പൂര്‍ത്തിയായി.ജനുവരി ഏഴിന് സെമിനാറുകള്‍ പൂര്‍ത്തിയാകും. ജില്ലയിലെ നാലു കേന്ദ്രങ്ങളിലായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കുറ്റിക്കോലില്‍ വോളിബോള്‍ മത്സരം നടത്തി.29 ന് ബദിയടുക്കയില്‍ ക്രിക്കറ്റ് ,30 ന് ചെറുവത്തൂരില്‍ കബഡി,ജനുവരി ആറിന് പുല്ലൂരില്‍ കമ്പവലി മത്സരവും നടക്കും.
ജനുവരി രണ്ടിന് പകല്‍ മൂന്നിന് രാജപുരത്ത് അഴിമതിയുടെ വേരുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്ചുതാനന്ദന് ഉല്‍ഘാടനം ചെയ്യും.മൂന്നിന് രാവിലെ പത്തിന് പെരുമ്പളയില്‍ നടക്കുന്ന കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ സി.പി.ഐ.എം.പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉല്‍ഘാടനം ചെയ്യും.ആറിന് പകല്‍ മൂന്നുമണിക്ക് മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഹൊസങ്കടിയില്‍ നടക്കുന്ന സെമിനാര്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉല്‍ഘാടനം ചെയ്യും.ഏഴിന് പകല്‍ മൂന്നിന് തൊഴിലാളി വര്‍ഗവും സ്ത്രീകളുടെ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സെമിനാര്‍ സി.പി.ഐ.എം.കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയും സി.ഐ.ടി.യു.ദേശീയ സെക്രട്ടറി കെ.കെ.ദിവാകരനും പങ്കെടുക്കും.
ട്രേഡ് യൂണിയന് ഐക്യത്തിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തില്‍ ബദിയഡുക്കയില്‍ നടക്കുന്ന സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ആനത്തലവട്ടംആനന്ദന്‍ ഉല്‍ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ഉല്‍ഘാടന ദിവസമായ 12 ന് പകല്‍ മൂന്നിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടക്കുന്ന മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ സി.പി.ഐ.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉല്‍ഘാടനം ചെയ്യും.മുസ്ലീം ലീഗ ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍, എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്,കോണ്‍ഗ്രസ് എസ്.സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
ജനുവരി ഒന്നിന് പതാകദിനം ആചരിക്കും.മുഴുവന്‍ തൊഴില്‍ കേന്ദ്രങ്ങളിലും സി.ഐ.ടി.യു. അംഗങ്ങളുടെ വീട്ടിലും പതാക ഉയര്‍ത്തും.സമ്മേളന വിജയത്തിനായി രൂപീകരിച്ച സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനവും ഊര്‍ജിതമായി നടക്കുകയാണ്. പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിക്കുകയുണ്ടായി.ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ടിറങ്ങണം.14 ന് നടക്കുന്ന ബഹുജന പ്രകടനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരെയും അണിനിരത്താനുള്ള പ്രവര്‍ത്തനവും നടന്നുവരികയാണ്. സമ്മേളനം വിജയകരമാക്കാന്‍ മുഴുവന്‍ തൊഴിലാളികളോടും ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.രാഘവന്, സംസ്ഥാന വൈസ്പ്രസിഡന്റ് എ.കെ.നാരായണന്,ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്,ട്രഷറര്‍ യു.തമ്പാന് നായര്‍,വൈസ് പ്രസിഡന്റ് അഡ്വ.പി.അപ്പുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.
Keywords: CITU, State-conference, Kasaragod, District, House, Kanhangad, Kottacheri, Secretary, Manjeshwaram, Kerala.