ഷരീഫിന്റെ മയ്യത്ത് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
Jun 27, 2012, 16:01 IST
കാഞ്ഞങ്ങാട്: ശനിയാഴ്ച അര്‍ദ്ധരാത്രി ഷാര്‍ജ റോളയില്‍ കുത്തേറ്റ് മരിച്ച ചിത്താരിയില്ലെ സി.എം. ഷരീഫിന്റെ (34) മയ്യത്ത് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ബുധനാഴ്ച വൈകീട്ടോടെ ചിത്താരി ഖിളിര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനത്ത് ഖബറടക്കി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ദുബായില്‍ നിന്നുള്ള എമറേറ്റ്‌സ് വിമാനത്തില്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുകയും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചിത്താരിയില്‍ കൊണ്ടുവരികയുമായിരുന്നു. വന്‍ ജനാവലിയാണ് മൃതദേഹം ഒരുനോക്കുകാണാന്‍ ചിത്താരിയിലെ വീട്ടിലെത്തിയത്. ഭാര്യാസഹോദരന്‍ കരീം, ഷരീഫിന്റെ സഹോദരന്‍ ഹസ്സന്‍, മരുമകന്‍ ജലീല്‍ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ ലീഗ് നേതാക്കളായ എ. ഹമീദ് ഹാജി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, എം.പി. ജാഫര്‍, സി.എം.പി. നേതാവ് വി. കമ്മാരന്‍, കേരളാ കോണ്‍ഗ്രസ്സ് ബി നേതാവ് അഡ്വ: ശിവപ്രസാദ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പി. സുരേഷ്, കെ.എം.സി.സി. നേതാവ് മുഹമ്മദ് സുലൈമാന്‍, എ.പി. അബ്ദുല്ല മുസ്യാര്‍ മാണിക്കോത്ത് തുടങ്ങി നാടിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധിപേര്‍ വീട്ടിലെത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി ഷാര്‍ജ പോലീസ് സി.ഐ.ഡി. വിഭാഗം ആസ്ഥാനത്ത് നിന്നും ഷരീഫിന്റെ മൂത്ത സഹോദരന്‍ ഹസന്‍, മെട്രോ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജലീല്‍, മുജീബ്,അബ്ദുല്‍ ഹമീദ്, ഖാലിദ് പാറപ്പള്ളി തുടങ്ങിയവര്‍ ഏറ്റുവാങ്ങിയ മൃതദേഹം പ്രാര്‍ത്ഥനയ്ക്കുശേഷം രാത്രി വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.
ഷാര്‍ജ സോണാപൂര്‍ ഖബര്‍സ്ഥാന്‍ കെട്ടിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് സി.എച്ച്. അഹമ്മദ്, അഷറഫ് മൗലവി ചിത്താരി, വെളിയംകോട് ഉസ്താദ്, മുഹിയുദ്ധീന്‍ നിസാമി കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്ടെ ആദ്യകാല ഹോട്ടലായ മെട്രോപോളിന്റെ ഉടമ ചിത്താരി ചാമുണ്ഡികുന്നിലെ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകനാണ് ഷരീഫ്. ഷാര്‍ജയിലും നാട്ടിലുമായി നിരവധി സുഹൃദ് വലയങ്ങളുള്ള ഷരീഫിന്റെ വിയോഗം പ്രവാസികളെയും ചിത്താരി പ്രദേശത്തുകാരെയും ദുഖ സാന്ത്രമാക്കി.
നിസാരമായ തര്‍ക്കത്തിന്റെ പേരിലാണ് പാക്കിസ്ഥാന്‍ സ്വദേശികളായ ചിലര്‍ ഷരീഫിനെ കുത്തികൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് കുത്തേറ്റിരുന്നു. ഇവര്‍ കുവൈത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിക്കേറ്റവരില്‍ ഖലീല്‍ മാത്രമാണ് ആശുപത്രി വിട്ടത്.
Key words: Shareef, Chithari, Kanhangad, Sharjah, Murder