city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവിതം പഠിപ്പിക്കുന്നു; കോളനികളിലെ ഈ ഗ്രന്ഥാലയങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23/03/2015) വായനയിലൂടെ, കോളനികളില്‍ ഒതുങ്ങാതെ, ജീവിതം തിരിച്ചു പിടിക്കുകയാണ് ഈസ്റ്റ് ഏളേരിയിലെ പട്ടികവര്‍ഗക്കാര്‍. തകഴിയുടെ രണ്ടിടങ്ങഴി, മാധവിക്കുട്ടിയുടെ എന്റെ കഥ, പെരുമ്പടം ശ്രീധരന്റെ സങ്കീര്‍ത്തനം പോലെ, എം മുകുന്ദന്റെ കഥകള്‍, സോമദേവന്റെ കഥാസരിത് സാഗരം, എസ്.കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യം, എ.ആര്‍ രാജരാജവര്‍മ്മയുടെ ഭാഷാഭൂഷണം മുതല്‍ പുതിയ സാഹിത്യകൃതികളായ കെ.ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന്റെ ആമുഖം, ബെന്ന്യാമിന്റെ മഞ്ഞവെയില്‍ മരണംവരെ സാഹിത്യത്തിന്റെയും സംസ്‌ക്കാരത്തിന്റേയും പുതുലോകമാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് സ്ഥാപിച്ച ട്രൈബല്‍ കമ്മ്യൂണിറ്റി ലൈബ്രറിയിലെ പുസ്തക ശേഖരം പകര്‍ന്നു നല്‍കുന്നത്.
മാറുന്ന കാലത്തിനനുസരിച്ച്  കോളനി നിവാസികള്‍ക്ക് വായിക്കാനുളള അവസരമൊരുക്കികൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് കൂടുതല്‍ പട്ടികവര്‍ഗ്ഗ ജനത വസിക്കുന്ന  പാലാവയലിലെ നിരത്തിന്‍ തട്ട്  കടുമേനിയിലെ സര്‍ക്കാരി കോളിനികളില്‍ ട്രൈബല്‍ കമ്മ്യൂണിറ്റി  ലൈബ്രറികള്‍ ആരംഭിച്ചത്. ഈ രണ്ട് കോളനികളിലെയും ഇരുന്നൂറോളം കുടംബങ്ങള്‍ക്കാണ്  ലൈബ്രറിയുടെ പ്രയോജനം ലഭിക്കുന്നത്.  പട്ടികവര്‍ഗ്ഗ ജനതയ്ക്ക് മാത്രമായി സംസ്ഥാനത്ത്  പ്രാദേശിക ഭരണകൂടം തുടങ്ങിയ അപൂര്‍വ്വം  ലൈബ്രറികളില്‍ രണ്ടെണ്ണമാണിത്.

നടപ്പ് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ട്രൈബല്‍  കമ്മ്യൂണിറ്റി ലൈബ്രറികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. കോളനികളിലുണ്ടായിരുന്ന  സാമൂഹികകേന്ദ്രങ്ങളെ വികസിപ്പിച്ചെടുത്താണ്  വായനശാലകളായി മാറ്റിയത്. വായനശാലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും പുസ്തകങ്ങള്‍ വാങ്ങുന്നതിനും ഒരു ലക്ഷം രൂപ വീതം  രണ്ടിടത്തും വിനിയോഗിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍, ഊരുമൂപ്പന്‍, പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍, പത്താംക്ലാസ്സിന് മുകളില്‍  വിദ്യാഭ്യാസമുളള കോളനി നിവാസികള്‍ എന്നിവരടങ്ങുന്ന ഒമ്പതംഗ കമ്മിറ്റിയാണ്  ഈ ലൈബ്രറികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്.

നിലവിലെ  പഠനസമ്പ്രദായം  മാറികൊണ്ടിരിക്കുന്നതിനാല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗൃഹപാഠം ചെയ്യുന്നതിനും   റഫറന്‍സ് സൗകര്യത്തിനും നന്നേ ബുദ്ധിമുട്ടുന്നതായി  മുമ്പ് കോളനികളില്‍ നടത്തിയ സര്‍വ്വെയില്‍ നിന്നും പഞ്ചായത്ത് അധികൃതര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് എല്ലാത്തരം പുസ്തകങ്ങളെയും  ഉള്‍ക്കൊളളിച്ചുകൊണ്ടാണ് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാരി കോളനിയില്‍ എല്ലാ വൈകുന്നേരങ്ങളിലും അഞ്ച്മുതല്‍  ഏഴു വരെയും  നിരത്തിന്‍തട്ട് കോളനിയില്‍  ആഴ്ചയില്‍  മൂന്ന് ദിവസവുമാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.  നിത്യവൃത്തിക്കുള്ള ജോലി കഴിഞ്ഞാണ് എല്ലാവരും വായനശാലകളിലെത്തുന്നത്. നിരത്തിന്‍തട്ട് കോളനിയില്‍  ഊരുമൂപ്പന്‍ തന്നെയാണ് ലൈബ്രറിയുടെ അമരക്കാരന്‍. സര്‍ക്കാരി കോളനിയില്‍ ലൈബ്രറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഒരു പെണ്‍കുട്ടിയെയും നിയമിച്ചിട്ടുണ്ട്.  കോളനികളുടെ  തിരുമുറ്റത്ത്  വായനയുടെ സര്‍ഗ്ഗവസന്തം തീര്‍ത്തുകൊണ്ട് ഈ ഗ്രന്ഥാലയങ്ങള്‍  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ജീവിതപാഠം പകര്‍ന്ന് നല്‍കുകയാണ്.

ജീവിതം പഠിപ്പിക്കുന്നു; കോളനികളിലെ ഈ ഗ്രന്ഥാലയങ്ങള്‍

ജീവിതം പഠിപ്പിക്കുന്നു; കോളനികളിലെ ഈ ഗ്രന്ഥാലയങ്ങള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia