city-gold-ad-for-blogger
Aster MIMS 10/10/2023

'കമ്മീഷ്ണര്‍' കയറിയപ്പോള്‍ മുഹമ്മദ് കുഞ്ഞിയുടെ ഓട്ടോ ചീറിപാഞ്ഞു

'കമ്മീഷ്ണര്‍' കയറിയപ്പോള്‍ മുഹമ്മദ് കുഞ്ഞിയുടെ ഓട്ടോ ചീറിപാഞ്ഞു
നീലേശ്വരം: നീലേശ്വരം വി എസ് ഓട്ടോസ്റ്റാഡിലെ ഡ്രൈവര്‍ പി വി മുഹമ്മദ്കുഞ്ഞിക്ക് കോരിത്തരിപ്പ് ഇനിയും മാറിയിട്ടില്ല. രാജാവിന്റെ മകന്‍ മുതല്‍ കമ്മീഷണറും ഭരത്ചന്ദ്രന്‍ ഐപിഎസുമടക്കം മലയാളത്തിന്റെ നടന പൗരുഷം തന്റെ ഓട്ടോറിക്ഷയില്‍ അവതരിച്ചതിന്റെ ഞെട്ടലിലും അമ്പരപ്പിലും തന്നെയാണ് മുഹമ്മദ്കുഞ്ഞി.

ഞായറാഴ്ച വൈകിട്ട് 6.15 മണിയോടെ തന്റെ കെ എല്‍ 60 ബി 941 നിഷാനമോള്‍ ഓട്ടോറിക്ഷയില്‍ യാത്രക്കാരെയും കൊണ്ട് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു ചിറപ്പുറം സ്വദേശിയായ മുഹമ്മദ്കുഞ്ഞി. ഇതേസമയം കൊച്ചിയില്‍ നിന്നുള്ള മംഗള എക്‌സ്പ്രസ് നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും. പൊടുന്നനെ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ അപ്രതീക്ഷിതമായി ആരവം ഉയര്‍ന്നു. യാത്രക്കാര്‍ മൊബൈല്‍ ഫോണിലെ ക്യാമറ തുറന്നുപിടിച്ച് ഓടുന്നു. സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ ഇരുകൈകളിലും ലഗേജുമേന്തി നടന്‍ സുരേഷ്‌ഗോപി നടന്നുവന്നു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ട മുഹമ്മദ്കുഞ്ഞിയുടെ ഓട്ടോറിക്ഷയില്‍ ചാടികയറി സുരേഷ്‌ഗോപി സിനിമാസ്റ്റൈലില്‍ തന്നെ പറഞ്ഞു. ''വണ്ടി വിട് നാരായണ'' ഡ്രൈവര്‍ മുഹമ്മദ്കുഞ്ഞി സിനിമയിലെ 'കമ്മീഷ്ണറെ' കണ്ട് ശരിക്കും അമ്പരന്നു.

കൈകള്‍ വിറച്ചു. ഓട്ടോ മുന്നോട്ടെടുക്കാനാവുന്നില്ല. ഡ്രൈവറുടെ അങ്കലാപ്പ് കൗതുകത്തോടെ വീക്ഷിച്ച് സുരേഷ്‌ഗോപി പറഞ്ഞു. ''ബേക്കല്‍ താജ് ഹോട്ടലിലേക്ക് പോണം, പതിയെ പോയാല്‍ മതി. ഗട്ടറില്‍ ഇടരുത്''നിമിഷങ്ങളുടെ അമ്പരപ്പിന് വിട നല്‍കി മുഹമ്മദ്കുഞ്ഞിയും ഓട്ടോയും പറന്നു. തന്റെ ആരാധനാപാത്രത്തെ കയ്യില്‍ കിട്ടിയ സന്തോഷത്തില്‍ ഡ്രൈവര്‍ ഇടക്കിടെ തിരിഞ്ഞുനോക്കിയപ്പോള്‍ 'കമ്മീഷണര്‍' ചൂടായി''താന്‍ മുന്നോട്ട് നോക്കി വണ്ടിയോടിക്ക് നാരായണ''.

നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് 12 കിലോമീറ്റര്‍ 25 മിനുട്ട് പിന്നിട്ടപ്പോള്‍ നടന് സംഘാടകരുടെ വിളിയെത്തി. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ ഓട്ടോ തടഞ്ഞ് ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍ 'കമ്മീഷണറെ കസ്റ്റഡിയിലെടുത്തു'. തിങ്കളാഴ്ച കാഞ്ഞങ്ങാട്ട് നടന്ന സ്റ്റുഡന്റ്‌സ് പോലീസ് സംവാദത്തിനെത്തിയ സുരേഷ്‌ഗോപി ഞായറാഴ്ച കാഞ്ഞങ്ങാട്ട് ഇറങ്ങേണ്ടതിന് പകരം അബദ്ധത്തില്‍ നീലേശ്വരത്ത് ഇറങ്ങിയതായിരുന്നു. ചെറുവത്തൂര്‍ പിന്നിട്ടപ്പോള്‍ അടുത്ത സ്റ്റോപ്പാണ് കാഞ്ഞങ്ങാടെന്ന വണ്ടിയിലെ ടിടിഇ നടനെ ധരിപ്പിച്ചതാണ് സുരേഷ്‌ഗോപിക്ക് വിനയായത്.

തത്സമയം നടനെ സ്വീകരിക്കാന്‍ ഹൊസ്ദുര്‍ഗ് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സേനയും കുട്ടി പോലീസുകാരും നടന്റെ ആരാധകരും കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നു. കാഞ്ഞങ്ങാട് വണ്ടി വന്നുപോയിട്ടും നടനെ കാണാതെ വന്നപ്പോള്‍ സംഘാടകരും അമ്പരന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷ്‌ഗോപി ഓട്ടോറിക്ഷയില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വിട്ട കാര്യം ബോധ്യപ്പെട്ടത്. സൂപ്പര്‍ സ്റ്റാറിനെയും കയറ്റി ഓട്ടോയില്‍ സവാരി നടത്തിയ മുഹമ്മദ്കുഞ്ഞി ഞായറാഴ്ച രാത്രി തന്നെ പ്രദേശത്തും നാട്ടുകാര്‍ക്കും ഹീറോയായി മാറി. പക്ഷെ സുഹൃത്തുക്കളൊന്നും സംഭവം വിശ്വസിക്കാന്‍ ആദ്യഘട്ടത്തില്‍ തയ്യാറായില്ല. വീട്ടിലെത്തി ഭാര്യ സാഹിദയോട് ആവേശത്തോടെ വിവരം പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ഒരു തമാശ എന്ന മട്ടിലായിരുന്നു സാഹിദ. പക്ഷെ കോടീശ്വരന്‍ ചാനല്‍ പരിപാടി സ്ഥിരമായി കണ്ടിരുന്ന മക്കള്‍ മുഫിദയും ജാസിമും തന്നെ വിശ്വസിച്ചതിന്റെ ആഹ്ലാദത്തിലാണ് മുഹമ്മദ്കുഞ്ഞി.

സുരേഷ്‌ഗോപിയെ കുറിച്ച് ചോദിക്കുമ്പോള്‍ മുഹമ്മദ്കുഞ്ഞിക്ക് ആയിരം നാവ്. യുവാവിന്റെ കടുത്ത ആരാധനാപാത്രമാണ് സുരേഷ്‌ഗോപി. കമ്മീഷണര്‍, ഇരുപതാം നൂറ്റാണ്ട്, ഭരത്ചന്ദ്രന്‍ ഐപിഎസ് തുടങ്ങിയ സുരേഷ്‌ഗോപി ചിത്രങ്ങള്‍ എത്ര തവണ കണ്ടു എന്ന് ചോദിച്ചാല്‍ മുഹമ്മദ്കുഞ്ഞിക്ക് എണ്ണമറിയില്ല. തന്റെ സ്വപ്നപാത്രം യാദൃശ്ചികമായി തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ജീവിതത്തിലെ വല്ലാത്തൊരു സംഭവമായി ഈ യുവാവ് മനസില്‍ കൊണ്ടുനടക്കുന്നു.

Keywords: Mohammedkunhi, Autodriver, Nileshwaram, Suresh Gopi, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL