city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരട്ട സഹോദരിമാരില്‍ ഒരാള്‍ എന്‍ഡോസള്‍ഫാന്‍ ഇര; മറ്റൊരാള്‍ വേദനയോടെ കല്ല്യാണ ഒരുക്കത്തില്‍

ഇരട്ട സഹോദരിമാരില്‍ ഒരാള്‍ എന്‍ഡോസള്‍ഫാന്‍ ഇര; മറ്റൊരാള്‍ വേദനയോടെ കല്ല്യാണ ഒരുക്കത്തില്‍
കാഞ്ഞങ്ങാട്: ഇരട്ടസഹോദരിമാരില്‍ ഒരാള്‍ എന്‍ഡോസള്‍ഫാന്‍ ഇര. മറ്റൊരാള്‍ ദുരിത ജീവിതം തള്ളി നീക്കി തീരാ കിടപ്പില്‍. സഹോദരിമാരില്‍ ഒരാളുടെ കല്ല്യാണത്തിന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും കിടപ്പിലായ സഹോദരിയുടെ ദുര്‍വിധി ആ പെണ്‍കുട്ടിയുടെ മനസ് പൊള്ളിക്കുന്നു.

ഉദയപുരം തലകുഞ്ഞിയിലെ വാര്‍പ്പ് തൊഴിലാളിയായ ചൂരിയോടന്‍ തമ്പാന്റെ കുടുംബത്തിലാണ് ഈ ദുര്‍ വിധി. തമ്പാന്റെ മകള്‍ നീമ(21) ശരീര വളര്‍ച്ചയില്ലാതെ ദേഹമാസകലം തളര്‍ന്ന് കിടപ്പിലാണ്.

അതേസമയം സമപ്രായക്കാരിയായ നീമയുടെ സഹോദരി നീനയ്ക്ക് പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയുണ്ട്. രോഗബാധിതയായതിനെ തുടര്‍ന്ന് നീമ അട്ടേങ്ങാനത്തെ അമ്മയുടെ വീട്ടിലാണ് കഴിയുന്നത്. അമ്മ വത്സലയുടെ മാതാവ് ജാനകിയാണ് നീമയെ പരിചരിക്കുന്നത്.

ജന്മനാ തന്നെ അസുഖമുണ്ടായിരുന്നതിനാല്‍ നീമയെ താന്‍ തന്നെ നോക്കി കൊള്ളാമെന്ന് ജാനകി വ്യക്തമാക്കുകയായിരുന്നു. മംഗലാപുരം അടക്കമുള്ള ആശുപത്രികളില്‍ നീമയെ ലക്ഷങ്ങള്‍ ചിലവഴിച്ച് ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും രോഗത്തിന് ശമനമൊന്നുമുണ്ടായില്ല. മംഗലാപുരത്തെ പ്രമുഖ ഡോക്ടറായ ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് കൃഷ്ണമൂര്‍ത്തിയെ കാഞ്ഞങ്ങാട്ടേക്ക് വരുത്തിച്ച് നീമയ്ക്ക് വിദഗ്ധ ചികിത്സ തന്നെ നല്‍കിയിരുന്നു.

ഇരിക്കാനും എഴുന്നേല്‍ക്കാനുമാകാതെ നീമ എപ്പോഴും കിടപ്പില്‍ തന്നെയാണ്. പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും നീമയ്ക്ക് സാധിക്കുന്നില്ല. മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തവണയായി നീമയ്ക്ക് 4,000 രൂപ ലഭിച്ചിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷക്കാലമായി യുവതിക്ക് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള യാതൊരു സഹായവും ലഭിക്കുന്നില്ല.

ജാനകിയുടെ ഭര്‍ത്താവ് കണ്ണന്‍ വാര്‍ദ്ധക്യ സഹജമായ അവശതകളും രോഗവും കാരണം കിടപ്പിലാണ്. കണ്ണനെ പരിചരിക്കേണ്ട ബാധ്യതയും ജാനകിക്ക് തന്നെയാണ്. നീമയുടെ സഹോദരിയായ നീന പെരിയ പോളിടെക്‌നിക്കില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയാണ്. നീനയുടെ വിവാഹം ബന്ധുവായ ജയകുമാറുമായി നിശ്ചയിച്ചിരിക്കുകയാണ്. പഠനം പൂര്‍ത്തിയായി അടുത്ത വര്‍ഷം വിവാഹം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

അച്ഛന്‍ തമ്പാന്‍ വാര്‍പ്പ് ജോലിക്കും അമ്മ വത്സല റബ്ബര്‍ ടാപ്പിങ്ങിനും പോകുന്നതിനെ തുടര്‍ന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് നീമയുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. നീമയ്ക്ക് നീനയെ കൂടാതെ നീതു എന്ന മറ്റൊരു സഹോദരിയും നിവേദ് എന്ന സഹോദരനുമുണ്ട്.

Keywords: Twins, Sister, Endosulfan, Victims, Marriage, Udayapuram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia