TTS | 'കോവിഷീൽഡ് എടുത്തവരിൽ ടിടിഎസ്'! എന്താണ് ഈ അപൂർവ അവസ്ഥ, ഹൃദയാഘാത സാധ്യത വർധിക്കുമോ? ലക്ഷണങ്ങളും അറിയാം
ന്യൂഡെൽഹി: (KasaragodVartha) ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ ഭീമനായ അസ്ട്രാസെനെക്ക തങ്ങളുടെ കോവിഡ് -19 വാക്സിൻ കോവിഷീൽഡ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (TTS) എന്ന അപൂർവ പാർശ്വഫലത്തിന് കാരണമാകുമെന്ന് കോടതിയിൽ സമ്മതിച്ചിരിക്കുകയാണ്. അപൂർവ സന്ദർഭങ്ങളിൽ, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന ഈ അവസ്ഥ സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാം.
കോടതി രേഖകൾ അനുസരിച്ച്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് അസ്ട്രാസെനെക്ക
വികസിപ്പിച്ചതും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ചതുമായ കോവിഷീൽഡ്, അപൂർവ സന്ദർഭങ്ങളിൽ ടിടിഎസ് അവസ്ഥയിലേക്ക് നയിച്ചേക്കാം. കോവിഡ് -19 സമയത്ത് ഈ വാക്സിൻ ഇന്ത്യയിലുടനീളം വലിയ തോതിൽ നൽകപ്പെട്ടു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 175 കോടി ഡോസ് കോവിഷീൽഡ് നൽകിയിട്ടുണ്ട്.
വാക്സിൻ നിരവധി മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമായെന്ന പരാതികളുടെ പേരിൽ അസ്ട്രസെനെക്ക ബ്രിട്ടനിൽ നിരവധി കേസുകൾ നേരിടുന്നുണ്ട്. 2021 ഏപ്രിലിൽ തനിക്ക് വാക്‌സിൻ നൽകിയെന്നും ഇതിലൂടെ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് തലച്ചോറിന് സ്ഥിരമായ ക്ഷതമുണ്ടായെന്നും കാട്ടി ജാമി സ്കോട്ട് എന്നയാളാണ് ആദ്യം പരാതി നൽകിയത്.
എന്താണ് ടിടിഎസ്?
ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം അഥവാ ടിടിഎസ് ശരീരത്തിലെ അസാധാരണമായ സ്ഥലങ്ങളിൽ രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ഒരു അപൂർവ അവസ്ഥയാണ്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ചെറിയ കോശങ്ങളാണ് പ്ലേറ്റ്‌ലെറ്റുകൾ, അതിനാൽ അവ വളരെ കുറയുന്നത് അപകടകരമാണ്.
രക്തം കട്ടപിടിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രോട്ടീനുകളെ ആക്രമിക്കുന്ന ആൻ്റിബോഡികൾ നിർമ്മിക്കുന്നതിലൂടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം വാക്സിനിനോട് പ്രതികരിക്കുന്നതിനാലാണ് ടിടിഎസ് സംഭവിക്കുന്നതെന്നാണ് അനുമാനം. ടിടിഎസ് സമയത്ത്, ശരീരത്തിൽ ഒരേസമയം രണ്ട് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങുമെന്ന് ഡോക്ടർമാർ പറയുന്നു.
ഒന്നാമതായി, ശരീരത്തിൽ രക്തം കട്ടപിടിക്കാൻ തുടങ്ങുന്നു, രണ്ടാമതായി, പ്ലേറ്റ്ലെറ്റുകളുടെ എണ്ണം സാധാരണയേക്കാൾ കുറവായിരിക്കാം. ഹൃദയത്തിൽ രക്തം കട്ടപിടിക്കാൻ തുടങ്ങിയാൽ ഹൃദയാഘാതം പോലെ പല മാരകമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ രക്തം കട്ടപിടിക്കുന്നത് പലപ്പോഴും തലച്ചോറിലും ആമാശയത്തിലും കാണപ്പെടുന്നു. ഇതുമൂലം മസ്തിഷ്ക രക്തസ്രാവവും മസ്തിഷ്കാഘാതവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ടിടിഎസ് ലക്ഷണങ്ങൾ
* സ്ഥിരവും കഠിനവുമായ തലവേദന
* കാഴ്ച മങ്ങൽ
* ശ്വാസതടസം
* നെഞ്ചുവേദന
* കാലുകളിൽ നീര്
* വയറുവേദന
* ഹൃദയാഘാതം
* ആർത്തവ സമയത്ത് അമിത രക്തസ്രാവം
* മൂക്കിൽ നിന്നോ മോണയിൽ നിന്നോ രക്തസ്രാവം
* ചർമ്മത്തിൽ ചുണങ്ങു
ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ടിടിഎസ് എങ്ങനെ ഒഴിവാക്കാം-
ഇടയ്ക്കിടെ സ്വയം പരിശോധിക്കുന്നത് തുടരുക. ദിവസവും വ്യായാമം ചെയ്യുക, സമ്മർദത്തിൽ നിന്ന് അകന്നു നിൽക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി ഒഴിവാക്കുക എന്നിവ പോലുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ടിടിഎസ് വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.