Urinary incontinence | ഗര്‍ഭകാലത്ത് മൂത്രം നിയന്ത്രിക്കാന്‍ കഴിയുന്നില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
* മൂത്രസഞ്ചിയുടെ സങ്കോചം മൂലമാണ് സാധാരണ ഇത് സംഭവിക്കുന്നത്
* ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും പെല്‍വിക് പേശികള്‍ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു
കൊച്ചി: (KasargodVartha) ഗര്‍ഭകാലം എന്നത് ഒരു ഗര്‍ഭിണിയെ സംബന്ധിച്ചിടത്തോളം മാനസികവും ശാരീരികവുമായ ഉന്മേഷം ലഭിക്കേണ്ട സമയമാണ്. കഴിവതും ഈ അവസരങ്ങളില്‍ മാനസിക സമ്മര്‍ദങ്ങളില്ലാതെ നോക്കേണ്ടതാണ്. ഒരു ഗര്‍ഭിണിയെ സംബന്ധിച്ച് ഒരുപാട് പ്രയാസങ്ങളിലൂടെയാണ് പ്രസവം വരെയുള്ള ഒമ്പതുമാസക്കാലം കടന്നുപോകുന്നത്.
ശരീരത്തിന് അവിശ്വസനീയമായ പരിവര്‍ത്തന സമയമാണ് ഇത്. ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന ഒരു ശാരീരിക ബുദ്ധിമുട്ടാണ് മൂത്രശങ്ക. ഗര്‍ഭകാലത്തിന്റെ ആദ്യനാളുകളിലാണ് മൂത്രശങ്ക അനുഭവപ്പെടുന്നത്. പിന്നീട് മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുന്നു. അതായത് തുടര്‍ച്ചയായി മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസ്ഥ.
ശാരീരികമായ പല ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്നാണ് ഇത്. ഇത് ഗര്‍ഭിണികളുടെ ജീവിതശൈലിയെ തന്നെ ബാധിക്കുന്നു. ഗര്‍ഭകാലം അടുത്തുവരുന്നതിന് അനുസരിച്ച് ഇത് തീവ്രമാകുന്നു. ഏകദേശം 54.3% ഗര്‍ഭിണികളും ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
* മൂത്ര നിയന്ത്രണമില്ലായ്മ പലതരം
മൂത്രസഞ്ചിയിലേക്ക് ശാരീരിക സമ്മര്‍ദം കൊടുക്കുന്നത് മൂലം മൂത്രം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ അടിയന്തര അജിതേന്ദ്രിയത്വം എന്നത് മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെ അടിയന്തരമായി ഉള്ള സാഹചര്യത്തില്‍ സംഭവിക്കുന്നതാണ്. ഇത് സാധാരണ മൂത്രസഞ്ചിയുടെ സങ്കോചം മൂലമാണ് സംഭവിക്കുന്നത്. സമ്മിശ്ര അജിതേന്ദ്രിയത്വം എന്നത് സമ്മര്‍ദവും അത്യാവശ്യവും മൂലമുണ്ടാകുന്ന മൂത്രശങ്കയാണ്. താല്‍ക്കാലിക അജിതേന്ദ്രിയത്വം എന്നത് മരുന്ന്, അണുബാധ, അല്ലെങ്കില്‍ മലബന്ധം പോലുള്ള താല്‍ക്കാലിക കാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്.
* കാരണങ്ങള്‍
മൂത്രസഞ്ചി പെല്‍വിക് ഫ്ലോറിലാണ് ഇരിക്കുന്നത്. ദിവസം മുഴുവന്‍ മൂത്രം സംഭരിക്കുകയും മൂത്രമൊഴിക്കുമ്പോള്‍ അത് റിലാക്സ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും ഈ പെല്‍വിക് പേശികള്‍ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു. അതായത് ഇവ കൂടുതല്‍ ദുര്‍ബലമാകുന്നു. അപ്പോള്‍ ആന്തരിക അവയവങ്ങളായ മൂത്രസഞ്ചിക്ക് കൂടുതല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ കഴിയാതെ വരികയും അതിന്റെ ഫലമായി മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെയും വരുന്നു.
* സാധാരണ കാരണങ്ങള്‍
ഇത്തരം അവസ്ഥയ്ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് സമ്മര്‍ദം. ചിരിക്കുകയോ, തുമ്മുകയോ, വ്യായാമം ചെയ്യുമ്പോഴോ ഒക്കെ മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെ വരാം. ഇത്തരത്തിലുള്ള ശാരീരിക സമ്മര്‍ദങ്ങള്‍ മൂത്രസഞ്ചിക്ക് അധിക സമ്മര്‍ദം കൊടുക്കുന്നു. കൂടാതെ കുഞ്ഞു വളരുന്നതനുസരിച്ചു കുഞ്ഞും മൂത്രസഞ്ചിയിലേക്ക് സമ്മര്‍ദം കൊടുക്കുന്നു. ഇവ രണ്ടും മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കും.
* ഹോര്‍മോണ്‍
ഗര്‍ഭകാലം ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ നാളുകള്‍ കൂടിയാണ്. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനം മൂത്ര നാളിയുടെയും മൂത്ര സഞ്ചിയുടെയും പാളികളെ സാരമായി ബാധിക്കും. ഇതും മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കും. ഇത് കൂടാതെ പ്രമേഹം, ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകള്‍ മൂത്രം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
* മൂത്രനാളിയിലെ അണുബാധകള്‍
ഗര്‍ഭകാലത്തു പല സ്ത്രീകള്‍ക്കും മൂത്രാശയ അണുബാധ ഉണ്ടാകാറുണ്ട്. ഇതില്‍ 30 -40 % സ്ത്രീകളും ഇവ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടാകില്ല. ഇത്തരത്തില്‍ നിലനില്‍ക്കുന്ന അണുബാധ മൂത്ര നിയന്ത്രണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
പരിഹാരം എന്തൊക്കെയെന്ന് നോക്കാം:
* കെഗെല്‍ വ്യായാമം
പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളാണ് ഇത്. ഗര്‍ഭാവസ്ഥയിലും, പ്രസവത്തിനു മുന്‍പും ശേഷവുമെല്ലാം ചെയ്യാവുന്ന മികച്ച വ്യായാമങ്ങളാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മൂത്രം നിയന്ത്രിക്കാനുള്ള കഴിവ് ഇതുവഴി നേടിയെടുക്കാന്‍ സാധിക്കും. മൂത്രസഞ്ചി വരുന്ന പേശികളെ 10 സെകന്‍ഡോളം പിടിച്ചുനിര്‍ത്തുകയും റിലാക്സ് ചെയ്യുകയും ചെയ്യുന്ന വ്യായാമമാണിത്. ദിവസവും 5 സെറ്റ് കെഗെല്‍ വ്യായാമം ചെയ്യേണ്ടതുണ്ട്.
* ബ്ലാഡര്‍ ഡയറി തയാറാക്കുക
യാത്രയ്ക്കിടെയിലോ മറ്റ് സന്ദര്‍ഭങ്ങളിലോ എപ്പോഴാണ് കൂടുതല്‍ മൂത്രം പോകുന്നതെന്ന് കുറിച്ച് വയ്ക്കുക. ബ്ലാഡര്‍ റീട്രെയിനിങ്ങിന്റെ ആദ്യപടിയാണിത്. ബ്ലാഡറിനെ കൂടുതല്‍ സമയം മൂത്രം പിടിച്ചു വയ്ക്കാന്‍ അല്ലെങ്കില്‍ നിയന്ത്രിക്കാനുള്ള ശേഷി കൈവരിക്കലാണ് ഇതിന്റെ ഉദ്ദേശം.
* കഫീന്‍/ കാര്‍ബണേറ്റ് പാനീയങ്ങള്‍ ഒഴിവാക്കുക
കോഫി, ചായ, കാര്‍ബണേറ്റ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ കൂടുതല്‍ മൂത്രശങ്ക ഉണ്ടാക്കും അതുകൊണ്ടാണ് ഒഴിവാക്കാന്‍ പറയുന്നത്. ഇതിന് പ്രതിവിധിയായി ധാരാളം വെള്ളം കുടിക്കുക, അല്ലെങ്കില്‍ കാര്‍ബണേറ്റ് അല്ലാത്ത പാനീയങ്ങള്‍ ശീലമാക്കുക. രാത്രിയില്‍ പാനീയങ്ങള്‍ ഒഴിവാക്കുക. കാരണം കൂടുതല്‍ തവണ മൂത്രം ഒഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വരും.
* നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലിക്കുക
മലബന്ധം അകറ്റാനായി ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. മലബന്ധം പെല്‍വിക് പേശികളിലേക്ക് കൂടുതല്‍ സമ്മര്‍ദം ചെലുത്തും. ഇത് മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാക്കും. അതിനാല്‍ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.