Diabetes | പുതിനയില നിത്യജീവിതത്തിലെ ഭക്ഷണത്തില്‍ ഉള്‍പെടുത്തൂ; രക്തത്തിലെ പഞ്ചസാര ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിര്‍ത്താം
*ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയ്ക്കെതിരെ പോരാടാന്‍ സഹായിക്കും
*ടൈപ് 1 രോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ടി വരും
*ടൈപ് 2 പ്രമേഹത്തെ ഭക്ഷണമാറ്റം കൊണ്ട് ഫലപ്രദമായി നേരിടാനാകും
കൊച്ചി: (KasargodVartha) ശരീരത്തിലെ ഗ്ലൂകോസിന്റെ സഞ്ചാരത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇതുല്‍പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിന് ആവശ്യമുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുകയോ (ടൈപ് 1) ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ (ടൈപ്2) ചെയ്യുന്നതിനെ പ്രമേഹം എന്നു പറയുന്നു. അതായത് രക്തത്തിലെ പഞ്ചസാര വളരെ ഉയര്‍ന്നതായിരിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം.
ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തപ്പോള്‍ പാന്‍ക്രിയാസ് ഗ്രന്ഥി വികസിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നു. കാലക്രമേണ, ഇത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഞരമ്പുകള്‍ക്കും രക്തക്കുഴലുകള്‍ക്കും നാശമുണ്ടാക്കുന്നു. ടൈപ് 1 രോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ടി വരുമെന്നും ടൈപ് 2 പ്രമേഹത്തെ ഭക്ഷണമാറ്റം കൊണ്ട് ഫലപ്രദമായി നേരിടാനാകുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം പ്രമേഹം നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ പോര, അവ കഴിക്കുന്ന സമയത്തിലും ശ്രദ്ധ വേണം. ഭക്ഷണ സമയം ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാര(ഗ്ലൂകോസ്)യുടെ അളവിനെ സ്വാധീനിക്കാം. സമയം തെറ്റിയുള്ള പ്രഭാതഭക്ഷണം ഗ്ലൂകോസിന്റെ അളവിനെ ബാധിക്കുകയും കാലക്രമേണ നിരവധി പ്രമേഹ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും ഉയര്‍ന്നിരിക്കുന്ന സമയമായതിനാല്‍ പ്രമേഹമുള്ളവര്‍ നേരത്തെ തന്നെ പ്രഭാതഭക്ഷണം കഴിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു. എഴുന്നേറ്റ ഉടന്‍ തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിന് ഇടയാക്കും.
ഉറക്കമുണര്‍ന്ന് ഒന്നോ രണ്ടോ മണിക്കൂറിനുശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഈ സമയത്ത് കഴിക്കുന്നത് പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കുന്നു. രാവിലെ 8.30-ന് മുമ്പ് പ്രഭാതഭക്ഷണം കഴിച്ചാല്‍, ടൈപ്-2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാമെന്ന് ഒരു പഠനം പറഞ്ഞിരുന്നു. 8.30-ന് മുമ്പ് ഭക്ഷണം കഴിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ഇന്‍സുലിന്‍ പ്രതിരോധം കുറയുകയും ചെയ്തുവെന്നും ഇത് ടൈപ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിച്ചുവെന്നും പഠനത്തില്‍ കണ്ടെത്തി.
ഭക്ഷണത്തില്‍ പുതിനയില ഉള്‍പെടുത്തുന്നത് പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാര ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പുതിനയിലയില്‍ വിറ്റാമിനുകള്‍ എ, സി തുടങ്ങിയ പോഷകങ്ങളും കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ പുതിന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത് ദഹനത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
പുതിനയില്‍ റോസ്മാരിനിക് ആസിഡും ഫ്‌ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ഗ്ലൂകോസ് ആഗിരണം കുറയ്ക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പുതിനയുടെ ആന്റി -ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ പ്രമേഹ സങ്കീര്‍ണതകളുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല, വൈറ്റമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകളാല്‍ പുതിനയില സമ്പന്നമാണ്. ഇത് പ്രമേഹ രോഗികളിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് ഭക്ഷണക്രമ നിയന്ത്രണ വിദഗ്ധര്‍ പറയുന്നു.