Fever | കുട്ടികൾക്ക് പനി വന്നാൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ; വിശദീകരിച്ച് പ്രമുഖ ശിശുരോഗ വിദഗ്ധൻ
വെറുതെ അനാവശ്യ പരിശോധനകൾ ചെയ്യാതിരിക്കുക
കാസർകോട്: (KasaragodVartha) പനി അടക്കമുള്ള കുട്ടികളെ ബാധിക്കുന്ന അസുഖങ്ങൾ മാതാപിതാക്കൾക്ക് വളരെയധികം വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ഉണ്ടാക്കാറുണ്ട്. കുട്ടിക്ക് അസുഖം വരുമ്പോൾ അവരെ പരിചരിക്കുക, അവരുടെ വേദനകൾക്ക് ആശ്വാസം നൽകുക, അതോടൊപ്പം ജോലിയും വീട്ടുജോലികളും കൈകാര്യം ചെയ്യുക എന്നിവ മാതാപിതാക്കൾക്ക് വെല്ലുവിളി നിറഞ്ഞ കാര്യങ്ങളാണ്.
കുട്ടികളിൽ പനി സാധാരണയായി കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. വൈറൽ അണുബാധകൾ, ബാക്ടീരിയ അണുബാധകൾ, മറ്റ് രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിന് കാരണമാകാം. പനി ചിലപ്പോൾ ഗുരുതരമായ അസുഖത്തിന്റെ ലക്ഷണമാകാം. മറ്റുചിലപ്പോൾ അതൊരു പ്രശ്‌നമാകാറില്ല. അതിനാൽ, കുട്ടിക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
കുട്ടികൾക്ക് പനി വന്നാൽ മാതാപിതാക്കൾ മറക്കരുതാത്ത 5 കാര്യങ്ങൾ
കുട്ടിക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് പ്രമുഖ ശിശുരോഗ വിദഗ്ധനും ഇൻഡ്യാന ഹോസ്പിറ്റലിലെ കൺസൽടൻറ് പീഡിയാട്രീഷ്യനുമായ ഡോ. മിഥുൻ മാധവ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
1. 104 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ശരീര താപനില ഉണ്ടെങ്കിൽ അത് പനി ആയി കണക്കാക്കാം.
2 . കുട്ടിക്ക് പനി വരുന്ന സമയത്ത് വീട്ടിൽ പാരസെറ്റമോൾ ഉണ്ടെങ്കിൽ നിർദേശപ്രകാരമുള്ള അളവിൽ അത് കൊടുക്കാം. പാരസെറ്റമോൾ കൊടുത്താൽ കുറയുന്ന പനിയാണെങ്കിൽ, കുട്ടി പനി ഇല്ലാത്ത സമയത്ത് ആക്റ്റീവ് ആയി നിൽക്കുന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ ദിവസം കാത്തിരിക്കുന്നതിൽ കുഴപ്പമില്ല.
3 . കുട്ടിക്ക് ഭയങ്കര ക്ഷീണം, മൂന്ന് മാസത്തിൽ താഴെ പ്രായം, പാരസെറ്റമോൾ കൊടുത്തിട്ടും തുടരുന്ന പനി, കുട്ടിക്ക് കടുത്ത ശ്വാസം മട്ട്, അപസ്മാരം, വയറുവേദന, നിർത്താൻ പറ്റാത്ത ഛർദി, വയറിളക്കം പോലെയുള്ള അസുഖങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടണം.
4. വെറുതെ അനാവശ്യ പരിശോധനകൾ ചെയ്യാതിരിക്കുക. ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ മാത്രം നടത്തുക. ആന്റിബയോടിക് ഡോക്‌ടർ നിർദേശിച്ചിട്ടുണ്ടെങ്കിൽ മാത്രം കുട്ടിക്ക് കൊടുക്കുക
5. അപസ്മാരം വരികയാണെങ്കിൽ കുട്ടിയെ ഉറച്ച പ്രതലത്തിൽ കിടത്തി ഇടതുഭാഗത്തേക്ക് ചെരിച്ചുവെച്ച് ഉടൻ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക.