Gulf Visa | ഒരൊറ്റ വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം! വരുന്നു ഏകീകൃത ടൂറിസ്റ്റ് വിസ
യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ രാജ്യങ്ങൾ സന്ദർശിക്കാം
ദുബൈ: (KasaragodVartha) ഒരൊറ്റ വിസയിൽ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നീ ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാവുന്ന പുതിയ ടൂറിസ്റ്റ് വിസ വരുന്നു. 'ജിസിസി ഗ്രാൻഡ് ടൂർസ്' (GCC Grand Tours) എന്നാണ് ഇത് അറിയപ്പെടുക. യാത്രക്കാർക്ക് ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാനും മേഖലയിൽ 30 ദിവസത്തിലധികം ചിലവഴിക്കാനും കഴിയുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
യാത്രാ നടപടികൾ ലളിതമാക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തിൽ, ആറ് രാജ്യങ്ങളും സന്ദർശിക്കാൻ യാത്രക്കാർക്ക് അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് സഹകരണ കൗൺസിൽ പച്ചക്കൊടി കാട്ടിയതായി അദ്ദേഹം പറഞ്ഞു. ഇത് മേഖലയിലെ പ്രവർത്തനങ്ങളും തൊഴിലവസരങ്ങളും വർധിപ്പിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ജിസിസി ഏകീകൃത വിസ എപ്പോൾ മുതൽ നിലവിൽ വരുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും, അറേബ്യൻ ട്രാവൽ മാർക്കറ്റ് സമ്മേളനത്തിൽ സംസാരിച്ച ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റിയുടെ (SCTDA) ഖാലിദ് ജാസിം അൽ മിദ്ഫ ഈ വർഷാവസാനത്തോടെ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മേഖലയ്ക്ക് വലിയ ടൂറിസം സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരൊറ്റ വിസയിൽ 27 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയാവുന്ന യൂറോപ്പിന്റെ ഷെങ്കൻ വിസ മാതൃകയിലാണ് ഗൾഫ് രാജ്യങ്ങളുടെ പുതിയ വിസയെന്നാണ് സൂചന.