Labor Disputes | സഊദി അറേബ്യയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ഫയല്‍ ചെയ്യാം
*ആദ്യ സെഷന്‍ കഴിഞ്ഞ് 21 ദിവസത്തിനകം ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍, കേസ് ഇലക്ട്രോണിക് രീതിയില്‍ സമര്‍പിക്കണം.
*സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിന്നാണ് ആദ്യ ശ്രമം ഉണ്ടാവുക.
*എല്ലാ കക്ഷികള്‍ക്കും വാദം കേള്‍ക്കല്‍ തീയതിയുടെ വിശദാംശങ്ങള്‍ അറിയിക്കുന്ന സന്ദേശങ്ങളും അയയ്ക്കും.
ജിദ്ദ: (KasargodVartha) തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ തര്‍ക്കങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പിക്കാം. ആദ്യഘട്ടത്തില്‍ തന്നെ തൊഴില്‍ തര്‍ക്കങ്ങള്‍ സൗഹാര്‍ദപരമായി പരിഹരിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനം സാധ്യമാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD) അറിയിച്ചു. ആദ്യ സെഷന്‍ കഴിഞ്ഞ് 21 ദിവസത്തിനകം ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍, ലേബര്‍ ഓഫീസുകള്‍ ഇലക്ട്രോണിക് രീതിയില്‍ കേസ് ലേബര്‍ കോടതികളില്‍ സമര്‍പിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടര്‍ന്നുള്ള കേസിന്റെ സ്റ്റാറ്റസ് ഇരുകക്ഷികള്‍ക്കും ഓടോമാറ്റിക് മെസേജായി ലഭിക്കുന്നതായിരിക്കും.
കേസുകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പിക്കുന്നതിനും കേസിന്റെ ഔപചാരികവല്‍ക്കരണം അവലോകനം ചെയ്യുന്നതിനുള്ള സേവനം ഉള്‍പെടെയുള്ള സൗഹൃദ സെറ്റില്‍മെന്റ് സേവനങ്ങള്‍ മന്ത്രാലയം അതിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പൂര്‍ണമായും ഓടോമാറ്റികാക്കി. വാദം കേള്‍ക്കുന്ന തീയതിക്ക് മുമ്പായി കേസിന്റെ വിശദാംശങ്ങള്‍ കാണാന്‍ വാദിയെയും പ്രതിയെയും പ്രാപ്തരാക്കുന്ന സംവിധാനമാണിത്. അനുരഞ്ജന സെഷനുകള്‍ നടത്താനും ഇത് അനുവദിക്കുന്നു.
സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിനാണ് ആദ്യശ്രമം ഉണ്ടാവുക. അത് നടന്നില്ലെമെങ്കില്‍ ഇരുകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന സൗഹാര്‍ദപരമായ പരിഹാരത്തില്‍ എത്തിച്ചേരാന്‍ മധ്യസ്ഥത നടത്തും. അതിലും പരിഹാരമായില്ലെങ്കില്‍ കേസ് തീയതി മുതല്‍ 21 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലേബര്‍ കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യും.
തൊഴില്‍ കരാറുകള്‍, വേതനം, അവകാശങ്ങള്‍, തൊഴില്‍ പരിക്കുകള്‍, നഷ്ടപരിഹാരം, പിരിച്ചുവിടല്‍, തൊഴിലാളിയുടെ മേല്‍ അച്ചടക്ക പിഴ ചുമത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്ക വ്യവഹാരങ്ങള്‍ സ്വീകരിക്കുന്നതില്‍ മന്ത്രാലയത്തിന്റെ ഫ്രണ്ട്ലി സെറ്റില്‍മെന്റ് വിഭാഗം പ്രത്യേകം ശ്രദ്ധിക്കും. തൊഴില്‍ സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള ലേബര്‍ ഓഫീസിലും കേസ് ഉള്‍പെടുന്ന സെറ്റില്‍മെന്റ് ഓഫീസിലും സേവനം ലഭ്യമാകും. വ്യവഹാരം സ്വീകരിച്ചാല്‍ ഉള്‍പെട്ട എല്ലാ കക്ഷികള്‍ക്കും ടെക്സ്റ്റ് സന്ദേശങ്ങളും ഇ-മെയിലുകളും അയയ്ക്കും. കേസിലെ എല്ലാ കക്ഷികള്‍ക്കും വാദം കേള്‍ക്കല്‍ തീയതിയുടെ വിശദാംശങ്ങള്‍ അറിയിക്കുന്ന സന്ദേശങ്ങളും അയയ്ക്കും.
എന്നിരുന്നാലും, ഇരുകക്ഷികളും ഒത്തുതീര്‍പ്പില്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍, സെറ്റില്‍മെന്റിന്റെ മിനിറ്റ്‌സ് തയ്യാറാക്കി ക്ലെയിം സേവനത്തിലൂടെ അവ ലഭ്യമാക്കും. ഒരു കരാറും ഇല്ലെങ്കില്‍, കേസ് രണ്ടാം സെഷനുശേഷം ലേബര്‍ കോടതികളിലേക്ക് മാറ്റും. സെഷനുകളുടെ തീയതികള്‍ നീതിന്യായ മന്ത്രാലയം പിന്നീട് തീരുമാനിക്കുകയും ഒത്തുതീര്‍പ്പ് വിഭാഗത്തില്‍ കേസ് അവസാനിച്ചതായി കണക്കാക്കുകയും ചെയ്യും.
എന്നാല്‍ കേസ് വിളിക്കുമ്പോള്‍ പരാതിക്കാരന്‍ ഹാജരാകുന്നതില്‍ പരാജയപ്പെട്ടാല്‍, കേസ് മാറ്റിവെക്കും. ശേഷം 21 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഇതേ കേസ് അദ്ദേഹത്തിന് വീണ്ടും തുറക്കാന്‍ അവകാശമുണ്ട്. പ്രതി ആദ്യ സെഷനില്‍ ഹാജരാകാത്ത സാഹചര്യത്തില്‍, മന്ത്രാലയവുമായുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും മറ്റൊരു സെഷന്റെ തീയതി നിശ്ചയിക്കുകയും ചെയ്യും.
ഇതിനിടെ പ്രതിയുടെ അഭാവം ആവര്‍ത്തിച്ചാല്‍, നിലവിലെ തൊഴിലുടമയുടെ (പ്രതി) സമ്മതമില്ലാതെ തൊഴിലാളിക്ക് തന്റെ സേവനങ്ങള്‍ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാന്‍ കഴിയും. കൂടാതെ കേസ് ലേബര്‍ കോടതികളിലേക്ക് റഫര്‍ ചെയ്യപ്പെടുകയും ചെയ്യും.