Memories | ഖത്തർ സാലിച്ച എന്ന ബേക്കലക്കാരൻ; പത്തേമ്മാരി കയറി വന്ന് കൊയ്തെടുത്തത് നേട്ടങ്ങളുടെ പൊന്‍കതിരുകള്‍
നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും കൊണ്ട് ജീവിത വിജയത്തിന്റെ പടികള്‍ ഓരോന്നായി കയറി
Memories | ഖത്തർ സാലിച്ച എന്ന ബേക്കലക്കാരൻ; പത്തേമ്മാരി കയറി വന്ന് കൊയ്തെടുത്തത് നേട്ടങ്ങളുടെ പൊന്‍കതിരുകള്‍
ഗഫൂർ ബേക്കൽ
(KasaragodVartha) 1971ലാണ് കൗമാരം കടക്കുന്നതിനു മുമ്പ് ആ ചെറുപ്പക്കാരന്‍ അറബിക്കടല്‍ (Arabian Sea) കടന്നത്. ഗുജറാത്തിലെ (Gujarat) കച്ചില്‍ നിന്നും ഖോര്‍ ഫുഖാനിലേക്ക് (Khor Fakkan) വരികയായിരുന്ന ഒരു പത്തേമാരിയില്‍ ഖോര്‍ ഫുഖനില്‍ ഇറങ്ങിയ ആ ചെറുപ്പക്കാരന്‍ അവിടെ നിന്നും ഷാര്‍ജയിലെത്തി (Sharjah). അവിടെ കുറച്ചു ദിവസം അലഞ്ഞു തിരിഞ്ഞെങ്കിലും ഒന്നും ശരിയായില്ല. അപ്പോഴാണ് ആരോ പറഞ്ഞത് തൊട്ടടുത്ത ഖത്തര്‍ (Qatar) ആണ് ജോലിക്ക് നല്ലത് എന്ന്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ ആത്മധൈര്യമായിരുന്നു സാലിച്ചാക്ക്.
ഒട്ടും മടിക്കാതെ ആ ചെറുപ്പക്കാരന്‍ വേറെ ഒരു ചരക്കു ഉരുവില്‍ കയറി ഖത്തറിന്റെ തീരത്തണഞ്ഞു. മണല്‍ കോച്ചുന്ന ഡിസംബര്‍ മാസത്തിന്റെ കുളിരിലേക്കു പായക്കപ്പലിറങ്ങിയ ആ കൗമാരക്കാരന്റെ മനസ്സില്‍ നിറയെ സ്വപ്നങ്ങളും ആത്മവിശ്വാസവും അലയടിക്കുകയായിരുന്നു. ഉടുപ്പില്‍ തുന്നിച്ചേര്‍ക്കാന്‍ ഉന്നത വിദ്യാഭ്യാസ ബിരുദങ്ങളുടെ ഉടയാടകളോ ബിസിനസില്‍ മുതല്‍ മുടക്കാന്‍ കയ്യില്‍ കാശോ ഉണ്ടായിരുന്നില്ല ആ ചെറുപ്പക്കാരന്റെ കയ്യില്‍.
എങ്ങനെയോ അന്നത്തെ ബ്രിട്ടീഷ് ബാങ്കില്‍ (British Bank) ഒരു ജോലി (Job) ഒപ്പിച്ചു. വലിയ തിരക്കുകള്‍ ഇല്ലാത്ത ആ ജോലിക്കിടയിലും, ജോലി സമയം കഴിഞ്ഞും, കിട്ടിയ സമയം മുഴുവനും കഠിനാധ്വാനിയും ബിസിനസില്‍ (Business) താലപര്യവും ഉണ്ടായിരുന്ന സാലിച്ച ഒരു അവസരമായെടുത്തു. തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള സുവര്‍ണാവസരം. ദോഹയിൽ റീട്ടെയില്‍ ഷോപ്പുകള്‍ അധികം ഇല്ലാതിരുന്ന ആ കാലത്ത് മൊത്തക്കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചു സഹപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും വിറ്റു തുടങ്ങിയാണ് തുടക്കം.
പിന്നെ ആഴ്ചതോറുമുള്ള അവധി ദിവസങ്ങള്‍ ദുബായില്‍ പോയി ഖത്തറില്‍ അന്ന് ലഭിക്കാത്ത സാധനങ്ങള്‍ ഒക്കെ വാങ്ങി ക്കൊണ്ടു വന്നു ഷോപ്പുകള്‍ക്കും മറ്റും വിറ്റ് ബിസിനസിന്റെ ആദ്യ പടവുകള്‍ കയറിത്തുടങ്ങിയ ആ ചെറുപ്പക്കാരന്‍ തന്റെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും കൊണ്ട് ജീവിത വിജയത്തിന്റെ പടികള്‍ ഓരോന്നായി കയറിത്തുടങ്ങി. അന്നത്തെ ആ കൗമാരക്കാരന്‍ ഇന്ന് ഖത്തറിലെ അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ്. അദ്ദേഹത്തിന്‍റെ വ്യാപാരബന്ധങ്ങള്‍ കടലേഴും കടന്നു ജപ്പാന്‍ മുതല്‍ ഇംഗ്ലണ്ട് വരെ വ്യാപിച്ചു കിടക്കുന്നു. 1500-ലധികം ജീവനക്കാർ ജോലി ചെയ്യുന്നു.
നിരന്തരവും കഠിനവുമായ അധ്വാനത്തിലൂടെ, സത്യസന്ധമായ ഇടപാടുകളിലൂടെ, ദൃഢനിശ്ചയത്തോടെ മുന്നേറിയാല്‍ ജീവിത വിജയവും സ്വപ്ന സാക്ഷാത്ക്കാരവും സാധ്യമാണെന്ന ലോകതത്വത്തിനു അനുഭവ സാക്ഷ്യമാണ് നിറയെ സ്വപ്നങ്ങളുമായി പത്തേമ്മാരി കയറി വന്ന് നേട്ടങ്ങളുടെ പൊന്‍കതിരുകള്‍ കൊയ്തെടുത്ത ഈ ബേക്കല്‍കാരന്‍. തനി കാസര്‍ക്കോടന്‍ മലയാളം മാത്രം സംസാരിക്കുന്ന ഈ ബേക്കലുകാരനോട് കലര്‍പ്പില്ലാത്ത ജീവിത വിജയത്തെക്കുറിച്ച് ചോദിച്ചാല്‍ പറയാന്‍ ഒറ്റ ഉത്തരമേയുള്ളൂ, 'എല്ലാം സൃഷ്ടാവിന്റെ വേണ്ടുക' മാത്രം.
പള്ളിക്കായാലും പാർട്ടിക്കായാലും പാവങ്ങൾക്കായാലും വാരി കോരി കൊടുക്കാൻ സാലിച്ചക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല പക്ഷെ ഇന്ന് കാണുന്ന പോലെ ഞാൻ കൊടുക്കുന്നത് നാലാൾ അറിയണമെന്ന് വിചാരിക്കുന്ന അഭിനവ പ്രാഞ്ചിമാരുടെ കൂട്ടത്തിൽ അല്ലായിരുന്നു അദ്ദേഹം. വലതു കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുതെന്ന് സാലിച്ചാക്ക് നിർബന്ധം ഉണ്ടായിരുന്നു. വീട് ഇല്ലാത്തവർക്ക് വീട് കൊടുത്തും ആരോരുമില്ലാത്തവർക്ക് താങ്ങായും തണലായും സാലിച്ച എന്നും മുന്നിലുണ്ടായിരുന്നു
ഒരു പച്ചയായ മനുഷ്യന്റെ സഹജമായ പട്ടാങ്ങത്തരം കൊണ്ടും, ഡിപ്ലോമസി എന്ന കപടമുഖം മൂടി അണിയാന്‍ അറിയാത്തത് കൊണ്ടും എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായത് കൊണ്ടും പലര്‍ക്കും അദ്ദേഹം ഒരു പരുക്കനാണെന്ന തോന്നലുണ്ടാക്കും. പക്ഷെ പുറമേക്ക് കാണുന്ന ആ പരുക്കന്‍ ധാരണ അടുത്തു പെരുമാറിക്കഴിയുമ്പോള്‍ പതുക്കെപ്പതുക്കെ അലിഞ്ഞലിഞ്ഞില്ലാതെയാകും.
തരളമായ മനസും സരളമായ സ്വഭാവവുമാണ് അദ്ദേഹത്തിന്റേത് എന്ന് അദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവരും സമ്മതിക്കും. ഒരു പക്ഷെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയത് കൊണ്ടു കൂടിയാവാം ഈ പരുക്കന്‍ രീതി. നിര്‍മലമായ ആ സ്വഭാവം കൊണ്ട് തന്നെയാകണം അടുത്ത സുഹൃത്തുക്കള്‍ പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഇത്രമേല്‍ സ്നേഹിക്കുന്നത്.