Obituary | വ്യാപാര പ്രമുഖൻ ബേക്കൽ സ്വാലിഹ് ഹാജി ഖത്വറിൽ നിര്യാതനായി;
ദോഹ: (KasargodVartha) സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വ്യാപാര പ്രമുഖൻ ബേക്കലിലെ സ്വാലിഹ് ഹാജി (74) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലർച്ചെ ദോഹയിലെ ഹമദ് ആശുപത്രിയിൽ വച്ചാണ് വിടവാങ്ങിയത്. രാജ്യത്തെ ആദ്യകാല പ്രവാസികളിൽ ഒരാളായാണ് സ്വാലിഹ് ഹാജി അറിയപ്പെടുന്നത്.
യുവത്വത്തിൽ തന്നെ അദ്ദേഹം ഖത്വറിലെത്തി. സ്വപ്രയത്നത്തിലൂടെ പിന്നീട് സ്വന്തമായി വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചു. വൈകാതെ തന്നെ പ്രമുഖ വസ്ത്ര വ്യാപാരികളിൽ ഒരാളായി മാറി. ബോംബെ സിൽക്‌സ്, ലെക്സസ് ടൈലറിംങ്, സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപർമാർകറ്റ്, ദാന സെന്‍റർ എന്നീ സ്ഥാപങ്ങളുടെ ചെയർമാൻ ആയിരുന്നു.
കഴിഞ്ഞ 54 വർഷമായി വ്യാപാരത്തിനൊപ്പം സാമൂഹിക സേവനത്തിലും സ്വാലിഹ് ഹാജി സജീവമായിരുന്നു. ഖത്വറിലെ മലയാളി സമൂഹത്തിന്റെ നേതാവും സംഘടനാ പ്രവർത്തകനുമായി വളർന്നു. വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകി. വീട് നിർമിച്ച് നൽകിയും മറ്റും അശരണർക്ക് തണലായിരുന്നു. മുസ്ലിം ലീഗിന്റെ ബൈതു റഹ്‌മ പദ്ധതിയുമായും സഹകരിച്ചിരുന്നു.
കെഎംസിസി കാസർകോട് ജില്ല പ്രസിഡന്‍റ്, സംസ്ഥാന ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: യു വി മുംതാസ്. ജാഫ്നത് ഏകമകളാണ്. മരുമകൻ: മുഹമ്മദ് സമീർ ബദ്‌റുദ്ദീൻ. ഞായറാഴ്ച വൈകീട്ട് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ദോഹയിലെ അബൂഹമൂർ മസ്‌ജിദിൽ മയ്യിത് നിസ്‌കാരവും തുടർന്ന് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കവും നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.