Cannes | കാനില്‍ തിളങ്ങി മലയാളി താരങ്ങള്‍; അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഒപ്പം ഹൃദ്ധു ഹാറൂണും
*താരങ്ങളുടെ ഔട്ഫിറ്റും കാനിലെ ചിത്രങ്ങളും വൈറല്‍.
*30 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശിപ്പിച്ച ഇന്‍ഡ്യന്‍ സിനിമയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'.
*പ്രഭ എന്ന നഴ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്.
*സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ 8 മിനിറ്റോളമാണ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത്.
ന്യൂഡെല്‍ഹി: (KasargodVartha) അടുത്തിടെ ഇറങ്ങിയ സൂപെര്‍ ഹിറ്റായ മലയാള സിനിമകളിലെല്ലാം സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നു. ഇങ്ങനെയൊരു വേര്‍തിരിവിന്റെ നിരീക്ഷണം ശക്തമാകുന്നതിനിടെ, കാന്‍ ചലച്ചിത്ര മേളയില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മലയാളി താരങ്ങള്‍. കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണുമെല്ലാം സമൂഹ മാധ്യമങ്ങള്‍ കീഴടക്കുകയാണ്.
'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് ഇവര്‍ കാനിലെത്തിയത്. പായല്‍ കപാഡിയയ്‌ക്കൊപ്പം നൃത്തം ചെയ്തുകൊണ്ടാണ് കനിയും ദിവ്യയും യുവതാരം ഹ്രിദ്ധു ഹാറൂണും ഉള്‍പെടെയുള്ളവര്‍ കാനിന്റെ റെഡ് കാര്‍പറ്റ് കീഴടക്കിയത്.
താരങ്ങളുടെ ഔട്ഫിറ്റും കാനിലെ ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതി ധരിച്ചിരുന്നത്. കനിയുടെ കയ്യിലുണ്ടായിരുന്ന ബാഗിനും പ്രത്യേകതകളുണ്ടായിരുന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട് ടൈപ് ഗൗണ്‍ ധരിച്ച് അതീവ ഗ്ലാമറസായാണ് ദിവ്യപ്രഭ റെഡ് കാര്‍പറ്റിലെത്തിയത്. ഐവറി നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ ഔട്ഫിറ്റ്. ഇവരോടൊപ്പം രണബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീകോ മൈത്രാ, തോമസ് ഹക്കിം എന്നിവരും റെഡ് കാര്‍പറ്റില്‍ എത്തിയിരുന്നു. ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് ആവേശ സ്വീകരണമാണ് കാന്‍ ഫെസ്റ്റിവലില്‍ ലഭിച്ചത്.
30 വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്‍ഡ്യന്‍ സിനിമയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. പ്രഭ എന്ന നഴ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്‍േഡാ-ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമാണ് ചിത്രം. മുംബൈയില്‍ താമസിക്കുന്ന രണ്ട് നഴ്സുമാരായ പ്രഭയുടെയും അനുവിന്റെയും അവരുടെ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് ചിത്രത്തില്‍. കാന്‍ മത്സരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതാ സംവിധായികയാണ് കപാഡിയ.
ഗ്രാന്‍ഡ് ലൂമിയര്‍ തിയേറ്ററിലായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രിമിയര്‍ സംഘടിപ്പിച്ചത്. സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത്. നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ അംഗീകാരത്തെ നെഞ്ചേറ്റിയത്.
കാനില്‍ ചരിത്ര വിജയം നേടുമോ ഈ ഇന്‍ഡ്യന്‍ ചിത്രം എന്ന കാത്തിരിപ്പിലാണ് സിനിമാസ്വാധകര്‍.
1994 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'സ്വം' ആണ് ഇതിനു മുന്നേ ഇന്‍ഡ്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം.