city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊച്ചി മുസിരിസ് ബിനാലെയില്‍ 'പ്രവാസത്തിലെ പ്രേതസാന്നിധ്യം'

കൊച്ചി: (www.kasargodvartha.com 20.03.2017) കൊച്ചി മുസിരിസ് ബിനാലെ 2017ന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ രണ്ടാംനിലയിലെ പടിക്കെട്ട് കയറിയെത്തുന്നവര്‍ നല്ല കുളിര്‍കാറ്റിന്റെ ആശ്വാസത്തില്‍ അവിടെ നിന്നുപോകും. പെട്ടെന്നാകും ഒരു തെരുവുനായ കുരയ്ക്കുന്ന ശബ്ദം തൊട്ടടുത്തായി കേള്‍ക്കുന്നത്. ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോള്‍ ഭിത്തിയില്‍ ദുബൈയിലെ ഒരു ഹോട്ടലിന്റെ മാതൃകയിലുള്ള പഞ്ചാബിലെ ഫാം ഹൗസിന്റെ ചിത്രം കാണാം.

അതിഭൗതികതയുടെയും മാന്ത്രികതയുടെയും അനുഭവങ്ങള്‍ക്ക് വലിയ സാങ്കേതികവിദ്യയുടെയോ വര്‍ണ്ണപ്പകിട്ടിന്റെയോ സഹായം ആവശ്യമില്ലെന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നു. ഈ അദൃശ്യ പ്രേതസാന്നിധ്യങ്ങളെ അനുഭവവേദ്യമാക്കുകയാണ് ബിനാലെയില്‍ ലാന്റ്യന്‍ ഷീ ഒരുക്കിയിരിക്കുന്ന 'സീലിംഗ് ഫാന്‍, സ്്രേട ഡോഗ് ബാര്‍ക്കിങ്ങ്, ബുര്‍ജ് അലി 2016' എന്നുപേരിട്ടിരിക്കുന്ന ഇന്‍സ്റ്റലേഷന്‍.

കൊച്ചി മുസിരിസ് ബിനാലെയില്‍ 'പ്രവാസത്തിലെ പ്രേതസാന്നിധ്യം'

ശക്തിയായി കറങ്ങുന്ന 16 സീലിങ് ഫാനുകള്‍, സന്ദര്‍ശക സാന്നിധ്യം ഉള്ളപ്പോള്‍ തെരുവുപട്ടിയുടെ കുര കേള്‍പ്പിക്കുന്ന ഓട്ടോമേറ്റഡ് സ്പീക്കറുകള്‍, ബുര്‍ജ് അലിയുടെ ക്രെയോണ്‍ വര എന്നിവയാണ് ലാന്റ്യന്‍ ഷീയുടെ ഇന്‍സ്റ്റലേഷനിലുള്ളത്. മൂന്നുതരം പ്രേതസാന്നിധ്യങ്ങള്‍ എന്നാണ് ഇവയെക്കുറിച്ച് ലാന്റ്യന്‍ ഷീയ്ക്ക് പറയാനുള്ളത്. കാണാനാവാത്ത കാറ്റിലൂടെ വായുവിന്റെ പ്രേതാനുഭവം, ഇല്ലാത്ത നായയുടെ കുരയിലൂടെ ശബ്ദത്തിന്റെ പ്രേതാനുഭവം, ഒരു കെട്ടിടത്തിന്റെ അനുകരണത്തിന്റെ ചിത്രത്തിലൂടെ മൂന്നു മാനങ്ങളുള്ള മൗലിക മാതൃകയുടെ പ്രേതാനുഭവം എന്നിവ. ഭൗതികമായ സാന്നിധ്യം അനുഭവിപ്പിക്കുന്ന ഇത്തരം അനുരണനങ്ങളും മാറ്റൊലികളുമാണ് വാസ്തവത്തില്‍ പ്രേതം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രവാസം അത്തരം പ്രേതസാന്നിധ്യങ്ങളുടെ ലോകമാണെന്നും ഷീ പറയുന്നു.

പ്രതിച്ഛായകളും നിഴലുകളും അടക്കമുള്ള അദൃശ്യസാന്നിധ്യങ്ങളോട് ഷീയുടെ കൗതുകം സ്വന്തം അസ്ഥിത്വത്തെക്കുറിച്ചുള്ള സംശയങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ്. ബഹ്‌റിനിലെ മനാമയില്‍ ജനിച്ചു ദുബൈയില്‍ ജീവിക്കുന്ന ഷീ ചൈനീസ് പൗരനാണ്. മറ്റൊരു രാജ്യത്തിന്റെ അദൃശ്യസാന്നിധ്യം നിത്യമെന്നോണം പാസ്‌പോര്‍ട്ടില്‍ സൂക്ഷിക്കുകയാണ് താനെന്ന് ഷീ പറയുന്നു.

ഇല്ലാത്ത സ്ഥലങ്ങളുടെ ഓര്‍മ്മകള്‍ പലപ്പോഴും ഭൗതിക സാന്നിധ്യമായി അനുഭവപ്പെടാറുണ്ട്. ദുബൈ വിശേഷിച്ചും ഒരേസമയം കോസ്‌മോപൊളിറ്റന്‍ പൗരന്‍ എന്ന തോന്നല്‍ തരുകയും അതേസമയം ഒരിക്കലും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നില്ല എന്ന സംശയം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം അപരത്വവും അന്യതാബോധവും കൂടിയും കുറഞ്ഞതുമായ അളവില്‍ തന്റെ സുഹൃത്തുക്കളില്‍ പലരും പങ്കുവച്ചിട്ടുണ്ട്. സുഹൃത്തും പ്രവാസി മലയാളിയുമായി ദീപക് ഉണ്ണികൃഷ്ണന്‍ ഇതേക്കുറിച്ച് ടെംപററി പീപ്പിള്‍ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ഗള്‍ഫ് അനുഭവങ്ങള്‍ വലിയ അളവില്‍ തന്റെ കാഴ്ച്ചപ്പാടിനെയും ചിന്തയേയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഷീ നിരീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ടു ബിനാലെകളിലും ഷീ സന്ദര്‍ശകനായി എത്തിയിരുന്നു. കൊച്ചി മുസിരിസ് ബിനാലെ 2017ന്റെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയെ ഗ്യാലറി സ്‌കീയില്‍ നടന്ന പ്രദര്‍ശനത്തിലാണ് കണ്ടുമുട്ടിയതെന്ന് ഷീ ഓര്‍ക്കുന്നു. ബിനാലെയിലേക്ക് മൂന്നാം തവണ എത്തുമ്പോള്‍ ഇത് അഞ്ചാമത്തെ കേരള സന്ദര്‍ശനമാണ്. മലയാളികളായ ധാരാളം സുഹൃത്തുക്കളുണ്ടെന്ന് ഇരുപത്തൊന്‍പതുകാരനായ കലാകാരന്‍ പറയുന്നു. മലയാളം സിനിമകളില്‍ അറബിക്കഥയാണ് ഏറെയിഷ്ടം. ബിനാലെയില്‍ മാജിക്കല്‍ റിയലിസം അതിന്റെ ശരിയായ അര്‍ഥത്തില്‍ അനുഭവിപ്പിക്കുന്ന നിരവധി സൃഷ്ടികളുണ്ട്. സാധാരണ വസ്തുക്കള്‍ ഉള്‍ക്കാഴ്ച്ചയില്‍ ഉരുവാക്കുന്ന അനുഭവമാണ് മാജിക് എന്നും അതിനായി കടുത്ത ചായക്കൂട്ടുകളോ കാതടപ്പിക്കുന്ന ഒച്ചയോ ആവശ്യമില്ലെന്നും ഷീ കൂട്ടിച്ചേര്‍ത്തു.

 ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാന്റ്യന്‍ ഷീ ദ് സ്‌റ്റേറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്.  ദുബൈ അനുഭവങ്ങള്‍, വിവിധ വസ്തുക്കള്‍, സാഹചര്യങ്ങള്‍, കഥകള്‍ എന്നിവയാണ് അദ്ദേഹം പ്രദര്‍ശനങ്ങള്‍ക്ക് ഒരുക്കുന്നത്. കാഴ്ചക്കാരന്‍ കൂടി ഉള്‍പ്പെടുന്ന, അനുഭവവേദ്യമായ സൃഷ്ടികളാണ് ഷീ തന്റെ കലയായി കാണുന്നത്.

Keywords:  Kerala, kasaragod, Kochi, Entertainment, Dubai, Film, Art-Fest, Biennale 2016: Lantian Xie uses ‘ghosts’ to represent experiences of immigrant life

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia