city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Plus One Seats | കാസർകോട്ട് പ്ലസ് വൺ പ്രവേശനത്തിന് അധിക ബാചില്ല; ഒരു ക്ലാസിൽ 65 പേർ വരെ; ഇത്തവണയും വിദ്യാർഥികളെ 'കുത്തിനിറച്ച്' പഠനം

Plus One
* ജില്ലയിൽ ഇത്തവണ 20473 പേർ ഉന്നത പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്

കാസർകോട്: (KasargodVartha) പ്ലസ് വൺ പ്രവേശനത്തിന് ഇത്തവണയും അധിക ബാച് അനുവദിക്കാതെ സർകാർ. ഇതോടെ കാസർകോട് അടക്കം മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഈ അധ്യായന വർഷവും തുടരും. സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർകാർ ഹയർസെക്കൻഡറി സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് വർധിക്കുക. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ അധിക ബാച് അനുവദിക്കാതെ സീറ്റ് മാത്രം വർധിപ്പിക്കുന്നത് വിദ്യാർഥികളോടുള്ള ക്രൂരതയാണെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. 50 പേർക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്‌കൂളുകളിലുള്ളത്. സീറ്റ് വർധനയിലൂടെ ഒരു ക്ലാസില്‍ 65 കുട്ടികൾ വരെ പഠിക്കുന്ന സ്ഥിതി വിശേഷമുണ്ടാവും. ഇത് വിദ്യാഭ്യാസ മികവിനെയും കുട്ടികളുടെ നിലവാരത്തെയും ദോഷകരമായി ബാധിക്കും. കൂടാതെ ലാബ് അടക്കമുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ വെല്ലുവിളിയാകും.

കാസർകോട് ജില്ലയിൽ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ഥികളില്‍ 20473 പേരും (99.64%) ഉന്നത പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ജില്ലയിൽ ഹയർസെകൻഡറി മേഖലയിൽ 18,505 സീറ്റാണുള്ളത്‌. ഗവ. ഹയർസെകൻഡറി സ്‌കൂളുകളിൽ 11,780 ഉം എയ്‌ഡഡിൽ 4,625 സീറ്റും അൺ-എയ്ഡഡ് സ്‌കൂളിൽ 2,100 സീറ്റുമാണുള്ളത്‌. പുതുതായി കാ​സ​ർ​കോ​ട്ട് 3360 സീറ്റുകളാണ് അധികമായി നൽകുന്നത്. 

സർകാ​ർ സ്കൂ​ളു​ക​ളി​ൽ 30 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധി​പ്പി​ക്കു​ന്നത് വഴി ഒരു ക്ലാസിൽ 65 കുട്ടികളും എ​യ്​​ഡ​ഡി​ൽ 20 ശ​ത​മാ​നം സീ​റ്റ്​ വർധനവിലൂടെ 60 കുട്ടികളും വരെ ഒരു ക്ലാസിലുണ്ടാവും. മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വൺ ബാച് അനുവദിക്കണമെന്ന് കാർത്തികേയൻ കമിറ്റി ശുപാർശ നൽകിയിരുന്നുവെങ്കിലും ഇതുവരെ സർകാർ തീരുമാനം ഉണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് 'നമ്പർ വൺ' എന്ന് മേനി നടിക്കുമ്പോഴും പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തത് വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.
 Plus One admission

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia