Online Scam | കാസർകോട്ടെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ്! നഷ്ടപ്പെട്ടത് 1.91 കോടി രൂപ; വാട്സ്ആപ് വഴി ഗ്രൂപുണ്ടാക്കി ഇരയാക്കിയത് മർചന്റ് നേവി ഉദ്യോഗസ്ഥനെ
വലിയ രീതിയിലുള്ള തട്ടിപ്പുകളാണ് ഓൺലൈൻ ട്രേഡിങ് ആപ് വഴി നടക്കുന്നതെന്നും ആരും ഇത്തരം തട്ടിപ്പുകളിൽ ചെന്നുചാടരുതെന്നും പൊലീസ് മുന്നറിയിപ്പ്
ബേക്കൽ: (KasargodVartha) കാസർകോട് (Kasaragod) ജില്ലയിലെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് (Online Scam) കേസ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ (Bekal Police Station) രജിസ്റ്റർ ചെയ്‌തു. ബേക്കൽ പനയാലിലെ പഞ്ചിക്കോല ഹൗസിൽ വി ആർ പ്രഭാകറിന്റെ മകൻ വി പി കൈലാസിന്റെ (37) 1.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. തമിഴ് നാട്, രാജസ്താൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലെ ബാങ്ക് അകൗണ്ടിലൂടെയാണ് (Bank Account) ട്രേഡിങ് ആപ് (Trading App) വഴി കോടികൾ കൈക്കലാക്കിയത്.
ജെംവേ (Gemway), ജെംവിജി (Gemvg) എന്നീ ട്രേഡിങ് ആപ് വഴിയായിരുന്നു പ്രവർത്തനം. ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് 2024 ജൂൺ രണ്ട് മുതൽ ജൂലൈ അഞ്ച് വരെയുള്ള തീയതികളിൽ 20 ഓളം ഇടപാടുകൾ (Transaction) വഴി 1,94,42,603 രൂപ ഓൺലൈനായി വിവിധ അകൗണ്ടുകൾ വഴിയാണ് തട്ടിയെടുത്തത്. ലാഭവിഹിതമോ മുതലോ തിരികെ കിട്ടാതായതോടെ സംഘത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് യുവാവ് വ്യക്തമാക്കി.
വ്യാജ ട്രേഡിങ് ആപിലൂടെയാണ് പണം അയച്ചുകൊടുത്തതെന്ന് വൈകിയാണ് ബോധ്യപ്പെട്ടതെന്ന് കൈലാസ് കാസർകോട് വാർത്തയോട് പറഞ്ഞു. കാനറ ബാങ്ക്, എസ്ബിഐ, യൂണിയൻ ബാങ്ക്, ബറോഡ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ അകൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. 40 ലക്ഷത്തോളം രൂപയാണ് തന്റെയും മാതാവിന്റെയുമായി ഇതിലുള്ളതെന്നും ബാക്കി തുകയെല്ലാം സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വാങ്ങി നൽകിയതാണെന്നും യുവാവ് കൂട്ടിച്ചേർത്തു.
വാട്സ് ആപ് ഗ്രൂപിലാണ് (Whatsapp Group) ആദ്യം തന്നെ ചേർത്തത്. പിന്നീട് തട്ടിപ്പുകാർ നേരിട്ട് ചാറ്റിലൂടെ (Chat) ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ട്രേഡിങ് ആപ് ഡൗൺലോഡ് (Download) ചെയ്യാൻ ആവശ്യപ്പെട്ടു. ഗൂഗിൾ വഴി തിരിഞ്ഞാണ് ട്രേഡിങ് കംപനി യാഥാർഥ്യമാണോയെന്ന് പരിശോധിച്ചത്. വിശ്വസിച്ചതിനാൽ മറ്റ് തരത്തിലുള്ള അന്വേഷണമൊന്നും നടത്തിയില്ല. ബന്ധുക്കളുടെയും മറ്റും പേരിലുണ്ടായിരുന്ന സ്ഥിരനിക്ഷേപവും (Fixed Deposit) സ്വർണം പണയം വെച്ചും ട്രേഡിങ് ആപിൽ നിക്ഷേപിച്ചു. ട്രേഡിങ് ആപിന് പിന്നിൽ പ്രവർത്തിച്ചവരെ നേരിട്ട് ഫോൺ വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചാറ്റിംഗിലൂടെയാണ് എല്ലാ ഇടപാടുകളും നടത്തിയതെന്നും യുവാവ് വിശദീകരിച്ചു.
തട്ടിപ്പിന് പിന്നിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉള്ളതെന്ന് സംശയിക്കുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് ബേക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. തട്ടിപ്പുകാർ ബന്ധപ്പെട്ട നമ്പർ ഇപ്പോഴും ഓൺലൈനിൽ പ്രവർത്തനരഹിതമാണ്. വലിയ രീതിയിലുള്ള തട്ടിപ്പുകളാണ് ഓൺലൈൻ ട്രേഡിങ് ആപ് വഴി നടക്കുന്നതെന്നും ആരും ഇത്തരം തട്ടിപ്പുകളിൽ ചെന്നുചാടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.