Arrested | നടുറോഡിലെ പോര്: 3 പേർ കൂടി അറസ്റ്റിൽ; കാറിടിച്ച് പരുക്കേറ്റയാളും പിടിയിൽ
ആയുധങ്ങളും കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മംഗ്ളുറു: (KasaragodVartha) ഉഡുപി - മണിപ്പാൽ ദേശീയപാതയിലെ കുഞ്ഞിബെട്ടുവിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ മൂന്ന് പേരെ കൂടി ഉഡുപി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി. മാജിദ്, അൽഫാസ്, ശരീഫ് എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്
മുഖ്യപ്രതികളായ ആശിഖ് (26), റാഖിബ് (21), ഷാൻ (26) എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മറ്റുപ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അതിനാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് വ്യക്തമാകുന്നത്.
മെയ് 18 ന് രാത്രിയാണ് രണ്ട് സംഘങ്ങൾ സിനിമാ സ്റ്റൈലിൽ ഏറ്റുമുട്ടിയത്. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എതിർ സംഘം കാർ ഇടിച്ചു തെറിപ്പിച്ച യുവാവാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ള ശരീഫ്. ഇയാൾ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പുറത്തുവന്ന ദൃശ്യങ്ങളിൽ വെള്ളയും കറുപ്പും നിറങ്ങളിലുള്ള കാറുകളിലെത്തിയ സംഘങ്ങൾ നടുറോഡിൽ വാക്കേറ്റത്തിലേർപ്പെടുകയും ബഹളത്തിനിടെ ഒരു സംഘം കാർ കൊണ്ട് മറ്റേ കാറിന് ഇടിക്കുകയും ചെയ്യുന്നതും കാണാം.
ദേശീയപാതയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ; ഉഡുപിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
— Kasargod Vartha (@KasargodVartha) May 25, 2024
(മുന്നറിയിപ്പ്: ഈ വീഡിയോയിലുള്ള രംഗങ്ങൾ ചിലർക്ക്, പ്രത്യേകിച്ച് ലോല ഹൃദയമുള്ളവർക്കും കുട്ടികൾക്കും ഞെട്ടലും മനഃപ്രയാസവും ഉണ്ടാക്കാം. അത്തരക്കാർ ഇത് കാണാതിരിക്കുക) pic.twitter.com/bSz648Ivj3
ഒരാൾ കാറിന് നേരെ വെട്ടുകത്തി എറിയുന്നതും കാർ അതിവേഗത്തിൽ ഓടിച്ചിട്ട് എതിർ സംഘത്തിലെ ഒരാളെ ഇടിക്കുന്നതും ഇയാൾ ബോധരഹിതനായി വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്. കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളും രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.