Arrest | 'സ്ഥാപനത്തിൽ തോക്കുമായെത്തി ഉടമയിൽ നിന്നും ഗൂഗിൾ പേ വഴി പണപ്പിരിവ്'; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും കൂട്ടാളിയും അറസ്റ്റിൽ
രഹസ്യാന്വേഷണ വിഭാഗം റിപോർട് നൽകിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്
കാസര്‍കോട്: (KasargodVartha) ചിരട്ട കംപനി നടത്തുന്ന യുവാവിനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും കൂട്ടാളിയും അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സാലി (30), മുഹമ്മദ് റാസിഖ് (24) എന്നിവരാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപോർട് നൽകിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് മഞ്ചേശ്വരം പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. ഇതിൽ സാലിക്കെതിരെ 308 വകുപ്പ് പ്രകാരം വധശ്രമം, അടിപിടി, കഞ്ചാവ് കടത്ത് അടക്കം 14 കേസുകൾ നിലവിലുണ്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത എസ്ഐ കെകെ നിഖിൽ പറഞ്ഞു
ചൊവ്വാഴ്ച രാവിലെ മിയാപ്പദവ് ബജ്ജങ്കളയില്‍ കംപനി നടത്തുന്ന യുവാവിനെ സ്ഥാപനത്തിലെത്തി കീശയിൽ തോക്ക് ഉണ്ടെന്നും പണം വേണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കംപനി ഉടമ ഭീഷണി കാരണം പൊലീസിൽ പരാതി നൽകിയിരുന്നില്ല.
എന്നാൽ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ടിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്. കൂട്ടാളി റാസിഖും മറ്റൊരു കേസിൽ പ്രതിയാണ്. പ്രതികളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.