വിരമിച്ച ശേഷം കിട്ടിയ പണത്തെ ചൊല്ലി തര്‍ക്കം; വീട്ടമ്മയെ ടാപിങ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: (www.kasargodvartha.com 19.12.2020) വിരമിച്ച ശേഷം കിട്ടിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍. പന്തളത്ത് അടൂര്‍ ആനന്ദപ്പള്ളി സ്വദേശി മധുസൂദനനാണ് ടാപിങ് കത്തി ഉപയോഗിച്ച് ഭാര്യ സുശീലയെ കൊന്നത്.
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകസംഭവം. തുടര്‍ന്ന് സുശീല മരിച്ചെന്ന് ഉറപ്പാക്കി. പിറ്റേന്ന് പുലര്‍ച്ചെ ചാക്കില്‍ കെട്ടി സ്വന്തം ഓട്ടോറിക്ഷയില്‍ കുരമ്പാല ജംഗ്ഷന് സമീപമുള്ള റോഡില്‍ മൃതദേഹം ഉപേക്ഷിച്ചു. മൃതദേഹം കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചത്.
പ്ലാന്റേറേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ചപ്പോള്‍ സുശീലയ്ക്ക് കിട്ടിയ മൂന്ന് ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപക്ക് സ്ഥലം വാങ്ങി. ബാക്കി പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി.
ടാപിങ് തൊഴിലാളിയായ ഇരുവരും രണ്ട് വര്‍ഷ മുമ്പ് ളാഹ എസ്റ്റേറ്റില്‍ വച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹിതരാവുകയായിരുന്നു.