Arrested | 16 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ
* പൊലീസ് നിരവധി സംഘങ്ങൾ രൂപവത്കരിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു
മംഗ്ളുറു: (KasaragodVartha) കുടക് ജില്ലയിലെ സോമവർപേട്ടയിൽ എസ്എസ്എൽസി പരീക്ഷയിലെ വിജയം ആഘോഷിക്കുന്നതിനിടെ 16കാരിയെ കഴുത്തറുത്ത് കൊന്ന ശേഷം തലയുമായി കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ പ്രകാശ് (32) എന്നയാളാണ് അറസ്റ്റിലായത്. സുർലബ്ബി ഗവ. ഹൈസ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ യു എസ് മീനയാണ് (16) കൊല്ലപ്പെട്ടത്.
പൊലീസ് നിരവധി സംഘങ്ങൾ രൂപവത്കരിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടെ യുവാവ് ആത്മഹത്യ ചെയ്തിരിക്കാമെന്ന തരത്തിൽ റിപോർടുകൾ ഉണ്ടായിരുന്നു. എന്നാൽ സോമവർപേട്ട താലൂകിലെ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രകാശിനെ സോമവർപേട്ട പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണെന്ന് മടിക്കേരി പൊലീസ് സൂപ്രണ്ട് കെ രാമരാജൻ അറിയിച്ചു.
വ്യാഴാഴ്ച പ്രഖ്യാപിച്ച പത്താം തരം പൊതുപരീക്ഷ ഫലത്തിൽ മീന 365ൽ 314 മാർകുകൾ നേടിയിരുന്നു. ഇതേദിവസം തന്നെ പ്രകാശും മീനയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്‌തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ വെച്ച് ഇരുവരും കേക് മുറിച്ച് മോതിരം കൈമാറുകയുമുണ്ടായി. എന്നാൽ ഇതിനിടെ പരാതിയെത്തുടർന്ന് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മീനയെ 18 വയസ് തികയുന്നതുവരെ വിവാഹം കഴിക്കരുതെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തി.
ഇതറിഞ്ഞ പ്രതിശ്രുത വരൻ വൈകീട്ട് മരം മുറിക്കുന്ന വെട്ടുകത്തിയുമായി മീനയുടെ വീട്ടിലെത്തി അവളുടെ മാതാപിതാക്കളുമായി വഴക്കിട്ടു. വിവാഹം നേരത്തെ നിശ്ചയിച്ചതുപോലെ നടത്തണമെന്ന് ശഠിച്ചു. എന്നാൽ മാതാപിതാക്കൾ വിസമ്മതിച്ചതോടെ പ്രകോപിതനായ പ്രകാശ് ആദ്യം അമ്മയെയും തടയാനെത്തിയ പിതാവിനേയും ആക്രമിച്ചു. പിന്നീട് മീനയെ വലിച്ചിഴച്ച് കൊണ്ടുപോയി തല അറുത്തുമാറ്റുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പെൺകുട്ടിയുടെ പിതാവ് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.