Police FIR | 'താടിയും വസ്ത്രവും കണ്ടപ്പോൾ മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചു', അമിത് ഷായുടെ റാലിക്കിടെ മാധ്യമപ്രവർത്തകനെ അക്രമിച്ച സംഭവത്തിൽ കേസെടുത്തു
ന്യൂഡെൽഹി: (KasaragodVartha) ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകനെ മർദിച്ചെന്ന കേസിൽ പൊലീസ് കേസെടുത്തു. റാലിക്കിടെ ചോദ്യങ്ങൾ ചോദിച്ചതിൽ രോഷാകുലരായ ബിജെപി പ്രവർത്തകർ തന്നെ മർദിച്ചതായി 'മോലിറ്റിക്സ്' എന്ന പോർട്ടലിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകൻ രാഘവ് ത്രിവേദി പറഞ്ഞു. അമിത് ഷായുടെ റാലി റിപ്പോർട്ട് ചെയ്യാനാണ് ഞായറാഴ്ച അദ്ദേഹം റായ്ബറേലിയിലെത്തിയത്.
100 രൂപ വീതം നൽകിയാണ് തങ്ങളെ റാലിയിലേക്ക് വിളിച്ചതെന്ന് റാലിക്കിടെ ചില സ്ത്രീകൾ തന്നോട് പറഞ്ഞതായും എന്നാൽ ഇത് ചോദ്യം ചെയ്ത ബിജെപി പ്രവർത്തകർ മർദിച്ചതായും രാഘവ് ത്രിവേദി പറയുന്നു. ഞാൻ താടി വെച്ചതുകൊണ്ടും കുർത്ത പൈജാമ ധരിച്ചതുകൊണ്ടും അവർ എന്നെ മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചു. ക്യാമറ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട് ബിജെപിക്കാർ എന്നെ സമീപിച്ചു. അതിന് ശേഷമാണ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും രാഘവ് ത്രിവേദി കൂട്ടിച്ചേർത്തു. പരിക്കേറ്റ ത്രിവേദിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ആശുപത്രിയിൽ ത്രിവേദിയെ സന്ദർശിച്ച ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ് ഇതെന്ന് ആരോപിച്ചു.
देखिए हमारे पत्रकार @RaghavTrivedi18 को किस तरीके से गृहमंत्री अमित शाह की रैली में भीड़ द्वार घेर कर मारपीट की गई।
— Molitics (@moliticsindia) May 12, 2024
सत्ता नशा अब पत्रकार पर सीधे हमले पर आ चुका है, सच्ची पत्रकारिता से डरने वाले आज इस कदर गुंडे बनकर बैठ गए है।
हम लड़ेंगे जीतेंगे pic.twitter.com/rpEem5qMDQ
സമ്മേളനത്തിൽ പങ്കെടുക്കാൻ പണം നൽകിയെന്ന് പറഞ്ഞ ചില സ്ത്രീകളോട് സംസാരിച്ചതിൻ്റെ പേരിലാണ് മാധ്യമപ്രവർത്തകനെ മർദിച്ചതെന്നും രാജ്യത്തുടനീളം മാധ്യമങ്ങളെ നിശബ്ദമാക്കിയ ബിജെപിക്ക് തങ്ങൾക്കെതിരെ ഒരു ശബ്ദവും ഉയരുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
മാധ്യമപ്രവർത്തകൻ ആശുപത്രിയിൽ കഴിയുന്നതിൻ്റെ വീഡിയോയും പ്രിയങ്ക ഗാന്ധി പങ്കുവച്ചു. ത്രിവേദിയുടെ ക്യാമറാമാനും സഹപ്രവർത്തകനുമായ സഞ്ജീത് സാഹ്നി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആറ് അജ്ഞാതർക്കെതിരെ സെക്ഷൻ 147, 323, 504 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. റായ്ബറേലി മണ്ഡലത്തിലെ രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. യോഗി സർക്കാരിൽ മന്ത്രിയായ ദിനേശ് പ്രതാപ് സിങ്ങിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്.