Investigation | 13 വർഷം മുമ്പ് നടന്ന കൊലപാതകം, വീരപ്പൻ്റെ ഒളിത്താവളത്തിൽ നടത്തിയ തിരച്ചിൽ, ക്രിക്കറ്റ് ടൂർണമെന്റ് വഴിത്തിരിവായി; ട്വിസ്റ്റുകൾ നിറഞ്ഞ അപൂർവമായ ഒരു കേസ് ഡയറി!
കൊലപാതകത്തിന് ശേഷം പ്രതി ഈറോഡിൽ ധനകാര്യ സ്ഥാപനവുമായി പുതിയ ജീവിതം ആരംഭിച്ചു
മംഗ്ളുറു: (KasaragodVartha) 2001 ജൂൺ ഒമ്പതിന്, ധനകാര്യ സ്ഥാപനം നടത്തിവന്നിരുന്ന വിശ്വനാഥ് റായിയുടെ ഭാര്യ മല്ലിക റായ് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകി. രണ്ട് ദിവസമായി ഭർത്താവിനെ കാണാനില്ലെന്നായിരുന്നു അവരുടെ പരാതി. ജൂൺ ഏഴിനാണ് താൻ അവസാനമായി ഭർത്താവുമായി സംസാരിച്ചതെന്നും ആ സമയത്ത് ഉപ്പിനങ്ങാടിയിലെ ശിവ ഫിനാൻസിൻ്റെ മാനേജർ വിശ്വനാഥ് ഷെട്ടിക്കൊപ്പമായിരുന്നുവെന്നും മല്ലിക പൊലീസിനോട് പറഞ്ഞു.
വീണ്ടും വിളിച്ചപ്പോൾ വിശ്വനാഥ് ഷെട്ടിയാണ് ഫോൺ എടുത്തത്. തലപ്പാടിയിലാണെന്നും മഴ പെയ്യുന്നുണ്ടെന്നും പറഞ്ഞു. ഭർത്താവിന് ഫോൺ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഫോൺ കോൾ കട്ട് ചെയ്തതായും ഭാര്യ പരാതിപ്പെട്ടു.
അജ്ഞാത മൃതദേഹം
പരാതി രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് അയൽ ജില്ലയായ ഉത്തര കന്നഡയിലെ ഹൊന്നാവറിൽ അജ്ഞാത മൃതദേഹത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. 'സിന്ധു പുത്തൂർ 21376' എന്നെഴുതിയ ഷർട്ടിൻ്റെ കോളറിൽ ഘടിപ്പിച്ച തുണികൊണ്ടുള്ള ടാഗ് മാത്രമായിരുന്നു മൃതദേഹം തിരിച്ചറിയാനുള്ള ഏക തെളിവ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഹൊന്നാവർ സർക്കാർ ആശുപത്രി മോർച്ചറിയിൽ പുത്തൂർ പൊലീസ് എത്തി. മല്ലിക അത് തൻ്റെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞു.
കൊലപാതകമോ?
സംഭവ ദിവസം ദിവസം റായിയും ഷെട്ടിയും തമ്മിൽ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തിൽ പിന്നീട് കണ്ടെത്തി. ഷെട്ടി രണ്ട് കുപ്പി ബിയർ കൊണ്ടുവന്നതായും ഉപ്പിനങ്ങാടിയിലെ ഒരു വൈൻ ഷോപ്പിൽ നിന്നാണ് ഈ കുപ്പികൾ വാങ്ങിയതെന്നും പൊലീസിന് വിവരം ലഭിച്ചു. റായിയുടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ സുഭാഷ് ചന്ദ്ര ഷെട്ടിയും ഇവരുടെയൊപ്പം റായിയുടെ വീട്ടിലുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.
വിശ്വനാഥ് റായിക്ക് ധാരാളം വീടുകൾ ഉണ്ടായിരുന്നു. ഇതിനിടെ സുഭാഷ് ചന്ദ്ര ഷെട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശ്വനാഥ് ഷെട്ടി റായിയെ ഇരുമ്പ് വടികൊണ്ട് കൊലപ്പെടുത്തി മൃതദേഹം കാറിൽ കൊണ്ടുപോയി എന്ന് ചോദ്യം ചെയ്യലിൽ ചന്ദ്ര വെളിപ്പെടുത്തി. വിശ്വനാഥ് ഷെട്ടിയെ പിടികൂടുന്നതിനായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഷെട്ടിയുടെ ഫോണും പൊലീസ് നിരീക്ഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
വിശ്വനാഥ് റായ് വധക്കേസ് മറന്നു
അടുത്ത ഏതാനും മാസങ്ങൾക്കുളിൽ പുത്തൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ മാറി. വിശ്വനാഥ് റായ് വധക്കേസ് പൊലീസ് തന്നെ മറന്ന പോലെയായി. 2012 സെപ്റ്റംബറിൽ പി സുരേഷ് കുമാർ എന്ന ഉദ്യോഗസ്ഥനെ ഈ പൊലീസ് സ്റ്റേഷനിലേക്ക് ഇൻസ്പെക്ടറായി സ്ഥലം മാറ്റി. ഇതേസമയം, അന്നത്തെ ഉഡുപ്പി പൊലീസ് സൂപ്രണ്ട് എസ് ഡി ശരണപ്പ തൻ്റെ കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിലെ തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സുരേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം അത് വിശ്വനാഥ് റായ് വധക്കേസായിരുന്നു.
അന്വേഷണവും തെളിവെടുപ്പും മൊഴിയെടുക്കുന്നതും മറ്റ് നടപടിക്രമങ്ങളും സംഭവസമയത്ത് ഉദ്യോഗസ്ഥൻ കൃത്യമായി നടത്തിയിരുന്നു. എന്നാൽ, പുത്തൂർ താലൂക്കിലെ കൊടിമ്പാടി ഗ്രാമത്തിൽ താമസിച്ചിരുന്ന വിശ്വനാഥ് ഷെട്ടിയുടെ ഭാര്യയും മകനും ഭർത്താവിനെ അറസ്റ്റ് ചെയ്തതാണോ അതോ കണ്ടെത്താനായോ എന്ന് അന്വേഷിച്ച് ഒരിക്കലും പൊലീസിനെ ബന്ധപ്പെടാൻ ശ്രമിക്കാത്തത് പൊലീസിൽ സംശയം ജനിപ്പിച്ചു. ഇതോടെ ഇയാളുടെ ഭാര്യയെയും മകനെയും നിരീക്ഷിക്കാൻ ഇൻസ്പെക്ടർ സുരേഷ് കുമാർ കോൺസ്റ്റബിൾമാരെ നിയോഗിച്ചു. ഭാര്യ കോടതി കാൻ്റീനിൽ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസുകാർ കണ്ടെത്തി. അവരുടെ മൊബൈൽ ഫോൺ ട്രാക്കുചെയ്‌തു, പക്ഷേ ഒരു തുമ്പും ലഭിച്ചില്ല. അവശേഷിച്ച രണ്ടാമത്തെ വ്യക്തി മകനായിരുന്നു.
ക്രിക്കറ്റ് ടൂർണമെൻ്റിൽ നിന്ന് സൂചന
ഏകദേശം 18-20 വയസ് പ്രായമുള്ള ഷെട്ടിയുടെ മകൻ പുത്തൂർ താലൂക്കിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായിരുന്നു, പ്രാദേശിക ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ കളിച്ചിരുന്നു. ഷെട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ നിയോഗിച്ച പൊലീസ് കോൺസ്റ്റബിളിന് ലഭിച്ച വിവരമായിരുന്നു ഇത്. ഇതോടെ പൊലീസ് കോൺസ്റ്റബിളും ക്രിക്കറ്റ് കളിക്കുകയും ഷെട്ടിയുടെ മകനുമായി ബന്ധം സ്ഥാപിക്കുകയും ചെയ്‌തു. മകൻ രണ്ട് മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നും എന്നാൽ ഒരു നമ്പർ മാത്രമാണ് എല്ലാവർക്കും കൈമാറുന്നതെന്നും കണ്ടെത്തി.
ഷെട്ടിയുടെ മകൻ കളിച്ച ക്രിക്കറ്റ് ടൂർണമെൻ്റുകളിലൊന്നിൽ പങ്കെടുത്ത പൊലീസുകാരൻ തന്ത്രപരമായി രണ്ടാമത്തെ മൊബൈൽ നമ്പർ കൈക്കലാക്കി. ഇതിലേക്ക് വന്നതും പോയതുമായ ഫോൺ കോളുകൾ പൊലീസ് വിശദമായി പരിശോധിച്ചു. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ആ നമ്പറിലേക്ക് കോളുകൾ വന്നതായി മനസിലായി. ഷെട്ടിയുടെ ഭാര്യയ്ക്കും അതേ നമ്പറിൽ നിന്ന് ഒരു കോൾ വന്നു, അവർ 20-30 മിനിറ്റിലധികം സംസാരിച്ചു.
വീരപ്പൻ്റെ ഒളിത്താവളങ്ങൾക്കടുത്താണോ ഷെട്ടി താമസിച്ചിരുന്നത്?
പൊലീസ് നമ്പർ കണ്ടെത്തി പരിശോധിച്ചപ്പോൾ, വനം കൊള്ളക്കാരനായ വീരപ്പൻ്റെ ഒളിത്താവളമെന്ന നിലയിൽ ഒരുകാലത്ത് കുപ്രസിദ്ധമായിരുന്ന, ജനസാന്ദ്രതയേറിയ സത്യമംഗലം വനപ്രദേശമായ തമിഴ്നാട്ടിലെ ഈറോഡ് മേഖലയിൽ ഇത് സജീവമാണെന്ന് കണ്ടെത്തി. കർണാടകയിലെ തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന ജില്ലയായ ചാമരാജനഗറിലും ഈ നമ്പർ ചിലപ്പോൾ സജീവമായിരുന്നു. ഷെട്ടിയുടെ ഫോട്ടോയുമായി വേഷം മാറി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു. ഷെട്ടിയെക്കുറിച്ച് നാട്ടുകാരോട് ചോദിച്ചപ്പോൾ, ഷെട്ടി 'രാജ്' എന്നാണ് അറിയപ്പെടുന്നതെന്നും ഇയാൾ അവിടെ രാജ് ഫിനാൻസ് എന്ന ഫിനാൻസ് കമ്പനി നടത്തിയിരുന്നതായും അവർ മനസിലാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.
എങ്ങനെയാണ് ഇത്രയും വർഷങ്ങൾ ഒളിവിൽ കഴിഞ്ഞത്?
ആറ് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ, വിശ്വനാഥ് റായി കൊല്ലപ്പെട്ട് 13 വർഷങ്ങൾക്ക് ശേഷം 2014 ഓഗസ്റ്റിൽ, പ്രദേശത്ത് നിന്ന് വിശ്വനാഥ് ഷെട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്രയും വർഷം ഇയാൾ എങ്ങനെ ഒളിവിൽ കഴിഞ്ഞുവെന്നും പൊലീസ് കണ്ടെത്തി. റായിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ശേഷം, ഷെട്ടി തൻ്റെ കാർ ഉപേക്ഷിച്ച് കേരളത്തിലെ പാലക്കാട്ടേക്ക് പോയി. കോയമ്പത്തൂരിലെ ഒരു ഡോക്ടറുടെ ഫാം ഹൗസിൽ ജോലി ചെയ്തു.
ഇയാളുടെ കഴിവുകളിൽ ആകൃഷ്ടനായ ഡോക്ടർ കോയമ്പത്തൂരിലേക്കും തുടർന്ന് ഈറോഡിലേക്കും കൊണ്ടുപോയി, അവിടെ ഡോക്ടർക്ക് ഒരു ഫാം ഹൗസ് ഉണ്ടായിരുന്നു. ഇത് വഴിത്തിരിവായി. രാജ് എന്ന ഷെട്ടി ഫിനാൻസിയറായി സ്വയം മാറാനും ഒരു ധനകാര്യ സ്ഥാപനം സ്ഥാപിക്കാനും കഴിഞ്ഞു. ഇടയ്ക്കിടെ ഭാര്യയെ കാണും. അവർ ചാമരാജനഗറിലേക്ക് പോകാറുണ്ടായിരുന്നു, രണ്ടോ മൂന്നോ ദിവസം ഏതെങ്കിലും ലോഡ്ജിലോ ഹോട്ടലിലോ ഒരുമിച്ച് താമസിച്ച് മടങ്ങും. 2021 ഡിസംബർ 13-ന്, ദക്ഷിണ കന്നഡയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് റുഡോൾഫ് പെരേര, ഷെട്ടിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇപ്പോൾ ശിക്ഷ അനുഭവിച്ച് വരികയാണ്.