Arrested | 'ഷെയർ മാർകറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭവിഹിതം കിട്ടുമെന്ന് വാഗ്ദാനം'; നിരവധി ആളുകളിൽ നിന്ന് കോടികൾ തട്ടിയെന്ന കേസിൽ സംഘത്തിലെ കണ്ണികളായ 4 മലപ്പുറം സ്വദേശികൾ അറസ്റ്റിൽ
സൂത്രധാരന്മാർ കേരളത്തിന് പുറത്താണെന്നാണ് സൂചന
കാഞ്ഞങ്ങാട്: (KasaragodVartha) ഷെയർ മാർകറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭവിഹിതം കിട്ടുമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് കോടികൾ തട്ടിയെന്ന കേസിൽ സംഘത്തിലെ കണ്ണികളായ നാല് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. കൂട്ടാളികളായ കാസർകോട്ടുകാരായ രണ്ട് പേർ ഉൾപെടെ നാല് പേരെകൂടി തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മലപ്പുറം ജില്ലയിലെ റിസ്‌വാൻ മുബശിർ (23), പി പി അര്‍സല്‍മോന്‍ (24), എം അസീസ് (31), സി പി താജുദ്ദീന്‍ എന്ന സാജു (40) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്‌തു. തൃക്കണ്ണാട് മാരന്‍ വളപ്പിലെ സഞ്ജയ് കുമാര്‍ കൃഷ്ണയുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വ്യാജ ഷെയർ മാർകറ്റ് ആപിലൂടെ പണം തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാട്സ് ആപിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മാത്രമാണ് തട്ടിപ്പ് സംഘം ആളുകളുമായി ബന്ധപ്പെടുന്നത്. നിക്ഷേപിച്ച പണത്തിന് ഓഹരിവില വർധിച്ച കാര്യം ആപിലൂടെ നിക്ഷേപകർക്ക് കാണാമെങ്കിലും യഥാർഥത്തിൽ ഇങ്ങനെയൊരു നിക്ഷേപമോ വർധനവോ ഉണ്ടായിരിക്കില്ല. നിക്ഷേപിച്ച പണത്തിന്റെ ലാഭ വിഹിതം ആളുകൾ ചോദിക്കുന്നതോടെ ആപ് അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. തട്ടിപ്പ് സംഘത്തിലെ കൂട്ടാളികളായ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കബീർ, നൗശാദ് എന്നിവരെയും മലപ്പുറം ജില്ലക്കാരായ മറ്റ് രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ആളുകൾ നിക്ഷേപിച്ച പണം കേരളത്തിലെ ബാങ്ക് അകൗണ്ടുകളിലൂടെ പിൻവലിക്കുകയും അകൗണ്ട് തുടങ്ങാൻ സഹായിക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ റിമാൻഡിലുള്ള നാല് പേർക്കെതിരെയുള്ള കുറ്റം.
ഇവർക്ക് നേരിട്ട് തട്ടിപ്പുകാരുമായി ബന്ധമില്ലെന്നാണ് വിവരം. തിരിച്ചറിഞ്ഞ മറ്റ് നാല് പേരെ കൂടി പിടികൂടുന്നതോടെ തട്ടിപ്പിലെ പ്രധാനികളിലേക്ക് അന്വേഷണം എത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മലപ്പുറം ജില്ലയിലെ താനൂർ, തിരൂർ മേഖലകളിൽ നിന്നായി വൻതുക പിൻവലിച്ചതിനെ തുടർന്ന് 300 ഓളം ബാങ്ക് അകൗണ്ടുകൾ ബാങ്കുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
പാവപ്പെട്ട നിരവധി ആളുകളെ അകൗണ്ട് തുടങ്ങാൻ പ്രേരിപ്പിച്ച് ഇവർക്ക് ചെറിയൊരു പ്രതിഫലം നൽകി പണം പിൻവലിക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാൻ ആദായ നികുതി വകുപ്പിനും പൊലീസ് റിപോർട് നൽകിയിട്ടുണ്ട്. ഷെയർ മാർകറ്റ് തട്ടിപ്പ് സംഘത്തിൽ പെട്ട ഇപ്പോൾ തിരിച്ചറിഞ്ഞ കബീർ, നൗശാദ് എന്നിവർ നേരത്തെയും നിരവധി തട്ടിപ്പിൽ പങ്കാളികളായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇരുവരും ഇപ്പോൾ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഹൈദരാബാദ് ജയിലിലാണുള്ളത്.
രാജ്യവ്യാപകമായി 26 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്. നൗശാദ്, കബീർ എന്നിവർ 2020 മുതൽ ജോലി വാഗ്ദാനം നൽകി രാജ്യത്തുടനീളമുള്ള തൊഴിലന്വേഷകരെ കബളിപ്പിച്ച് തട്ടിയെടുത്തവരാണെന്നായിരുന്നു ഡെപ്യൂടി പൊലീസ് കമീഷണർ (സൈബർ ക്രൈം) ദാര കവിത വെളിപ്പെടുത്തിരിയിരുന്നത്.
9.44 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന ഹൈദരാബാദ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു ഇവരുടെ അറസ്റ്റ്. ഇവരിൽ നൗശാദ് ദുബൈയിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും പാർട് ടൈം ജോലിയുടെ പേരിൽ ടെലിഗ്രാം ആപ് വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നും പൊലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ പ്രതികൾ ഇടപാടുകാരുമായി ആശയവിനിമയം നടത്താൻ വിപിഎൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നതെന്നും തെലങ്കാന പൊലീസ് പറഞ്ഞിരുന്നു.
തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നേരത്തെ, ഒളവങ്കര കൺസ്ട്രക്ഷൻ എന്ന പേരിൽ ഹൊസ്ദുർഗ് പൊലീസ് പരിധിയിൽ ഓഫീസ് തുടങ്ങി നിരവധി പേരിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസ് ഇവർക്കതിരെ നിലവിലുണ്ട്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് എന്നയാളാണ് ഇവരുടെ പ്രൈവറ്റ് സെക്രടറിയായി പ്രവർത്തിച്ചുവന്നത്. ഇവർ എറണാകുളത്ത് ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് ആണെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചിരുന്നതായും സൂചനയുണ്ട്. ഈ ഫ്‌ലാറ്റിൽ ഒരു വർഷത്തോളം വാടക നൽകാത്തതിനെ തുടർന്ന് ഫ്‌ലാറ്റിലെ സാധങ്ങൾ പുറത്തിട്ട് ഉടമ പൂട്ടിയിട്ടിരുന്നു. ഈ കേസിനെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ ഇവർ ഇപ്പോൾ ഷെയർ മാർകറ്റ് തട്ടിപ്പിലൂടെയാണ് വീണ്ടും രംഗത്തുവന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
വൻ ശൃംഖലകളുള്ള ഓൺലൈൻ തട്ടിപ്പിന്റെ സൂത്രധാരന്മാർ കേരളത്തിന് പുറത്താണെന്നാണ് പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചിരിക്കുന്നത്. ഷെയർ മാർകറ്റ് സംഘത്തിലെ പ്രതികളെ ബേക്കല്‍ ഡിവൈ എസ്പി ജയന്‍ ഡൊമിനികിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ബേക്കൽ സിഐ അരുണ്‍ഷാ, എഎസ്ഐ ജോസഫ്, ജയപ്രകാശ്, സിനീയര്‍ പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, രാഗേഷ്, സീമ എന്നിവരുമുണ്ടായിരുന്നു.
ഷെയർ മാർകറ്റിൽ നിക്ഷേപിക്കുന്നവർക്ക് വൻതുക ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജോനാഥന്‍ സൈമണ്‍ ഇൻസ്റ്റിറ്റ്യൂഷണൽ സ്ട്രാറ്റജിസ്റ്റ് സെൻ്റ് എന്ന വാട്‍സ് ആപ് ഗ്രൂപ് വഴിയും അൽപാക്സിപ്രോ എന്ന വ്യാജ ട്രേഡിംഗ് ആപ് വഴിയും 2024 ജനുവരി എട്ട് മുതല്‍ ഫെബ്രുവരി ആറ് വരെയുള്ള പല ദിവസങ്ങളിലായി വിവിധ അകൗണ്ടുകളിലേക്ക് 31,92,785 രൂപ വാങ്ങി ലാഭവിഹിതമോ മുതലോ തിരികെ നല്‍കിയില്ലെന്നാണ് സഞ്ജയ് കുമാര്‍ കൃഷ്ണയുടെ പരാതി.