Seized | കാറിലും ഇരുചക്രവാഹനത്തിലും മദ്യം കടത്തിയ മൊത്ത വില്‍പനക്കാരായ 2 പേരെ എക്‌സൈസ് സാഹസികമായി പിടികൂടി
കാഞ്ഞങ്ങാട്: (KasargodVartha) കാറിലും സ്കൂട്ടറിലും മദ്യം കടത്തിയ (Smuggling) രണ്ട് പേരെ എക്സൈസ് (Excise) അധികൃതർ പിടികൂടി. വ്യാഴാഴ്ച വൈകിട്ട് 5.50 ഓടെ നടന്ന റെയ്ഡിൽ (Raid) 34.56 ലിറ്റർ കർണാടക മദ്യമാണ് (Karnataka Liquor) പിടിച്ചെടുത്തത്.
ഹോസ്ദുർഗ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡേവിഡ് പ്രശാന്ത് (29) എന്നയാളെ സ്കൂട്ടറിൽ 180 പാക്കറ്റ് മദ്യവുമായി പിടികൂടി. തുടർന്നുള്ള അന്വേഷണത്തിൽ, പ്രതിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്ന് 180 പാക്കറ്റ് മദ്യം കൂടി കണ്ടെത്തി.
പിടിക്കപ്പെട്ട മറ്റൊരു പ്രതിയായ ഉപേന്ദ്രൻ (50) ഒരു മുൻ അബ്കാരി കേസിലെ പ്രതിയാണ്. പ്രശാന്ത്, ഉപേന്ദ്രന് കഴിഞ്ഞ ഒരു വർഷമായി സുള്ള്യയിൽ നിന്ന് മദ്യം കൊണ്ടുവന്ന് നൽകുകയായിരുന്നു. രാവേണേശ്വരം, പനയാൽ, പെരിയ തുടങ്ങിയ സ്ഥലങ്ങളിലെ ചില്ലറ മദ്യ വിൽപ്പനക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് പി, സിജു കെ, സിജിന്‍, വനിതാ ഓഫീസര്‍ റീന, ഡ്രൈവര്‍ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു.