ED Seizes | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: മുൻ എംഎൽഎ എംസി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് ഇ ഡി കണ്ടുകെട്ടി
ബഡ്സ് ആക്ട് കൂടി ഉൾപ്പെടുത്തിയതോടെയാണ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചത്.
കാസർകോട്: (KasargodVartha) ഫാഷൻ ഗോൾഡ് ജ്വലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി ഖമറുദ്ദീൻ്റെയും മാനജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളുടെയും സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ED) കണ്ടു കെട്ടി. ടി കെ പൂക്കോയ തങ്ങളുടെ കുടുംബാംഗങ്ങളുടെ സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ ഡി എക്‌സിലെ പോസ്റ്റിലൂടെ വെളിപ്പെടുത്തി.
2006 ൽ ഫാഷൻ ഗോൾഡ് ജ്വലറി ഇന്റർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യ കംപനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകംപനികൾ രജിസ്റ്റർ ചെയ്തത്. ഒരേ മേൽവിലാസത്തിലാണ് കംപനികൾ രജിസ്റ്റർ ചെയ്തതെങ്കിലും ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
The attached assets include immovable properties of Fashion Gold Group Company and its Chairman M.C. Kamaruddin, Managing Director T.K. Pookoyathangal and their family members/associates.
— ED (@dir_ed) August 5, 2024
മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആർജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും ജ്വലറി നിക്ഷേപത്തിന് വലയിൽ വീഴ്ത്തിയതെന്നാണ് ആക്ഷേപം. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഖമറുദ്ദീന് എംഎൽഎ സ്ഥാനം നഷ്ടപ്പെടുകയും രാഷ്ട്രീയ ഭാവി ഇരുളടയുകയും ചെയ്തിരുന്നു.
അബ്ദുർ റസാഖ്, മുഹമ്മദ് കുഞ്ഞി, മാഹിൻ കുട്ടി മുഹമ്മദ്, എസ്എം അശ്റഫ്, ഐദിദ്, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, എടിപി അബ്‌ദുൽ ഹമീദ്, കപണയിൽ സൈനുദ്ദീൻ, സിപി ഖദീജ, കെവി നിയാസ്, പുതിയപുരയിൽ അബ്ദുർ റശീദ്, ഹനീഫ് തായിലകണ്ടി, പിസി മുഹമ്മദ്, ഇഎം അബ്ദുൽ അസീസ്, അച്ചാര പാട്ടിൽ ഇഷ, സിപി കുഞ്ഞബ്ദുല്ല, അബ്‌ദുൽ അസീസ് എന്നിവരെ പ്രതി ചേർത്താണ് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രതികളിൽ ഒരാൾ മരിച്ചു.
അധികപേരും വിദേശത്താണ്. ചെയർമാൻ എംസി ഖമറുദ്ദീൻ, മാനജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ, മുഹമ്മദ് ഇശാം എന്നിവരെയും മാനജർ സൈനുൽ ആബിദിനെയും നേരത്തേ പ്രതി ചേർത്തിരുന്നു. 168 കേസുകളാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ബഡ്സ് ആക്ട് കൂടി ഉൾപ്പെടുത്തിയതോടെയാണ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചത്.