Arrested | 'പെൺസുഹൃത്തിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഓടോറിക്ഷ ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ചു'; കാസർകോട്ടെ യുവാവ് ബെംഗ്ളൂറിൽ അറസ്റ്റിൽ
ബെംഗ്ളുറു: (KasaragodVartha) പെൺസുഹൃത്തിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഓടോറിക്ഷ ഡ്രൈവറെ കുത്തിപ്പരുക്കേൽപിച്ചുവെന്ന കേസിൽ കാസർകോട് സ്വദേശി അറസ്റ്റിലായി. മുഹമ്മദ് അൻസാരി (23) എന്ന യുവാവാണ് പിടിയിലായത്. ഇക്കഴിഞ്ഞ മെയ് നാലിന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ബെംഗ്ളൂറിന്റെ പ്രാന്തപ്രദേശത്തുള്ള കോണനകുണ്ടേ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്ത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തതായി ഡെക്കാൻ ഹെറാൾഡ് റിപോർട് ചെയ്‌തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
'മെയ് നാലിന് മുഹമ്മദ് അൻസാരിയും ചിക്കമംഗളൂരു സ്വദേശിനിയായ സുഹൃത്തും ബെംഗ്ളൂറിലെ ജെപി നഗറിൽ താമസിക്കാൻ വാടക വീട് അന്വേഷിച്ച് വന്നിരുന്നു. രാത്രിയായിട്ടും അനുയോജ്യമായ വീട് കിട്ടാതെ വന്നപ്പോൾ അവർ തിരികെ പോവുന്നതിനായി ബസ് കയറാൻ മജസ്റ്റികിലേക്ക് പോയി. അവിടെ വച്ചാണ് ഓടോറിക്ഷാ ഡ്രൈവർ സുന്ദർ രാജു എന്നയാളെ പരിചയപ്പെട്ടത്.
ബസുകൾ കുറവാണെന്നും അർധരാത്രിക്ക് ശേഷം താമസിക്കാൻ മുറി കിട്ടുക ബുദ്ധിമുട്ടാണെന്നും പറഞ്ഞ് രാജു അവരെ തന്റെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ഇരുവരും രാജുവിനൊപ്പം അയാളുടെ വീട്ടിലേക്ക് പോയി. എന്നാൽ വീട്ടിലെത്തിയപ്പോൾ രാജു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ദേഷ്യപ്പെട്ട അൻസാരി അടുത്തുള്ള ചെറിയ കത്തി ഉപയോഗിച്ച് രാജുവിനെ ആക്രമിക്കുകയും തുടർന്ന് യുവതിയെയും കൂട്ടി രക്ഷപ്പെടുകയും ചെയ്‌തു.
പിന്നീട് രാജു ആശുപത്രിയിൽ ചികിത്സ തേടി. അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് കേസിലേക്ക് നയിച്ചത്. കത്തിയുമായി രണ്ട് യാത്രക്കാർ തന്നെ ആക്രമിച്ചെന്നാണ് രാജു പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം, രാജു കള്ളം പറഞ്ഞതാണെന്ന് കണ്ടെത്തി. സത്യാവസ്ഥ പുറത്തുവന്നതോടെ കൊലപാതകശ്രമത്തിന് ഐപിസി 307 വകുപ്പ് പ്രകാരം കേസെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളാണ് അൻസാരിയെ പിടികൂടാൻ സഹായകമായത്. ഐപിസി 354 എ വകുപ്പ് പ്രകാരം രാജുവിനെതിരെ ലൈംഗികാതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന രാജുവിനെ ചികിത്സയ്ക്ക് ശേഷം രാജുവിനെ അറസ്റ്റ് ചെയ്യും'.