Robbery Attempt | മൊഗ്രാലിൽ എടിഎം കൊള്ളയടിക്കാൻ ശ്രമം; അലാം മുഴങ്ങിയതോടെ മുഖം മൂടി സംഘം കടന്നുകളഞ്ഞു
പിന്നിൽ കവർച്ചയ്ക്കിറങ്ങിയ പുതിയ പയ്യൻമാരെന്ന് പൊലീസ്
കുമ്പള: (KasargodVartha) മൊഗ്രാലില്‍ എടിഎം തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമം. അലാം മുഴങ്ങിയതോടെ മുഖം മൂടി സംഘം കടന്നുകളഞ്ഞു. ദേശീയപാതയിൽ മൊഗ്രാല്‍ ജൻക്ഷനിലെ എടിഎം മെഷീൻ തകര്‍ത്താണ് പണം കൊള്ളയടിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ചെ 3.30 മണിയോടെയാണ് സംഭവം. സൗത് ഇൻഡ്യൻ ബാങ്കിന്റെ മൊഗ്രാല്‍ ശാഖയോട് ചേര്‍ന്നുള്ള എടിഎമിലാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ പറഞ്ഞു.
എടിഎം മെഷീന്‍ തകര്‍ക്കുന്നതിനിടയില്‍ അലാം മുഴങ്ങിയതോടെയാണ് തൊപ്പി ധരിച്ച് മുഖം തുണികൊണ്ട് മറച്ച യുവാവ് വെപ്രാളത്തോടെ പുറത്ത് കടക്കുന്നത് എ ടി എം കൗണ്ടറിലെ സിസിടിവി കാമറയിലെ ദൃശ്യത്തിലുണ്ട്. ബൈകിലാണ് കവർച്ചാ സംഘം എത്തിയതെന്ന് കരുതുന്നു. കവർച്ചാ ശ്രമത്തിന് പിന്നിൽ ഈ രംഗത്തെ പുതിയ ആൾക്കാരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
കവർച്ച നടന്ന എ ടി എമിന് അൽപം ദൂരെ പൊലീസ് പട്രോളിംഗ് നടത്തി കൊണ്ടായിരുന്ന സമയത്താണ് അലാം മുഴങ്ങിയത്. പൊലീസ് പെട്ടെന്ന് ബാങ്കിനു സമീപത്ത് എത്തുമ്പോഴേക്കും സംഘം കടന്നു കളഞ്ഞിരുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാര്‍, എസ്ഐ കെ ശ്രീജേഷ് എന്നിവര്‍ കവർച്ചക്കാർക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മെലിഞ്ഞ ശരീരപ്രകൃതമുള്ള ഉയരം കൂടിയ യുവാവാണ് സി സി ടി വി ദൃശ്യത്തിലുള്ളത്. സമീപങ്ങളിലെ സിസിടിവി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. രാവിലെ പൊലീസ് നായയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് മാനജര്‍ ജസ്റ്റിന്റെ പരാതിയിൽ കേസെടുത്തു.