Budget | സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച; കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുൻതൂക്കം വരുമാന വർധനവിന്; ക്ഷേമ പെൻഷൻ കൂട്ടിയേക്കും
തിരുവനന്തപുരം: (www.kasargodvartha.com) 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ ചിലവുകൾ ചുരുക്കിയും വരുമാന വർധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കാകും ബജറ്റിൽ മുൻതൂക്കം.
കിഫ്ബി വഴി വൻകിട പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. മുൻവർഷങ്ങളിലേതുപോലെ റോഡ് നിർമാണത്തിനും കെട്ടിട നിർമാണത്തിനുമായി കിഫ്ബി വഴി അനുവദിക്കുന്ന തുക കുറയാനാണ് സാധ്യത. എങ്കിലും നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുടര്ച്ച ഉറപ്പാക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച് ബജറ്റ് അവതരിപ്പിച്ചാൽ സിഗരറ്റ് ഉൾപ്പെടെ പല ഉൽപന്നങ്ങൾക്കും വില കൂടാൻ സാധ്യതയുണ്ട്.
സർക്കാർ ഫീസ്, പിഴ, മോട്ടോർ വാഹന പിഴ എന്നിവ വർധിക്കാനാണ് സാധ്യത. ഭൂനികുതി, മദ്യത്തിന്റെ നികുതി എന്നിവയിലും വർധനവ് ഉണ്ടായേക്കാം. വെള്ളക്കരം ഉൾപ്പെടെ വർധിച്ച സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കൂടുമെന്ന ആശങ്കയിലാണ് ജനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ധനസഹായം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ബജറ്റിൽ ഇതിന് മാറ്റമുണ്ടാവുമോയെന്ന് കണ്ടറിയണം. കൂടുംബശ്രീകൾക്കും കർഷകർക്കും ബജറ്റ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ചെറുകിട വ്യവസായികൾക്കും പുതിയ സംരംഭകർക്കും ബജറ്റിൽ വലിയ പ്രതീക്ഷയുണ്ട്. ക്ഷേമ പെൻഷൻ കൂട്ടാനും സാധ്യതയുണ്ട്.
Keywords: Thiruvananthapuram, News, Kerala, Kerala-Budget, Budget, Business, Kerala Budget on Friday.