city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃത്തിയും വെടിപ്പും ലോകത്ത് എവിടെയും ഇറങ്ങാത്ത വസ്ത്രങ്ങളും അണിഞ്ഞ് കുറച്ചു ക്രീമും പുരട്ടിയാല്‍ വെളുത്തു മൊഞ്ചന്‍ ആണെന്നുള്ള അഹങ്കാരം ഉണ്ടായാല്‍ മാത്രം പോരാ, നമ്മുടെ ചുറ്റുപാടുകൂടി വൃത്തിയായിക്കിടക്കണം

ബുര്‍ഹാന്‍ തളങ്കര

(www.kasargodvartha.com 02.12.2017) വ്യക്തിശുദ്ധിയുടെ കാര്യത്തില്‍ നമ്മള്‍ എന്നും മുന്‍പന്തിയിലാണ്. വേണ്ടിവന്നാല്‍ ദിവസം രണ്ടോ മൂന്നോ തവണ കുളിക്കാനും സമയം കണ്ടെത്തും. പക്ഷേ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ നാം ഇതിന്റെ നൂറിലൊരംശം ശ്രദ്ധ പുലര്‍ത്താറില്ല എന്നതാണ് സത്യം. കേരളത്തില്‍ തിരക്ക് അല്‍പം കുറവുള്ളതും ആളൊഴിഞ്ഞ സ്ഥലങ്ങളിലെല്ലാം വഴിയോരങ്ങളില്‍ മാലിന്യങ്ങള്‍ നിറച്ച ചാക്കുകളും പ്ലാസ്റ്റിക് കൂടുകളും നിരയായി കിടക്കുന്നത് പതിവു  ദൃശ്യമാണ്.

വീട്ടിലെ മാലിന്യങ്ങള്‍ നിറച്ച ചാക്ക് വിലകൂടിയ കാറില്‍ കൊണ്ടുവന്നു വഴിയോരത്തു നിക്ഷേപിച്ചശേഷം കൂസലില്ലാതെ മടങ്ങുന്ന മാന്യന്മാരെ കയ്യോടെ പിടിച്ച് നാട്ടിലുള്ള എല്ലാ മാലിന്യങ്ങളും ഇവരുടെ വീട്ടില്‍ നിക്ഷേപിക്കണം. എന്നാലേ ഇവര്‍ പാഠം പഠിക്കുകയുള്ളൂ. പ്രാചീന കാലം മുതല്‍ നമ്മുടെ പൂര്‍വികര്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നുവെന്ന് നമ്മുടെ പുരാതന സംസ്‌കാരത്തിലും മതങ്ങളിലും വ്യക്തമാക്കുന്നു.

ശുചിത്വം ഒരു സംസ്‌കാരമാണെന്നും ദൈവകൃപ നേടാനുള്ള മാര്‍ഗ്ഗമാണെന്നും അതിന് പ്രതിഫലമുണ്ടെന്നും തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തുതയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. പനി പിടിച്ച മക്കളുമായി ചികിത്സാലയത്തിനു മുന്നില്‍ വരി നില്‍ക്കുമ്പോള്‍ ഓര്‍ക്കണം, നിങ്ങള്‍ റോഡരികിലും ജലാശയങ്ങളിലും വിത്തുപാകിയ മാലിന്യത്തില്‍ നിന്നാണ്  ഡെങ്കി പനിയും മഞ്ഞപ്പിത്തം മലേറിയ പോലുള്ള രോഗങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് സമ്മാനിച്ചതെന്ന്.

ശുചിത്വത്തിന്റെ കാര്യത്തില്‍ നാം ഏറെ പിറകിലാണെന്ന് കണ്‍തുറന്നു നോക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?. വ്യക്തി ശുചിത്വത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന നമ്മള്‍ പരിസര ശുചിത്വതിലും പൊതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്‍പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്‌നമാണ് ഇത്. ആരും കാണാതെ മാലിന്യം നിരത്ത് വക്കില്‍ ഇടുകയും സ്വന്തം വീട്ടിലെ മാലിന്യം അയല്‍കാരന്റെ പറമ്പിലേക്കെറിയുകയും സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേക്ക് തുറന്നുവിടുന്ന നമ്മുടെ കപട സാംസ്‌കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ നമ്മള്‍ ചെയ്യുന്നത്? ഈ അവസ്ഥ തുടര്‍ന്നാല്‍ 'മാലിന്യ കാസര്‍കോട്' എന്ന ബഹുമതിക്ക് നാം അവകാശികള്‍ ആകില്ലേ?

പൗരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തില്‍ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാല്‍ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്‌കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാല്‍ പൊതുശുചിത്വം സ്വയം ഉണ്ടാകും. ഞാന്‍ ചെല്ലുന്നിടമെല്ലാം ശുചിത്വമുള്ളതായിരിക്കണമെന്ന ചിന്ത ഉണ്ടെങ്കില്‍ ശുചിത്വമില്ലായ്മക്കെതിരെ നമ്മള്‍ പ്രവര്‍ത്തിക്കുകയും, പ്രതികരിക്കുകയും ചെയ്യും. സാമൂഹ്യബോധമുള്ള ഒരു വ്യക്തി തന്റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. അയല്‍ക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ അയല്‍ക്കാരുടെ ശുചിത്വത്തിനുള്ള അവകാശത്തിന്മേല്‍ കയ്യേറ്റം നടത്തുകയാണ് ചെയുന്നത്.

തങ്ങളുടെ പരിസരപ്രദേശങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ സമൂഹവും ഏറ്റെടുക്കണം. കാസകോട് വലിയ വേരോട്ടമില്ലാത്ത കാര്യമാണ് റസിഡന്‍സ് അസോസിയേഷന്‍. ഓരോ പ്രദേശങ്ങളിലും നിശ്ചിത വീടുകള്‍ കേന്ദ്രീകരിച്ച്  അസോസിയേഷനുകള്‍ രൂപീകരിക്കുകയും എല്ലാ മാസവും യോഗം കൂടി നാട്ടിലെ മാലിന്യം പോലുള്ള പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനുള്ള  ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.  ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കോട്, കൊറക്കോട്, ബിലാല്‍ നഗര്‍ വാട്‌സ്ആപ്പ് കൂട്ടായ്മ, ദീനാര്‍ ഐക്യവേദി, നുസ്രത്ത് ചൗക്കി, സര്‍വാന്‍സ് ചൗക്കി, സിവൈസിസി ചൗക്കി, ഗസ്സാം ചൗക്കി, ഇവൈസിസി ഏരിയല്‍ തുടങ്ങിയ ക്ലബ്ബകള്‍ പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കി പരിസര ശുചീകരണ നടത്തിയിരുന്നു. പലരും നവമാധ്യമങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ വളരെ ചുരുക്കം പേരാണ് മാലിന്യ നിര്‍മാര്‍ജനത്തിന് മുന്നോട്ട് വരുന്നത് .ഇതു എന്റെ ജോലിയല്ല എന്ന ചിന്ത മാറ്റി വെച്ച് മറ്റുള്ള സ്ഥലങ്ങളിലെ യുവാക്കളും ക്ലബ്ബുകളും മുന്നിട്ടിറങ്ങിയാല്‍ നല്ലൊരു മാറ്റം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കാം. വൃത്തിയും വെടിപ്പും ലോകത്ത് എവിടെയും ഇറങ്ങാത്ത വസ്ത്രങ്ങളും അണിഞ്ഞ് കുറച്ചു ക്രീമും പുരട്ടിയാല്‍ വെളുത്തു മൊഞ്ചന്‍ ആണെന്നുള്ള അഹങ്കാരം ഉണ്ടായാല്‍ മാത്രം പോരാ. നമ്മുടെ ചുറ്റുപാടുകൂടി വൃത്തിയായിക്കിടണം എന്നുള്ള വിവേകം കൂടി ഉണ്ടാവണം. അവിടെയാണ് നിങ്ങളുടെ കഴിവ് ഉണരേണ്ടത്. അല്ലെങ്കില്‍ നാളെ നിങ്ങളെ സമൂഹത്തിന്റെ മുന്നില്‍ വെറും പാടത്തില്‍ കുത്തി വെക്കുന്ന കോലങ്ങള്‍ക്ക് സമാനമായി നോക്കി കാണും. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ജയന്തി ദിനത്തില്‍ മാത്രം പരിസര ശുചികരണം  മതിയെന്ന് കരുതി ആചരിച്ചു പോരുന്ന വ്യക്തികളും സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. വര്‍ഷത്തില്‍ മുഴുവനും പരിസരത്തെ ഒരു മാറാല പോലും എടുത്തു മാറ്റാതെ ഒക്ടോബര്‍ രണ്ടാം തീയ്യതി മാത്രം ഉണരുന്ന ശുചീകരണം. ഇവരാണ് സര്‍ക്കാര്‍ ശുചീകരണ പദ്ധതികളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വരുന്നത്. കഷ്ടം തന്നെ.

Keywords:  Kasaragod, Kerala, Article, Cleaning, Burhan Thalangara, Article about Cleaning

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia