വര്‍ഷങ്ങളായി മാതൃകാ വിവാച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ശ്രീബാഗില്‍
Apr 6, 2012, 14:58 IST
ഒരു പത്തു വര്‍ഷത്തിനിപ്പുറമാണ് മുസ്ളിം വിവാഹച്ചടങ്ങുകളോടൊപ്പം പല അനാചാരങ്ങളും കടന്നു കൂടാന്‍ തുടങ്ങിയതെന്ന് തോന്നുന്നു. മതനിശിദ്ധമായ പല പരിപാടികളും പൊടുന്നനെ ഒരാചാരം പോലെയായിത്തീരുന്ന കാഴ്ച പലരും അതിശയത്തോടെയാണ് നോക്കിക്കണ്ടത്. ആദ്യം അടിപൊളി ഗാനങ്ങള്‍ക്ക് ചുവടുവെച്ച യുവാക്കള്‍ പിന്നീടതിന് അല്‍പം ലഹരിയിലാകുന്നത് നല്ലതെന്നും അതോടെ അതിനെ ഒരഴിഞ്ഞാട്ടമാക്കുകയും ചെയ്തു. തുടക്കത്തില്‍ ഒരു രസത്തിന് മണവാളന് അകമ്പടി സേവിച്ച ബൈക്കുസവാരിക്കാരായ കൂട്ടുകാര്‍ പിന്നീടാവുമ്പോഴേയ്ക്കും ആ പൊതു നിരത്ത് അന്നേരം ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാക്കി. ഏതോ കാട്ടാളന്മാര്‍ അവരുടെ വന്യവാഹനങ്ങളില്‍ യുദ്ധത്തിന് പുറപ്പെട്ട പോലെ.. സുരക്ഷ ലക്ഷ്യമാക്കി കാണികള്‍ക്ക് ഏതിലാണെന്നറിയാതിരിക്കാന്‍ പ്രധാനമന്ത്രിമാര്‍ ഒരേ തരം വണ്ടികളില്‍ തെരുവിലൂടെ സവാരി ചെയ്ത രീതി അനുകരിച്ച് മണവാളന് രണ്ടും മൂന്നും ഡ്യൂപ്പുകളായി. പെണ്‍വീട്ടില്‍ മണിയറയില്‍ ആദ്യം കയറുന്ന മണവാളന്‍ ചിലപ്പോള്‍ ഡ്യൂപ്പാവുകയും ചെയ്തു. സുഹൃത്തുക്കള്‍ മണവാളനെക്കൊണ്ട് പോയി പെണ്‍വീട്ടില്‍ അവളുടെ ബന്ധുക്കളോട് വില പേശി കാശ് അടിച്ചു മാറ്റുന്നതും ആ കാശ് കൊണ്ട് മദ്യം വരുത്തി പന്തലില്‍ വെച്ചു തന്നെ ഗ്ളാസ് പൊട്ടിക്കുന്നത് വരെയെത്തി ഈ പേക്കൂത്ത്.
അതോടെയാണ് പല മഹല്ലുകളിലും ഭരണസാരഥികള്‍, മഹല്ലുകളിലെ മൂപ്പന്മാര്‍ക്കൊപ്പമിരുന്ന് കൂലങ്കശമായി ചിന്തിക്കാന്‍ തുടങ്ങിയത്. ഇത് നാടിനപമാനമാണ്. ഉടനെ നിയന്ത്രിച്ചില്ലെങ്കില്‍ അനിയന്ത്രിതമാകും എന്നും മറ്റും. കാരണങ്ങളിലൊന്നു ഞാന്‍ മുമ്പൊരിക്കല്‍ ചൂണ്ടിക്കാട്ടിയത് തന്നെ. ഗള്‍ഫ് പ്രവാസം യാഥാര്‍ത്ഥ്യമായതോടെ ഇളം തലമുറ കുടുംബനാഥനായതാണ്. അയാളുടെ ചൊല്‍പ്പടിയിലാണ്. അയാളുടെ ഗള്‍ഫ് പണം ആശ്രയിച്ചു കഴിയുന്ന കാരണവന്മാര്‍. പക്ഷെ അതങ്ങ് കയറഴിച്ചു വിടാന്‍ മഹല്ല് ഭരണാധികാരികള്‍ക്കാവില്ലല്ലോ? മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട് കാസര്‍കോട്ടെ ഒരാള്‍, ആയിടെ ഖാളിയാര്‍ക്കയച്ച ഒരു കത്തിന്റെ കോപ്പി ചില എഴുത്തുകാര്‍ക്കും പത്രക്കാര്‍ക്കും അയച്ചു കൊടുത്തു. അതിവിടെ ചര്‍ച്ചാവിഷയമായി. സ്ത്രീധനമെന്ന അനാചാരത്തിനെതിരായിരുന്നു അത്. ഖാളിയും പ്രാദേശിക മഹല്ല് ഭരണാധികാരികളും അതില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട്. അതൊരു ചലനമുണ്ടാക്കിയെന്നതിനെ നിഷേധിക്കാനാവില്ല. അതിനെത്തുടര്‍ന്ന് ചില് ചര്‍ച്ചായോഗങ്ങളും ഇവിടെ സംഘടിക്കപ്പെട്ടതും ഓര്‍ക്കുന്നു. പല മഹല്ലുകളിലും, സ്ത്രീധനത്തിനും അതു പോലെ വിവാഹങ്ങളിലെ ധൂര്‍ത്തിനും, മേല്‍ സൂചിപ്പിച്ച നിഷിദ്ധമായ ഏച്ചുകൂട്ടലുകള്‍ക്കുമെതിരെ ശബ്ദമുയര്‍ന്നു. ചുരുക്കം ചിലയിടങ്ങളില്‍ അതിനെതിരെ ജമാഅത്ത് കര്‍ശനമായ നിയന്ത്രണം കൊണ്ടു വന്നു. അതിലും ചിലയിടത്ത് സാരഥികളുടെ വീട്ടില്‍ നടത്തുമ്പോള്‍ നിയന്ത്രണം അറ്റുപോയ തമാശയും നടന്നു. അത് ചേദ്യം ചെയ്ത്കൊണ്ട് നിയന്ത്രണം തന്നെ പിന്‍വലിക്കേണ്ടി വന്ന നാണക്കേടും ചിലയിടത്ത് ഉണ്ടായിട്ടുണ്ട്.
രണ്ടാമതോ മൂന്നാമത്തേതോ ആയാണ് മധൂര്‍ പഞ്ചായത്തിലെ ശ്രീബാഗില്‍ മഹല്ല് കമ്മിറ്റി വ്യക്തമായ നിബന്ധനകളോടെ മഹല്ല് പരിധിയിലെ വിവാഹച്ചടങ്ങുകള്‍ക്ക് നിയന്ത്രണം കൊണ്ട് വന്നത്. ഏഴെട്ടു വര്‍ഷങ്ങളായി യാതൊരു ഭംഗവും വരുത്താതെ, നാട്ടില്‍ ഈ നിയന്ത്രണം നിലനിന്നു പോരുന്നു എന്നത് മാത്രമല്ല, പല മഹല്ലുകളും ഞങ്ങളുടെ ഒരു പാനല്‍ തയ്യാറാക്കിയ ആ നിബന്ധനകളുടെ കോപ്പികള്‍ വാങ്ങി അതവരുടെ മഹല്ലുകളില്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു വരികയാണ്. അതിലെ പുറംമഹല്ലില്‍ നിന്നും വരുന്ന ആണ്‍/പെണ്‍ വീട്ടുകാര്‍ ഈ മഹല്ല് പരിധിക്കകത്ത് മഹല്ലിന്റെ നിയമം പാലിക്കണമെന്നതും, ഈ മഹല്ലില്‍ നിന്നുള്ളവര്‍ ഈ ലോകത്തെവിടെയുള്ള പെണ്‍/ആണ്‍ വീട്ടില്‍ പോകുകയാണെങ്കിലും അവിടേയും ഈ നിയമം പാലിക്കണമെന്നുമുള്ളതാണ് പലരും ശ്രദ്ധിക്കാനിടയാക്കിയത്. ഒരു വിവാഹച്ചടങ്ങിന്റെ ആകെയുള്ള സൂക്ഷിക്കപ്പെടുന്ന ഒരേടെന്ന നിലയിലും, പുതിയ കാലത്തെ ഒരവിഭാജ്യ ഘടകമെന്ന നിലയിലും വിഡിയോ/ക്യാമറ ഇവിടെ നിരോധിക്കാത്തതും പ്രവാസികള്‍ക്ക് അനുഗ്രമായി.
-എ.എസ് മുഹമ്മദ്കുഞ്ഞി
Keywords: Sreebagil Jamaath, Article, A.S.Mohammedkunhi