city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റാഗിംഗ് എന്ന ക്രൂര വിനോദം എന്നവസാനിക്കും

ടി കെ പ്രഭാകരന്‍

(www.kasargodvartha.com 29.08.2017)
നാളെയുടെ വാഗ്ദാനങ്ങള്‍ എന്നാണ് വിദ്യാര്‍ത്ഥി സമൂഹത്തെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തല്‍. അതിന് കാരണവുമുണ്ട്. ഭാവിയില്‍ ഈ ലോകത്തെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കാനുള്ള കഴിവും പ്രാപ്തിയും കരഗതമാകേണ്ടത് വിദ്യാഭ്യാസത്തിലൂടെയാണ്. അതിലൂടെ ലഭിക്കുന്ന അറിവും സംസ്‌കാരവും വിവേകവും മനുഷ്യത്വവുമാണ് ഒരു വ്യക്തിയെ ഉത്തമഗുണമുള്ള പൗരനാക്കി മാറ്റുന്നത്. അങ്ങനെ വിദ്യ നേടുന്നവരെല്ലാം ഭാവിയുടെ പ്രതീക്ഷകളും മുതല്‍ക്കൂട്ടുകളുമാണ്. അങ്ങനെ തന്നെയാകുകയും വേണം.

റാഗിംഗ് എന്ന ക്രൂര വിനോദം എന്നവസാനിക്കും

എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും കേള്‍ക്കുന്ന അങ്ങേയറ്റം നടുക്കമുളവാക്കുന്നതും വേദനാജനകവുമായ വിവരങ്ങള്‍ നമ്മുടെ നാടിന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ അധികരിപ്പിക്കുന്നതാണ്. സഹജീവികളെ ക്രൂരമായി പീഡിപ്പിക്കുകയും വേദനിപ്പിക്കുകയും മരണത്തിലേക്ക് വരെ തള്ളിയിടുകയും ചെയ്യുന്ന മനുഷ്യത്വം മരവിപ്പിക്കുന്ന ചെയ്തികളുടെ ഉടമകളായി മാറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്ന റാഗിംഗ് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.

വിദ്യാലയങ്ങളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുന്നത് പുതിയ വിഷയമല്ല. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉത്ഭവം തൊട്ടുതന്നെ റാഗിംഗ് എന്ന ക്രൂരവിനോദം കലാലയങ്ങളില്‍ നടമാടി വരികയാണ്. റാഗിംഗിനിരകളാകുന്ന കുട്ടികള്‍ മാനസികമായി തകര്‍ന്ന് വിഷാദരോഗികളായി മാറുകയും പഠനം ഉപേക്ഷിച്ച് വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടുകയും സാമൂഹികബന്ധങ്ങളൊന്നുമില്ലാതെ അന്തര്‍മുഖത്വത്തില്‍ ജീവിക്കുകയും ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമൊക്കെ ചെയ്യാറുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ റാഗിംഗ് എന്ന ക്രൂരവിനോദത്തിന് മൂക്കുകയറിടുന്നതിനായി ഒരു നിയമത്തിന് സര്‍ക്കാര്‍ രൂപം നല്‍കുകയുണ്ടായി.

റാഗിംഗ് നിരോധനനിയമം എന്ന പേരില്‍ അറിയപ്പെടുന്ന ഈ വകുപ്പ് അവസരത്തിനൊത്ത് എവിടെയും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ ജില്ലയിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും റാഗിംഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമീപകാലത്തായി ഉയര്‍ന്നുവരികയാണ്. റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘട്ടനങ്ങളും അക്രമങ്ങളും പൊതുമുതല്‍ നശീകരണവുമൊക്കെ സര്‍വസാധാരണമായിരിക്കുകയാണ്. സര്‍ക്കാര്‍ - സ്വകാര്യ സ്‌കൂളുകളിലും കോളജുകളിലും റാഗിംഗിനെ ചൊല്ലിയുള്ള അക്രമങ്ങള്‍ വ്യാപകമായി അരങ്ങേറുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ കൂടി ഇടപെടുന്നതിനാല്‍ കലാലയാന്തരീക്ഷം കലുഷിതമായി മാറുന്നു.

കാഞ്ഞങ്ങാടിന്റെ സമീപപ്രദേശത്തുള്ള ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ റാഗിംഗ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പൊരിഞ്ഞ സംഘട്ടനത്തില്‍ കലാശിച്ചത് ഒരാഴ്ച മുമ്പാണ്. ഇവിടെ ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്ന പരാതിയാണ് ഇരുവിഭാഗം കുട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കെത്തിച്ചത്. ഇവിടത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ഒരു പറ്റം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ആരോപണവിധേയരായ പതിനഞ്ചോളം പ്ലസ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്തു. ഇതിനിടെ പുറത്തുനിന്നുള്ളവര്‍ വിവരമറിഞ്ഞ് എത്തിയതോടെ പ്രശ്‌നം പൊതുസ്ഥലത്ത് പൊരിഞ്ഞ സംഘട്ടനത്തിന് കാരണമായി.

പോലീസെത്തിയാണ് അടിപിടിയിലേര്‍പ്പെട്ടവരെ പിന്തിരിപ്പിച്ചത്. എന്നാല്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ സാധാരണ അടിപിടിക്കാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. വളരെ ഗൗരവമേറിയ കേസായ റാഗിംഗ് നടന്നിട്ടും അടിപിടി എന്ന മട്ടില്‍ പരാതി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റ് റാഗിംഗിന്റെ ഇരകള്‍ക്ക് നീതി കിട്ടുവാന്‍ യാതൊരു ഇടപെടലും നടത്തിയില്ല. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിസംഗത കാരണം പോലീസിന് ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനുമായില്ല. കാഞ്ഞങ്ങാട്ടെ മറ്റൊരു സ്‌കൂളിലും റാഗിംഗിന്റെ പേരില്‍ അക്രമം നടന്നു. ഇവിടെയും അടിപിടിക്ക് നിസാരവകുപ്പിട്ട് പോലീസ് കേസെടുക്കുകയായിരുന്നു.

ചട്ടഞ്ചാലിന് സമീപത്തെ ഒരു സ്വകാര്യസ്‌കൂളിലും കാസര്‍കോടിന് സമീപത്തെ ഒരു സ്‌കൂളിലും ആദൂരിലെ സ്‌കൂളിലും റാഗിംഗുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ അക്രമങ്ങള്‍ നടന്നു. എന്നാല്‍ ഈ സംഭവങ്ങളിലൊക്കെയും പോലീസ് കേസെടുത്തപ്പോള്‍ പരാതികളില്‍ റാഗിംഗ് എന്ന പരാമര്‍ശമില്ലായിരുന്നു. വെറും തമ്മിലടിക്കേസുകളായി ഈ സംഭവങ്ങളും പരിണമിച്ചു. കാസര്‍കോട്ടെ ഒരു സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സീനിയര്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ പെണ്‍കുട്ടിയെ റാഗ് ചെയ്ത സംഭവം നടന്നത് ഈയിടെയാണ്. ഉപദ്രവകാരികളായ പെണ്‍കുട്ടികളെ കുറച്ചുകാലം സസ്‌പെന്‍ഡു ചെയ്തു. പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. വേറൊന്നും സംഭവിച്ചില്ല.

റാഗിംഗ് അടക്കമുള്ള പീഡാനുഭവങ്ങള്‍ നിറഞ്ഞ സ്‌കൂള്‍ അന്തരീക്ഷവുമായി നന്നായി പഠിക്കാനും സൗഹൃദത്തോടെ സഹപാഠികളോട് ഇടപഴകാനും താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൊരുത്തപ്പെട്ടുപോകാനാകില്ല. അവര്‍ ഇത്തരം വിദ്യാലയങ്ങളിലെ പഠനം സ്വാഭാവികമായി അവസാനിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് ഇങ്ങനെ കൂടിവരുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇവിടത്തെ പൊതുസമൂഹത്തിനും അധികാരിവര്‍ഗത്തിനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊന്നും ഒഴിഞ്ഞുമാറാനാകില്ല. റാഗിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കാനും കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ ഈ രീതിയില്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും ഉത്തരവാദപ്പെട്ടവരാരും തയ്യാറാകുന്നില്ല എന്നതുതന്നെയാണ് ഈ നിയമം കലാലയങ്ങളില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി.

വിദ്യാലയത്തിന്റെ സത്‌പേരിനെ ബാധിക്കുമെന്ന ആശങ്കയില്‍ ഇത്തരം കേസുകള്‍ ഏതുവിധേനയും ഒതുക്കി തീര്‍ക്കാനേ സ്വകാര്യ മാനേജ്‌മെന്റുകള്‍ ശ്രമിക്കുകയുള്ളൂ. റാഗിംഗിനും അക്രമത്തിനും ഇരകളാകുന്ന കുട്ടികള്‍ക്ക് എന്തുസംഭവിച്ചാലും തങ്ങളുടെ നില ഭദ്രമാക്കുക എന്ന താത്പര്യം മാത്രമേ ഇവര്‍ക്കുള്ളൂ. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും റാഗിംഗ് കേസുകളോട് തികഞ്ഞ വിമുഖതയാണ് കാണിക്കുന്നത്. സ്ഥാപനത്തിന്റെ അഭിമാനക്ഷതം മാത്രമല്ല റാഗിംഗിനെതിരായ കര്‍ക്കശനിലപാടില്‍ നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുന്ന ഘടകം. റാഗിംഗിനെ നയിക്കുന്ന സംഘങ്ങളില്‍ പലരും പണവും പ്രതാപവും രാഷ്ട്രീയ സ്വാധീനവും ഒക്കെയുള്ള കുടുംബങ്ങളില്‍ പെട്ടവര്‍ ആയിരിക്കും. സമൂഹത്തില്‍ പകല്‍മാന്യന്‍മാരായി നടക്കുന്ന പ്രതാപശാലികള്‍ക്ക് തങ്ങളുടെ മക്കള്‍ റാഗിംഗ് വീരന്‍മാരാണെന്ന് അറിയുമ്പോഴുണ്ടാകുന്ന മാനഹാനി വളരെ വലുതായിരിക്കുമല്ലോ.

സ്‌കൂള്‍ അധികൃതരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി റാഗിംഗ് കേസില്‍ നിന്നും തങ്ങളുടെ കുട്ടികളെ ഒഴിവാക്കാന്‍ ഇവര്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. പരാതിക്കാരായ കുട്ടികളെ കുടുംബങ്ങളെ പണം നല്‍കി സ്വാധീനിക്കുന്നതിലും ഇവര്‍ വിജയിച്ചെന്നുവരാം. കലാലയങ്ങളില്‍ റാഗിംഗ് സംബന്ധിച്ച പരാതികള്‍ ഉയരുമ്പോള്‍ ഭീഷണിയുടെയും പ്രലോഭനത്തിന്റെയും സമര്‍ദതന്ത്രങ്ങളാണ് ഇത്തരം പരാതികളെയൊക്കെയും അടിച്ചമര്‍ത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരിയുടെ അമിതമായ ഉപയോഗം റാഗിംഗ് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. കഞ്ചാവ് ലോബികളുടെ സ്വാധീനമേഖലകളിലുള്ള വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏറെയും റാഗിംഗ് പരാതികള്‍ ഉയര്‍ന്നുവരുന്നത്. മയക്കുഗുളികകളും മദ്യവും വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്ന മറ്റുകാരണങ്ങളാണ്. ലഹരിക്കടിമപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ മനോവൈകൃതങ്ങളും സ്വഭാവവൈകല്യങ്ങളും മറ്റു കുട്ടികള്‍ക്കുനേരെയുള്ള പീഡനങ്ങളായും അതിക്രമങ്ങളായും മാറുകയാണ് ചെയ്യുന്നത്. ആ നിലയ്ക്ക് റാഗിംഗിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടുകയെന്നതും ലഹരിമാഫിയകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയെന്നതും വലിയൊരു സാമൂഹ്യ ദൗത്യമാണ്.

ഒരു കാലഘട്ടം വരെ കലാലയങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരമായിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രേരണയോടെ വിദ്യാലയങ്ങളില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനങ്ങളില്‍ എത്രയോ കുരുന്നുജീവനുകളാണ് പൊലിഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലുള്ള വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ സ്‌കൂളുകളിലും കോളജുകളിലും ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിനെക്കാള്‍ വിദ്യാര്‍ത്ഥി സമൂഹത്തെ വേട്ടയാടുന്ന മാരക വിപത്താണ് റാഗിംഗ് പോലുള്ള മനുഷ്യത്വവിരുദ്ധമായ ചെയ്തികള്‍. വിദ്യാര്‍ത്ഥികള്‍ അധ്യാപകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മറ്റും നേരിടുന്ന ലൈംഗികചൂഷണങ്ങളും പീഡനങ്ങളും പല രീതികളിലുള്ള അതിക്രമങ്ങളും തടയാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ചൈല്‍ഡ് ലൈനിന്റെയും ബാലാവകാശകമ്മീഷന്റെയും ഇടപെടല്‍ സജീവമാണ്.

എന്നാല്‍ കുട്ടികള്‍ കുട്ടികളില്‍ നിന്നുതന്നെ നേരിടുന്ന റാഗിംഗിനെതിരെ ഈ രണ്ട് നിയമസംവിധാനങ്ങള്‍ക്കും യാതൊന്നും ചെയ്യാനാകുന്നില്ല. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു ബോധവത്കരണവും നടക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് പ്രോത്സാഹിപ്പിക്കപ്പെടുകയും ഇരകള്‍ക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്ന പ്രവണതകള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ റാഗിംഗിനോട് താത്പര്യമുള്ള കുട്ടികളുടെ സ്വഭാവം സാമൂഹ്യവിരുദ്ധമായി മാറും. അവരുടെ മനസില്‍ സഹജീവികളോടുള്ള സ്‌നേഹവും അനുകമ്പയും സൗഹൃദവും നഷ്ടമാകും.

ക്രിമിനല്‍വാസന നുരയിടുന്ന മനസുമായി വളരുന്ന കുട്ടികള്‍ക്ക് ഒരിക്കലും ഭാവിവാഗ്ദാനങ്ങളാകാന്‍ സാധിക്കില്ല. നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മികച്ച തലമുറയെ വാര്‍ത്തെടുക്കേണ്ടവരാണ് നിങ്ങളെന്ന ബോധം സഹജീവികളുടെ വേദനകള്‍ക്കും വികാരങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോഴുമുണ്ടാകണം. അങ്ങനെ നിങ്ങള്‍ നിങ്ങളെ തന്നെ തിരുത്തി എല്ലാവര്‍ക്കും മാതൃകയാകുന്ന വിദ്യാര്‍ത്ഥികളായി മാറണം. നിങ്ങള്‍ക്കതിന് സാധിക്കും. മനസുവെച്ചാല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Article, College, Police, Complaint, Case, Students, Attack, Raging, TK Prabhakaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia