യാത്രയായത് മൊഗ്രാലിലെ കായിക രംഗത്തെ കുലപതി
Sep 17, 2011, 13:36 IST
കാസര്‍കോട്: മൊഗ്രാലിലെ കായിക രംഗത്തെ കുലപതിയെയാണ് പി.സി.കെ മൊഗ്രാലിന്റെ (72) വിയോഗത്തില്‍ നഷ്ടമായത്. പുതിയപുരയില്‍ കുഞ്ഞിമാഹിന്‍ കുട്ടിയുടെയും കോട്ടിക്കുളം കാപ്പില്‍ കെ.സി ഖദീജാബിയുടെയും മകനായി 1939ലാണ് പി.സി.കെയുടെ ജനനം. കാസര്‍കോട് ഗവ. കോളേജില്‍ നിന്നും ബി.എസ്.സി ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. വിവിധ വകുപ്പുകളിലെ ജോലിക്ക് ശേഷം പൊതു മരാമത്ത് വകുപ്പിലൂടെ സര്‍വ്വീസില്‍നിന്ന് വിരമിച്ചു. ഇതിനിടയില്‍ നാടിന്റെ സാമൂഹിക-വിദ്യാഭ്യാസ-കായിക മേഖകളില്‍ പി.സി.കെ തന്റെ ശ്രദ്ധ പതിപ്പിച്ചു. 1960 മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ക്യാപ്റ്റനായിട്ടാണ് അദ്ദേഹം കളിക്കളത്തിലിറങ്ങുന്നത്. തന്റെ നായകത്വത്തില്‍ നിരവധി ട്രോഫികള്‍ മൊഗ്രാലിന് നേടിക്കൊടുത്തു. പിന്നീട് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.സി.കെ 1993 മുതല്‍ 2006 വരെ ഈ സ്ഥനത്ത് തുടര്‍ന്നു. 1993 മുതല്‍ 95 വരെ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മെമ്പറായി പ്രവര്‍ത്തിച്ച പി.സി.കെ 1990 മുതല്‍ ഇതുവരെ ഡി.എഫ്.എയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കായിക രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് മൊഗ്രാല്‍ ദേശീയവേദി പി.സികെയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പാദൂര്‍ കുഞ്ഞഹമ്മദ് ഹാജി ഉപഹാരം സമര്‍പ്പിക്കുന്നു.