city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യഥാ പ്രജാ തഥാ രാജ

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 01.04.2018) ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു നഗരസഭ സംസ്ഥാനത്തെ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അവിടുത്തെ ഒരു പ്രാദേശിക ചാനല്‍ പ്രവര്‍ത്തകര്‍ നഗരത്തിലിറങ്ങി, ഓരോ വിഭാഗത്തി( തൊഴിലടിസ്ഥാനത്തില്‍)-ന്റെയും പ്രതിനിധിയെന്ന നിലയില്‍ ഓരോരുത്തരെ സമീപിച്ച്, നമ്മുടെ നഗരസഭ കേരളത്തിലെ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത് എന്ന് ചോദിച്ചു. അവരിലൊരാള്‍ നല്‍കിയ മറുപടി തിരിച്ചൊരു ചോദ്യമായിരുന്നുവത്രെ. ഇതാണോ കേരളത്തിലെ മികച്ച മുനിസിപാലിറ്റി.? എന്നാല്‍ സംസ്ഥാനത്തെ ബാക്കി മുനിസിപ്പാലിറ്റികളുടെ അവസ്ഥ എന്തായിരിക്കുംല്ലെ.? എന്നൊരു രസകരമായ മറു ചോദ്യം. കൃത്യം ആണല്ലെ.? ചാനലുകാരന്‍ ചിരിച്ചു കൊണ്ട് അടുത്ത ആളിലേക്ക് പോയെങ്കിലും വാര്‍ത്തയ്ക്കിടയില്‍ പ്രക്ഷേപണം ചെയ്തത് ഇയാളെ ഫോക്കസ് ചെയ്തു കൊണ്ടായിരുന്നു. ഇത്തരം ചില അവാര്‍ഡുകളും അവയ്ക്ക്, നാം നിത്യവും കണ്ടുമുട്ടുന്ന, സാധാരണക്കാരായ ആളുകള്‍ ചമക്കുന്ന അര്‍ത്ഥങ്ങളും പലപ്പോഴും ഈയുള്ളവനെയും ഏറെ ചിരിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മഴ ഒന്ന് ചെറുതായി ചാറ്റിപ്പോയി. കേരളത്തില്‍ മറ്റിടത്ത് പെയ്തത്രയും ഇവിടെ പെയ്തിട്ടില്ല. അത് ഒന്നോ മറ്റെല്ലാ മേഖല കളി ലുമെന്ന പോലെ കാസര്‍കോട്ടുകാര്‍ക്ക് ഇത്ര മതി എന്നാവും അല്ലെങ്കില്‍ ഇവിടുത്തെ ഓടകളുടെ അവസ്ഥ ഓര്‍ത്തിട്ടാവും എന്നാണ് എനിക്കു തോന്നിയത്. ഈയിടെ എറണാകുളം ജില്ലയിലെ രണ്ട് മൂന്നിടങ്ങളില്‍ വ്യക്തിപരമായ ചില കാര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ക്ക് പോകേണ്ടി വന്നിരുന്നു. ആലുവ, അങ്കമാലി, പെരുമ്പാവൂര് എന്നിവിടങ്ങളില്‍. മൂന്നും മുനിസിപാലിറ്റികളാണ്. ഫുട്പാത്തിലൂടെ നടക്കുമ്പോഴും, പരിസരങ്ങള്‍ വീക്ഷിക്കുമ്പോഴും, സര്‍ക്കാര്‍ ആശുപത്രിയില്‍ കയറിയിറങ്ങുമ്പോഴും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുമ്പോഴും ഒക്കെ ഞാനാലോചിച്ചു പോയത് നമ്മുടെ കാസര്‍കോടിന്റെ ഒരവസ്ഥയെക്കുറിച്ചായിരുന്നു. നഗരസഭകളില്‍ ഗ്രേഡുണ്ടോ എന്തോ. പക്ഷെ ഒരുപാട് വ്യത്യാസങ്ങള്‍ എനിക്ക് അവിടെയുമിവിടെയുമായി കാണാന്‍ കഴിഞ്ഞു. എടുത്തു പറയേണ്ടത് ആ മൂന്നിടത്തെയും വൃത്തി തന്നെ. നിരത്തുകളില്‍ ഒരു കടലാസ് തുണ്ട് പോലും കണ്ടില്ല. ഇവിടുത്തെ, പല്ലുകള്‍ ക്രമം തെറ്റിയ, ഇടക്ക് പലതും കൊഴിഞ്ഞു പോയ വൃദ്ധന്റെ വായ പോലെയുള്ള ഫുട്പാത്തിന്റെ അടപ്പുകള്‍ പോലെ അവിടെ എവിടെയും എനിക്ക് ദൃശ്യമായില്ല.

യഥാ പ്രജാ തഥാ രാജ

പലയിടത്തും മിനുസമുള്ള വര്‍ണ്ണശിലകളും മറ്റും പാകിക്കണ്ടു. അവ കടകളുടെ മുമ്പില്‍ സ്വകാര്യ വ്യക്തികള്‍ ചെയ്തതാവാം. പോട്ടെ. ഫുട്പാത്തും റോഡും വേര്‍തിരിക്കുന്ന ഇരുമ്പ് വേലികളും കളര്‍ഫുള്‍. അതെവിടെയും വിട്ടു പോയിട്ടില്ല. ഇതിപ്പൊ ദുബൈ സന്ദര്‍ശിച്ചു വന്ന ഒരു വ്യക്തിയാണ് പറയുന്നതെങ്കില്‍ അത്ഭുതപ്പെടാനില്ലായിരുന്നു. പക്ഷെ ഇത് പത്ത് നാനൂറ് കി.മീറ്റര്‍ അപ്പുറം. യഥാ പ്രജാ തഥാ രാജ എന്നാണെങ്കില്‍ ഇതിന് നമ്മളാണ് ഉത്തരവാദികള്‍. ഇതു സംബന്ധമായി ആലുവയിലെ ഒരാളുമായി സംസാരിക്കവെ ആ വ്യക്തി പറഞ്ഞു. നഗരത്തിന്റെ മോഡിഫിക്കേഷന് വേണ്ടി ഇവിടുത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എന്ത് ചിലവും ചെയ്യാനൊരുക്കമാ. അവിടെ സ്വകാര്യ വ്യക്തികള്‍ ഫുട്പാത്തുകളില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് അതിന്റെ ഭംഗി കൂട്ടാന്‍ മാത്രം. അതെ പോലെ ശക്തിയും സ്വാധീനവുമുള്ള വ്യാപാരി വ്യവസായി സംഘടനകള്‍ ഇവിടെയുമുണ്ട്. പക്ഷെ മൗനത്തിലാണ്. കാരണമെന്താണെന്ന് വെച്ചാല്‍, പലയിടത്തും ഫുട്പാത്തുകള്‍ കച്ചവടക്കാര്‍ കൈയേറി, സാധനങ്ങള്‍ ഇറക്കി വെച്ചിരിക്കുന്നു. പലയിടത്തും അത,് അതിലൂടെ കടന്നു പോകുന്നവരുടെ വസ്ത്രം, ശരീരം എന്നിവ കീറുന്ന തരത്തില്‍ പോലുമാണ്. ഷോപ്പുകളുടെ മുമ്പില്‍ തന്നെ ഫുട്പാത്തുകളുടെ മൂടികള്‍ അത്യന്തം അപകടകരമായ നിലയിലുമാണ്. രാത്രി നടന്നു പോകവെ ഇവയില്‍ കാല്‍ വഴുതി വീണ് പരിക്കു പറ്റിയവരും നമ്മുടെയിടയിലുണ്ട്. ഇതൊക്കെ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത് വരെ ഒന്ന് ചെന്ന് നോക്കി പരിശോധിക്കാന്‍ മാത്രം ഇവിടെ ആളില്ലാതെ പോയെന്നത് കഷ്ടം.! വലിയ വലിയ പദ്ധതികളെ പരാമര്‍ശിച്ച് കൊണ്ട് ബജറ്റുകളവതരിപ്പിച്ച് പോകുമ്പോള്‍ ഇയാള്‍ ആലോചിക്കാറുണ്ട്. ഇതൊന്നും ചൂണ്ടിക്കാട്ടാന്‍ അവിടെ തീര്‍ത്തും ആളില്ലാതെ പോയോ, മഴക്കാലമടുക്കുമ്പോഴെങ്കിലും നമ്മുടെ ഈ ഓടകള്‍ ഒന്ന് വൃത്തിയാക്കേണ്ടതാണെന്ന്. ഇതിനി മഴ തിമര്‍ത്ത് പെയ്താല്‍ ഓടകള്‍ക്കകത്തൂടെ പാസേജ് കിട്ടാത്ത വെള്ളം ചിലയിടങ്ങളില്‍ മാലിന്യങ്ങളെ റോട്ടിലേക്ക് തള്ളും. പ്രശ്‌നമാക്കാനില്ല. നിരന്തരമായി ഓടുന്ന വാഹനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കകത്ത് ടയറുകളില്‍ കോരിക്കൊണ്ട് പോയി അവ ക്ലീനാക്കിയേക്കും.പിന്നെ പ്രശ്‌നമില്ലല്ലോ.

ഫുട്പാത്തുകളുടെ കാര്യത്തില്‍ എം.ജി. റോഡിന്റെ ഉത്തരവാദിത്വം പി. ഡബ്ലി യു.ഡി.ക്കാണത്രെ. ബാക്കി മുനിസിപ്പാലിറ്റിക്കും. പൊതുമരാമത്ത് എന്നൊരു വകുപ്പ് ഉണ്ടോന്നറിയാന്‍ നാം വല്ലപ്പോഴും പുലിക്കുന്നിലെ ആ വലിയ ഗെയിറ്റ് കടന്ന് അകത്ത് തന്നെ കയറി പോകണം. പല കസേരകളിലും ആളില്ലെങ്കിലും സജീവം. ആഢംബര വാഹനങ്ങള്‍ വരുന്നു പോകുന്നു. ഒക്കെയുണ്ട്. അവര്‍ ഏറ്റവും ആദ്യമായി ചെയ്യേണ്ട നഗരത്തിന്റെ മുഖ്യപാതയായ എം.ജി. റോഡിന്റെ കാര്യമല്ലെ.? നഗരത്തിന്റെ പ്രവേശന കവാടവും പ്രധാന നിരത്തുമാണത്. നമ്മുടെ പട്ടണത്തെ ഈ വിധത്തിലാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിനും ഊരാന്‍ പറ്റില്ലെന്ന്. ഈയടുത്ത് ഒരു വ്യാപാരിയുടെ കൂടെ ഒരിടത്തേക്ക് സഞ്ചരിക്കുമ്പോള്‍ അയാള്‍ പറഞ്ഞത് കാസര്‍കോട്ടേക്ക് ചുറ്റുവട്ടങ്ങളില്‍ നിന്ന് പലരും വരവ് നിര്‍ത്തിയിട്ടുണ്ട് എന്നാണ്. പ്രധാന കാരണം അയാള്‍ പറഞ്ഞത് വാഹന പാര്‍ക്കിങ്ങിന്റെ പരിമിതി. ഇവിടെയും കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ വാഹനത്തിന് യഥേഷ്ടം പാര്‍ക്കിങ് കാണിക്കുന്നുണ്ട്. കാണിക്കണമല്ലോ.! പക്ഷെ പിന്നീട് ആയിരക്കണക്കിന് രൂപ വാടക കിട്ടുന്ന സ്ഥലം പാര്‍ക്കിങ്ങിനായി വിട്ടു കൊടുക്കാന്‍ മനസ് സമ്മതിക്കുമോ.? പിന്നെ ഉപഭോക്താക്കള്‍ എന്തു വേണം.? സ്ഥലമുള്ളിടത്ത് പാര്‍ക്ക് ചെയ്തു വന്ന് ഞങ്ങളുടെ കടകളില്‍ നിന്ന് സാധനം വാങ്ങണം. അതിനിപ്പോള്‍ മനസ്സില്ലെങ്കിലോ എന്ന ഉപഭോക്താക്കളും. ഇത് ജില്ലാ ആസ്ഥാന നഗരസഭ കൂടി ആണെന്നതും ആരും മറക്കാതിരിക്കുന്നത് നല്ലത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Municipality, Vehicles, Road, A S Muhammadkunji, Article about Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia