city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാപ്പിള മൊട്ട തെങ്ങിന്റൊട്ട

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 21.06.2014) കുഞ്ഞിന് പേരിടല്‍ ഒരു ചടങ്ങാണ് മലയാളികള്‍ക്ക്. മാതാപിതാക്കള്‍ കുഞ്ഞ് ജനിച്ച് വീഴും മുമ്പേ പേര് കണ്ടു പിടിച്ചിരിക്കും. ആണായാല്‍ ഇന്ന പേര്, പെണ്ണായാല്‍ ഇന്ന പേര് എന്ന ലിസ്റ്റ് ഉണ്ടാക്കിവെക്കും. പരസ്പരം ചര്‍ച്ച ചെയ്യും. അക്ഷരങ്ങള്‍ കുറഞ്ഞതായിരിക്കണം. അര്‍ത്ഥമുളളതായിരിക്കണം.

കേള്‍ക്കുന്നവര്‍ക്ക് ഇമ്പമുളളതാവണം. കൂഞ്ഞിന്റെ രൂപത്തിനും ഭാവത്തിനും ഇണങ്ങിയതായിരിക്കണം. എന്നൊക്കെ ചിന്തിച്ചാണ് കുഞ്ഞിന് പേരിടുന്നത്.
1950 കളില്‍  മക്കള്‍ക്ക് പേരിടുന്നതില്‍  രക്ഷിതാക്കള്‍ അത്രയൊന്നും ശുഷ്‌കാന്തി കാണിച്ചിരുന്നില്ല. പലപ്പോഴുംഅച്ഛാച്ഛന്റെ പേരോ, അമ്മമ്മയുടെ പേരോ മക്കള്‍ക്ക് നല്‍കുന്ന രീതി അന്നുണ്ടായിരുന്നു. അവരോടുളള സ്‌നേഹം കാണിക്കാനോ, ഓര്‍മിക്കാനോ ആണ് അന്നങ്ങനെ ചെയ്തത് എന്നു വേണം കരുതാന്‍.

എന്റെ പേരും അങ്ങിനെ വന്നതാണ്. ഉപ്പാപ്പയുടെ പേര് അബ്ദുർ റഹ്മാന്‍ എന്നായിരുന്നു. ആ പേര് തന്നെയാവട്ടെ മൂത്തമകന് എന്ന് എന്റെ ബാപ്പയും കരുതിയിട്ടുണ്ടാവും.

വാസ്തവത്തില്‍  നല്ലൊരു പേരാണ്. പേരിന്റെ അര്‍ത്ഥം ചോദിച്ചു മനസിലാക്കി. അബ്ദുള്‍ എന്നാല്‍  ദാസനെന്നും റഹ്മാന്‍ ഈശ്വരനുമാണ്. ഈശ്വരന്റെ ദാസന്‍ എന്ന് പറയാം. ദേവദാസനെന്ന് മലയാളത്തില്‍  പേരുണ്ടല്ലോ?

മനോഹരമായ എന്റെ പേര് വികൃതമാക്കി വിളിക്കാന്‍ തുടങ്ങിയത് കുഞ്ഞുനാളിലേ ഞാന്‍ ഇഷ്ടപ്പെട്ടില്ല. അന്ത്രുമാന്‍. അങ്ങിനെ കേള്‍ക്കുമ്പോള്‍ തന്നെ മേലാകെ അരിശം തുടിച്ചു വരും. വയലാറിന്റെ ആയിഷയിലെ അന്ത്രുമാനെ വായിച്ചറിഞ്ഞപ്പോള്‍ എന്റെ പേരും ആ തരത്തില്‍  പെട്ടുപോയല്ലോ എന്ന് മനസു വേവലാതിപ്പെടും.

എന്റെ ഉമ്മയോ, ബന്ധുക്കളോ ഒരിക്കലും എന്നെ അങ്ങിനെ വിളിച്ചിട്ടില്ല. ഉമ്മയ്ക്ക് ഞാന്‍ അദ്രെഹമാനാണ്. പ്രൈമറി ക്ലാസി  മലയാളം പഠിപ്പിച്ച ഒരു പൊതുവാള്‍ മാഷുണ്ടായിരുന്നു അദ്ദേഹം 'അബ്ദുള്‍' എന്നാണ് വിളിച്ചിരുന്നത്.

ചെറുപ്പകാലത്ത് ഓമനയായിട്ടായാലും പല പേരുകളും അവരുടെ ഇഷ്ടത്തിന് വിളിക്കും. എന്റെ ചെറിയ അമ്മാവന്‍ കച്ചവടക്കാരനായിരുന്നു. അദ്ദേഹത്തെ കച്ചവടത്തില്‍  ഞാനും സഹായിക്കും. സ്‌കൂള്‍ സമയത്തിനുമുമ്പും അതിനു ശേഷവും  ഞാന്‍ പീടികയിലായിരിക്കും. വെല്ലം എന്റെ ദൗര്‍ബല്യമായിരുന്നു അക്കാലത്ത്. പീടികയിലായിരിക്കുമ്പോള്‍ ആണി വെല്ലം വായിലിടും. മെല്ലെ മെല്ലെ അലിയിച്ചിറക്കും. നല്ല തടിമാടനുമായിരുന്നു അക്കാലത്ത്. അമ്മാവനിട്ടപേര് 'ബദ്ധപ്പസാമി' എന്നായിരുന്നു. കരിവെളളൂര്‍ ബസാറിലെ വലിയൊരു അനാദിക്കച്ചവടക്കാരനായിരുന്നു 'ബദ്ധപ്പസാമി' അദ്ദേഹത്തിനും എന്റെ അതേ വെല്ലം തീറ്റി സ്വഭാവമുണ്ടായിരുന്നു പോലും. അങ്ങിനെ ഞാന്‍ ബദ്ധപ്പസാമിയായി.

മാപ്പിള മൊട്ട തെങ്ങിന്റൊട്ട
അന്ന് ഞങ്ങളുടെ അയല്‍വാസിയായിരുന്നു കോയ്യന്‍ ചിരുകണ്ടന്‍ മൂസോറ്. അദ്ദേഹത്തിന്റെ മക്കള്‍ ഗോവിന്ദന്‍, നാരായണന്‍ എന്നിവര്‍ എന്റെ കളിക്കൂട്ടുകാരാണ്. അന്നത്തെ മാമ്പഴക്കാലത്ത് ഏതു പറമ്പിലും കയറി മാങ്ങ പെറുക്കാം. ചിരുകണ്ടന്‍ മൂസോറിന്റെ പറമ്പില്‍ നല്ല മധുരമൂറുന്ന മാങ്ങ പിടിക്കുന്ന മാവുണ്ടായിരുന്നു. കാറ്റടിക്കുമ്പോള്‍ മാങ്ങ വീഴും. ഞാന്‍ ഓടിയെത്തി അവ കൈക്കലാക്കും. അങ്ങിനെ ചിരുകണ്ടന്‍ മൂസോറ് വകയും എനിക്കൊരു പേരു കിട്ടി 'മായിന്റീലാജി 'ആ പേരുളള ഒരു ഹാജിക്ക ഉണ്ടായിരുന്നു പോലും......
എന്റെ വലിയമ്മാവനും എനിക്കൊരു പേരിട്ടു. 'സൂപ്പി' സ്‌നേഹത്തോടെ വിളിക്കുന്നതാണ്. അദ്ദേഹം എന്നും ചുരുട്ട് വലിക്കും. ആ മണം ആസ്വദിക്കാന്‍ ഞാന്‍ അടുത്തു കൂടും. അപ്പോള്‍ പുറത്ത് തട്ടി സ്‌നേഹത്തോടെ 'സൂപ്പി' എന്ന് നീട്ടിവിളിക്കും...

ഹൈസ്‌കൂള്‍ പഠനകാലത്ത് പല പേരുകളും കിട്ടി. അന്ന് തടിയുണ്ട്. ഒരു നമ്പൂതിരി സ്റ്റൈലൊക്കെയായിരുന്നു ശരീര പ്രകൃതി. ചെറിയ കുടവയറും ഒക്കെ കണ്ട് സ്‌കൂളിന് മുന്നില്‍  സ്റ്റേഷനറിക്കച്ചവടം നടത്തിവന്നിരുന്ന അവ്വക്കറിച്ച ഒരു പുതിയ പേരിട്ടു 'പാക്കത്തോറ്' പാക്കത്തോറില്ലത്തെ നമ്പൂതിരിമാരെ പാക്കത്തോറ് എന്നാണറിയപ്പെടുക. അങ്ങിനെ കുറച്ചുകാലം പാക്കത്തോറായി.

എട്ടാം ക്ലാസില്‍  പഠിക്കുന്ന കാലത്ത് സ്‌കൂള്‍ യുവജനോല്‍സവത്തില്‍  നാടക മല്‍സരത്തില്‍  പങ്കെടുത്തു. ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെതായിരുന്നു വേഷം. അന്നത്തെ സുഹൃത്തുക്കള്‍ പറഞ്ഞത് അഭിനയം കലക്കി എന്നായിരുന്നു. ബെസ്റ്റ് ആക്ടര്‍ സമ്മാനവും കിട്ടി. അതിന് ശേഷം കുറേകാലം 'പോലീസായി' ഇന്നും പയ്യന്നൂര്‍ ബാറിലെ പ്രമുഖ അഡ്വക്കറ്റ് കെ. വിജയകുമാര്‍ ആ കാലം ഓര്‍ത്തുകൊണ്ട് 'പോലീസ്' എന്ന് എന്നെ കാണുമ്പോള്‍ വിളിക്കാറുണ്ട്.

കരിവെളളൂരില്‍  1965ലാണെന്ന് തോന്നുന്നു. മലയാള മനോരമ ഏജന്റും രിപോര്‍ട്ടറുമായ എ.വി. ഗോവിന്ദേട്ടന്റെ നിര്‍േദശ പ്രകാരം ഒരു ബാലജനസഖ്യം യൂണിറ്റ് തുടങ്ങി. ഞാന്‍ പ്രസിഡണ്ടും ഡോ: എ.വി. ഭരതന്‍ സെക്രട്ടറിയും. വാര്‍ത്ത വന്നപ്പോള്‍ കരിവെളളൂരില്‍  പ്രകമ്പനമുണ്ടായി. 'കുരുവി ബാലജനസഖ്യം' എന്നാണ് പേര്. കമ്മ്യുണിറ്റ്  കേന്ദ്രമായ കരിവെളളൂരില്‍ ബാലജനസഖ്യത്തിന്റെ ശാഖവന്നത് മനോരമ ആഘോഷമാക്കി. ഫ്രണ്ട് പേജില്‍  വാര്‍ത്ത വന്നു. അതോടെ അതിന്റെ പ്രവര്‍ത്തനവും നിന്നു. പക്ഷെ ഡോ: എ. വി. ഭരതന്‍ എന്നെ കാണുമ്പോള്‍ ഇപ്പോഴും വിളിക്കും 'കുരുവി' എന്ന്.

കാസര്‍കോട് കോളജിലെത്തിയപ്പോള്‍ താമസം ലോഡ്ജിലായിരുന്നു. ലോഡ്ജിലെ കൂട്ടുകാര്‍ പരസ്പരം ആളും രൂപവും നോക്കി പേരുവെച്ചു കൊടുക്കും. അവിടെ ഞാന്‍ 'അടൂര്‍' ആയി. അടൂര്‍ഭാസിയുമായി രൂപസാദൃശ്യത്തില്‍  എന്തോ സാമ്യതകൊണ്ടായിരിക്കാം സുഹൃത്തുക്കള്‍ എന്നെ അടൂര്‍ ആക്കിയത്. അവിടേയും കോളജ് ഡെയ്ക്ക് ഹിന്ദി നാടകത്തി  'ബട്‌ളര്‍' അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് ഞാന്‍ അടൂര്‍ ആയി മാറിയത്.

നീലേശ്വരത്ത് താമസിക്കുന്ന ഡോ: കെ. രാമചന്ദ്രന്‍നായരെ 'പട്ടര്‍' എന്ന പേരാണ് നല്‍കിയത്. നീലേശ്വരത്ത് താമസിക്കുന്ന കൃഷി ഡപ്യൂട്ടിഡയരക്ടറായി വിരമിച്ച കെ.ഒ.വി. ഗോപാലനെ 'നാഗേഷ്' എന്ന പേരും ഇട്ടു.

ഇതൊക്കെ ഞാന്‍ അറിയുന്ന എന്റെ പേര്. ഞാന്‍ അറിയാതെ എന്നെ പലപേരിലും കുട്ടികളുടെ ഇടയില്‍ അറിയപ്പെടുന്നുണ്ടാവാം.
ഒന്നാം ക്ലാസില്‍  ചേര്‍ന്നപ്പോള്‍ ഞാന്‍ മാത്രമാണ്. മൊട്ടത്തലയുളള കുട്ടി. പരിഹാസപൂര്‍വ്വം കൂട്ടുകാര്‍ വിളിച്ചു കൂവി നടന്നത് ഇപ്പോള്‍ സുഖമുളള ഓര്‍മ. അന്ന് ഒരുപാട് വേദനിച്ചിരുന്നു 'മാപ്പിള മൊട്ട തെങ്ങിന്റൊട്ട ചെറുപയറുണ്ട രണ്ടുണ്ട........' അന്ന് അവരുടെ കൂട്ടത്തില്‍  നിന്ന് ഓടിരക്ഷപ്പെടുകയേ മാര്‍ഗമുണ്ടായിരുന്നുളളൂ.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടനുഭവമുണ്ടായി. മാതൃഭൂമി വീക്കിലിയുടെ ബാലപംക്തിയില്‍  ഒരു കൊച്ചു കവിത എന്റേതായിവന്നു. ക്രിസ്തുമസ് വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂള്‍ തുറന്ന ദിവസം. 9.ബിയില്‍  ക്ലാസദ്ധ്യാപകനായ പയ്യാടക്കല്‍  ബാലന്‍മാഷ് ഞങ്ങളുടെ കണക്കുമാഷും കൂടിയാണ്. കുട്ടേട്ടന്റെ ഒരു കത്തുണ്ടായിരുന്നു എനിക്ക്. അദ്ദേഹം കത്തുമായി ക്ലാസില്‍  വന്നു. ഒരൊറ്റയേറ് എന്റെ മുഖത്തേക്ക്. കണക്കില്‍ തന്റെ മാര്‍ക്കറിയോ, വെറും പതിനഞ്ച. എന്നിട്ട് കവിതയുമായി നടക്കുന്നു. കുട്ടേട്ടന്റെ കത്തും.

മാപ്പിള മൊട്ട തെങ്ങിന്റൊട്ട
Kookanam Rahman
(Writer)

അതേ ദിവസം മലയാളം പഠിപ്പിക്കുന്ന തലേശേരിക്കാരനായ വി. സി. ബാലകൃഷ്ണന്‍ മാഷ് എന്നെ വിളിച്ചു. കവിത കണ്ടു എന്നും വായിച്ചു എന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു. തനിക്കൊരു തൂലികപ്പേര് ഞാന്‍ തരാം. 'കൂക്കാനം റഹ്മാന്‍' എന്നായിക്കോട്ടെ. അന്നു മുതല്‍  ഞാന്‍ കൂക്കാനം റഹ്മാന്‍ എന്ന പേരില്‍  അറിയപ്പെടാന്‍ ആഗ്രഹിച്ചു. ആ പേര് നെഞ്ചേറ്റി നടക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kookanam-Rahman, Article, Child, Name, Parents, Nileshwaram, children's names and their meanings. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia