city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴ എവിടെപ്പോയി സാറേ...?

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 30.06.2014) തകര്‍ത്തു പെയ്യേണ്ട മഴ, മിഥുനം പാതി പിന്നിട്ടിട്ടും പെയ്യാതെ എങ്ങോ പോയി മറഞ്ഞിരിക്കുകയാണ്. ഇടയ്‌ക്കൊന്ന് വന്നെത്തി നോക്കുമെങ്കിലും നിന്നു പെയ്ത് മണ്ണും മനസും കുളിര്‍പ്പിക്കാനോ, വെള്ളം നിറയ്ക്കാനോ നില്‍ക്കുന്നില്ല. ഇതു മൂലം സംഭവിച്ചിരിക്കുന്നത് കുളിരു കോരേണ്ട സമയത്ത് ചൂടു മൂലം പൊറുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി എന്നതാണ്. ഇമ്മാതിരി പോക്കു പോയാല്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ പോയിട്ട്, കുടിക്കാന്‍ തന്നെ വെള്ളമില്ലാത്ത സ്ഥിതി സംജാതമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

മിഥുനത്തിനു ശേഷം വരുന്ന കര്‍ക്കിടകത്തില്‍ മഴ പെയ്യുമെന്ന് ആരറിഞ്ഞു! തുള്ളിക്കൊരു കുടം പേമാരിയൊന്നും വേണ്ട, മണ്ണും മനസ്സും നനയുന്ന, ഉറവ പൊട്ടുന്ന, പുഴയും കിണറും നിറയുന്ന മഴ മതി. സര്‍വ്വത്ര നാശം വിതയ്ക്കുന്ന, ഉരുള്‍ പൊട്ടുന്ന, ആളുകളുടെ ശാപം ഏറ്റുവാങ്ങുന്ന പേമാരി വേണ്ട എന്നര്‍ത്ഥം!

കഴിഞ്ഞ വര്‍ഷം റെക്കാര്‍ഡ് മഴയാണ് നമ്മുടെ നാട്ടില്‍ പെയ്തത്. മിക്കവാറും എല്ലാമാസവും മഴ പെയ്ത വര്‍ഷം. മഴ ആവശ്യത്തില്‍ കൂടിപ്പോയോ എന്നുവരെ സംശയമുയര്‍ന്ന വര്‍ഷം. എന്നാല്‍ അതിനു മുമ്പത്തെ വര്‍ഷം മഴ ദുര്‍ബലമായിരുന്നു. കര്‍ക്കിടകത്തില്‍ പോലും ആവശ്യത്തിനു മഴ കിട്ടിയിരുന്നില്ല. തന്മൂലം വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ജനങ്ങള്‍ കുടവുമെടുത്ത് പരക്കം പായുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മഴ കനിഞ്ഞ് ആ ദുര്യാഗം ഉണ്ടായില്ല. ഇപ്രാവശ്യം കുടിവെള്ള ക്ഷാമം കനക്കുമെന്നാണ് ഇപ്പോഴത്തെ സ്ഥിതി വച്ചു നോക്കുമ്പോള്‍ തോന്നുന്നത്.

മഴ ജൂണ്‍ ഒന്നിനു മുമ്പു തന്നെ വന്ന് നമ്മെ ഞെട്ടിപ്പിച്ചുവെങ്കിലും ഇടവത്തിലും മിഥുനം ഇതു വരെയായിട്ടും കനത്തില്ല എന്നതാണ് പരമാര്‍ത്ഥം. എവിടേയും ഉറവ പൊട്ടിയില്ല. കുളിര്‍ നീര്‍ ചുരന്നൊഴുകേണ്ട തുരങ്കങ്ങളുടെ ഉള്‍വശം പൊടിമണ്ണ് മൂടിയിരിക്കുകയാണ്. അതിലെ അന്തേവാസികളായ മെരുകും ആമയും പാമ്പും മറ്റും കൂടൊഴിഞ്ഞു. തവളകള്‍ മഴ കാണാതെ മണ്ണിലേക്കു തല പൂഴ്തി മയങ്ങുകയാണ്.

ആദ്യ മഴയ്ക്കു വിതച്ച ഞാറ് പറിച്ചു നടാറായിട്ടും മഴയില്ലാത്തതിനാല്‍, വെള്ളമില്ലാത്തതിനാല്‍ അതിനു കഴിയുന്നില്ല. മാത്രമല്ല, കുന്നിന്‍ പുറത്തു വിതച്ച ഞാറുകള്‍ ഉണങ്ങിക്കരിയുകയും ചെയ്യുന്നു. റബ്ബര്‍ വെക്കാന്‍ പലരും കാടു വെട്ടിത്തെളിക്കുകയും കുഴിയെടുക്കുകയും ചെയ്‌തെങ്കിലും മഴയില്ലാത്തതിനാല്‍ നടാനായിട്ടില്ല. നട്ടതാകട്ടെ ഉണങ്ങുകയുമാണ്. കുടത്തില്‍ വെള്ളം കൊണ്ടു പോയി റബ്ബര്‍ നനയ്ക്കുന്നവരും ഉണ്ട്.

ഇത്തവണ പുഴ കര കവിഞ്ഞൊഴുകിയില്ലെങ്കിലും കടലാക്രമണവും മിന്നലും കറ്റും വരുത്തിയ നാശ നഷ്ടങ്ങള്‍ക്കു ഒട്ടും കുറവുണ്ടായിരുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം  മഴ പൊതുവേ കുറയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ആരും ഇതത്രയ്ക്കു മുഖവിലക്കെടുത്തിരുന്നില്ല.

പന്തണ്ടു മാസം മുഴുവനും മഴ പെയ്താലും മഴ മാറിയാല്‍ പിറ്റേന്നു തന്നെ കുടിവെള്ള ക്ഷാമവും വൈദ്യുതി ക്ഷാമവും അനുഭവപ്പെടുന്ന നാടു കൂടിയാണല്ലോ നമ്മുടെ നാട്. പിന്നെ മഴയില്ലാതായാലുള്ള സ്ഥിതി പ്രത്യേകം പറയണോ? പറമ്പിലെവിടെയും മഴ വെള്ളം വീഴാതിരിക്കാനുള്ള സംവിധാനമാണല്ലോ മലയാളി എടുത്തു വെച്ചിരിക്കുന്നത്! റോഡും കെട്ടിടങ്ങളും കഴിഞ്ഞ് മഴവെള്ളം മണ്ണിലെത്താനുള്ള വഴി തന്നെ മലയാളി അടച്ചു വെച്ചിരിക്കുകയല്ല! മഴ പെയ്താല്‍ വെള്ളമെല്ലാം ഓവുചാലിലൂടെയോ, റോഡിലൂടെയോ ഒഴുകി തോട്ടിലും പുഴയിലും എത്തി അവിടെ നിന്ന് കടലിലെത്തുകയല്ലേ ചെയ്യുന്നത്! അതിനിടയില്‍ മണ്ണിലിറങ്ങാന്‍ എവിടെയാണൊരു ഗ്യാപ്പ്! വയലായ വയലെല്ലാം കെട്ടിടക്കൃഷിക്കും റോഡിനും വഴി മാറുകയും ചെയ്തില്ലേ! പിന്നെങ്ങനെ മലയാളി വെള്ളം കുടിക്കും!

പണ്ട് രാജ്യം പിടിച്ചടക്കി, സര്‍വ്വതും ഇവിടെ നിന്ന് ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടു പോയപ്പോള്‍ സാമൂതിരി തന്റെ മന്ത്രിയോട് പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മുടെ ഞാറ്റുവേലയെ അവര്‍ക്കു കൊണ്ടു പോകാന്‍ കഴിയില്ലല്ലോ എന്ന്! എന്നാല്‍ ഇപ്പോള്‍ നമ്മുടെ മഴയെ നമ്മള്‍ തന്നെ നാടു കടത്തിയിരിക്കുകയാണ് എന്നതല്ലേ യാഥാര്‍ത്ഥ്യം?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മഴ എവിടെപ്പോയി സാറേ...?

Keywords : Article, Rain, Kasaragod, Ravindran Pady, Summer, Malayalees.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia