city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാത്വിമയുടെ സ്വന്തം ആമി

റഹ് മാന്‍ തായലങ്ങാടി

(www.kasargodvartha.com 09/06/2015) പൂക്കളെയും പൂമ്പാറ്റകളെയും താലോലിച്ച് നടക്കുകയും അവയുടെ വര്‍ണങ്ങളില്‍ സ്വപ്നങ്ങള്‍ നെയ്‌തെടുക്കുകയും ചെയ്യേണ്ട ഒരു കാലത്ത് സര്‍ഗാത്മകമായ പരിസരമൊന്നുമില്ലാത്തൊരു പെണ്‍കുട്ടി തീക്ഷ്ണ ജീവിത സമസ്യകളെ അനാവരണം ചെയ്‌തൊരു കഥാകാരിയെ വേറിട്ട് ഇഷ്ടപ്പെടുക; ആ ഇഷ്ടം വളര്‍ന്ന് അതൊരു ഭ്രാന്തമായ അഭിനിവേശമായി മാറുക; ഇതൊരു അപൂര്‍വമായ അതിശയമാണ്.

മാധവിക്കുട്ടിയുടെ കഥാലോകം എന്നും വിഭ്രമിപ്പിക്കുന്നതായിരുന്നു. പരമ്പരാഗതമായി കഥ പറയുന്ന രീതിയില്‍ നിന്ന് അവര്‍ വഴി മാറി നടന്നു. മനസില്‍ കെടാതെ കിടക്കുന്ന കനലുകളെ ഊതിക്കത്തിക്കുകയും, ചിലപ്പോള്‍ നഷ്ടബാല്യ സ്വപ്നങ്ങളെ മോഹിപ്പിക്കുന്നൊരു യാഥാര്‍ത്ഥ്യം പോലെ തോന്നിപ്പിക്കുന്നതുമായിരുന്നു അവരുടെ കഥകളധികവും. മറ്റു ചിലപ്പോള്‍ അവര്‍ കഥ തുടങ്ങുന്നുവെന്ന് തോന്നുന്നിടത്ത് വെച്ച് കഥ അവസാനിപ്പിച്ചു.

പ്രണയത്തിന്റെ ആരും കാണാത്ത ഭാവങ്ങളെ നഗ്നലാസ്യ ലാവണ്യങ്ങളോടെ വരച്ചു വെച്ചപ്പോള്‍ പാരമ്പര്യവാദികളായ നിരൂപകര്‍ പകച്ചു നിന്നു. അതിനെ പ്രബുദ്ധമായ അഹന്ത എന്നു വിളിക്കാനും ചിലര്‍ മറന്നില്ല. എന്നാല്‍ ആ കഥാകാരിയുടെ നിഷ്‌കളങ്കമായ മനസിലേക്കൊന്ന് ഇറങ്ങിച്ചെല്ലാന്‍ അധികമാരും ശ്രമിച്ചില്ല. എല്ലാം കണ്ടും കേട്ടും മാധവിക്കുട്ടി ചിലപ്പോള്‍ ചിരിച്ചു. ചിലപ്പോള്‍ വിതുമ്പി. എന്താ ആര്‍ക്കും എന്നെ മനസിലാവാത്തത് എന്നതായിരുന്നു ആ കഥാകാരിയുടെ ഏറ്റവും വലിയ നൊമ്പരം.

മാധവിക്കുട്ടി എന്ന കഥാകാരി കഥയില്‍ കൂടി അവരോട് തന്നെയാണ് സംസാരിച്ചത്. ഭാഷയുടെ പരിമിതിയെക്കുറിച്ചവര്‍ പലപ്പോഴും വേവലാതി പൂണ്ടു. എന്നിട്ടും ആ ഭാഷയ്ക്ക് വല്ലാത്തൊരു പ്രണയം തോന്നിപ്പിക്കുന്ന ആര്‍ദ്രതയുണ്ടായി. നാട്ടുവഴികളില്‍ കൂടി നടന്നു പോകുമ്പോള്‍ അവര്‍ മറ്റാരും കാണാത്ത കാഴ്ചകള്‍ കണ്ടു. നഗരപ്രാന്തങ്ങളില്‍ അവര്‍ ജ്ഞാന വെളിച്ചം തേടിയലയുന്ന സൂഫിയായി. സ്വപ്ന വ്യാഖ്യാനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു മാധവിക്കുട്ടിയുടെ മിക്ക കഥകളും.

ഗ്രാമ്യ സൗന്ദര്യത്തിന്റെ ജൈവസത്ത ഹൃദയതാളത്തില്‍ അലിയിച്ച മാധവിക്കുട്ടി ഇംഗ്ലീഷ് കവിതകള്‍ എഴുതിയപ്പോള്‍ കമലാദാസായി. കല്‍ക്കത്തയിലെ വേനല്‍ക്കാലം പുതിയ ഭാവുകത്വം സമ്മാനിച്ചപ്പോള്‍ വായനക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ ആരാണെന്നും ഇവരുടെ മനസ് സഞ്ചരിക്കുന്നത് ഏത് ലോകത്ത് കൂടിയാണെന്നും അത്ഭുതപ്പെട്ടു.

മാധവിക്കുട്ടി കമലാ സുരയ്യയായി മാറിയപ്പോള്‍ ആത്മസാക്ഷാത്കാരത്തിന്റെ പുതിയ ഭാഷ എടുത്തണിയുന്നത് കണ്ട് സര്‍ഗാത്മക പരിസരം അന്തം വിട്ടു നിന്നു. അപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് അവര്‍ സ്‌നേഹ സ്വരൂപിണിയായ ആമിയായിരുന്നു. ആമി മാത്രമായിരുന്നു.

ആമിയുടെ മുന്നില്‍ എല്ലാം മറന്നിരുന്ന് ആര്‍ദ്രമായ സ്‌നേഹം കിനിയുന്ന കൊഞ്ചുന്ന ആ വര്‍ത്താനം കേട്ടിരുന്നപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് മാധവിക്കുട്ടിയുടെ എഴുത്തിനേക്കാള്‍ മനോഹരമാണ് ഒരു തൂവല്‍ സ്പര്‍ശം പോലെ മനസിനെ തലോടി കടന്നു പോകുന്ന വള്ളുവനാടന്‍ ശൈലിയിലുള്ള ആ വര്‍ത്തമാനമെന്ന്.

ഫാത്വിമ അബ്ദുല്ലയെ അറിയുന്ന കാലം മുതല്‍ കമലാ സുരയ്യ എന്ന കഥാകാരിയോടും വ്യക്തിയോടും അവര്‍ക്കുള്ള അദമ്യമായൊരു പ്രണയം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫാത്വിമയുടെ ബുക് ഷെല്‍ഫ് മാധവിക്കുട്ടിയുടെയും അവരെക്കുറിച്ചെഴുതിയ പുസ്തകങ്ങളുടെയും കലവറയായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഫാത്വിമ മാധവിക്കുട്ടിക്ക് കത്തുകള്‍ അയച്ചു തുടങ്ങി. മറുപടി കിട്ടാതിരുന്നപ്പോഴും വീണ്ടും വീണ്ടും എഴുതി. പിന്നെ ഒന്നു കാണണമെന്നും ഒന്നു തൊടണമെന്നുമായി. കണ്ടപ്പോള്‍, ആ തലോടലേറ്റുവാങ്ങിയപ്പോള്‍ എന്തൊക്കെയോ നേടിയെടുത്തൊരു ആത്മ സംതൃപ്തി. ആ അനുഭൂതിയെ മനസിന്റെ ചെപ്പിലൊളിപ്പിച്ചു വെക്കാന്‍ എത്ര കാലം കഴിയും? ഒരു സ്പര്‍ശം കൊണ്ടു തന്നെ പൂത്തുലഞ്ഞു പോയ പൂമരത്തിന്റെ സായൂജ്യമാണ് ഈ പുസ്തകമെന്ന് ഞാന്‍ കരുതുന്നു.

ഫാത്വിമ അബ്ദുല്ല ഒരു മുഖ്യധാര എഴുത്തുകാരിയല്ല. എന്നാല്‍ അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെക്കിട്ടിയാല്‍ അവര്‍ നിര്‍ത്താതെ സ്വന്തം ആമിയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. കഥകളെക്കുറിച്ച് മാത്രമല്ല; ആമിയുടെ ജീവിതത്തെക്കുറിച്ച്, അവരുടെ വാക്കുകളുടെ സുഗന്ധത്തെക്കുറിച്ച്, ശാലീനമായ ആ ശരീര ഭാഷയെക്കുറിച്ച്, ഫാത്വിമ എഴുത്തുകാരിയല്ല എന്ന പ്രസ്താവത്തെ കീഴ്‌മേല്‍ മറിക്കുന്ന ഒരു പുസ്തകമാണ് ഇത്.

ഭാഷ ഉണ്ടാകുന്നത് അക്ഷരങ്ങള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ അല്ലെന്നും അത് ഹൃദയത്തില്‍ നിന്നാണ് ഒഴുകിയെത്തുന്നതെന്നും ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ശിഥിലമായ ഓര്‍മച്ചിന്തുകളെ ചേര്‍ത്തു വെക്കുമ്പോള്‍ ഉരുത്തിരിഞ്ഞുണ്ടാകുന്ന ഒരു കൊളാഷിന്റെ രൂപ ഭംഗി 'ആമി' എന്ന പുസ്തകത്തിനുണ്ട്. ചിലപ്പോള്‍ ധൂര്‍ത്തമായ വാചാലത, ചിലപ്പോള്‍ നൊമ്പരം അനുഭവിപ്പിക്കുന്ന വാക്കുകളുടെ പിശുക്ക്. ഇത് രണ്ടും ചേര്‍ന്നതാണ് ഫാത്വിമ അബ്ദുല്ലയുടെ 'ആമി' എന്ന ഈ കൃതി. ഇതില്‍ ആത്മ സാക്ഷാത്കാരത്തിന്റെ പുതിയൊരു ഭാഷയുണ്ട്. കഥയിലും ജീവിതത്തിലും ഓര്‍മകളിലും തെന്നിത്തെന്നിപ്പോകുന്ന ഒരു ഭാഷ.

വാര്‍പ്പു മാതൃകകളില്‍ നിന്നും വരച്ചുവെച്ച ചതുരക്കളങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഒരു കൃതിയുടെ മൗലികമായ മേന്മയെങ്കില്‍ തീര്‍ച്ചയായും ഇതൊരു സാമ്പ്രദായിക വഴക്കങ്ങളെ കീറിമുറിക്കുന്ന കൃതിയാണ്. ഇത് വായനക്കാരുടെ മുന്നില്‍ തുറന്നു തരുന്നതില്‍ എനിക്ക് അനല്‍പ്പമായ ആഹ്ലാദമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഫാത്വിമയുടെ സ്വന്തം ആമി

Keywords : Book review, Article, Rahman-Thayalangadi, Writers, Fathima Abdulla, Kamala Surayya, Aami. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia