city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്ണുങ്ങള്‍ക്ക് മാത്രമേ ബാധകൂടൂ?

പെണ്ണുങ്ങള്‍ക്ക് മാത്രമേ ബാധകൂടൂ?
ക്കഴിഞ്ഞ വാവ് ദിവസത്തിന്റെ പിറ്റേന്ന് കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടക്കുന്ന ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഞാന്‍. സമയകൃത്യത പാലിക്കാന്‍ ഒരു ടാക്‌സി എറേഞ്ച് ചെയ്യേണ്ടി വന്നു. സ്ഥിരം പ്രയോജനപ്പെടുത്തുന്ന നീലേശ്വരം ടാക്‌സി സ്റ്റാന്‍ഡിലെ പാലായി കുഞ്ഞിക്കണ്ണനാണ് അന്നും വന്നത്. എന്റെ കൂടെ പ്രൊഫ: കെ.പി ഭരതനും ഉണ്ടായിരുന്നു. യാത്രക്കിടെ വാവിന്റെ പ്രത്യേകതയെക്കുറിച്ച് ചര്‍ച്ച.... മരിച്ചു പോയ ആത്മാക്കളെ ഓര്‍മിക്കാനുളള ദിവസം എന്നറിഞ്ഞപ്പോള്‍ അത് നല്ല കാര്യമാണെന്ന് ഞാന്‍ പ്രതികരിച്ചു. തുടര്‍ന്ന് അവര്‍ക്കായി നിവേദിക്കുന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ചും, അവര്‍ അത് ഭക്ഷിച്ച് പോകുമെന്ന് പറഞ്ഞപ്പോഴും സ്വതവേ ഇത്തരം അബന്ധജഡിലമായ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന സ്വഭാവക്കാരാനായ ഞാന്‍ എന്റെ വീക്ഷണം പറഞ്ഞു.

അതേവരെ നിശബ്ദനായി കേട്ടിരുന്ന ഡ്രൈവര്‍ കുഞ്ഞിക്കണ്ണന്‍ ഇടയില്‍ കയറി പ്രതികരിച്ചു. ഞാന്‍ ഒരനുഭവം പറയാം സാര്‍, നിങ്ങള്‍ക്കത് വിശ്വാസം വരില്ല എന്നറിയാം എങ്കിലും എന്റെ സ്വന്തം അനുഭവമായതിനാല്‍ പറയുകയാണ്. എന്ന ആമുഖത്തോടെ ഞങ്ങളോട് കുഞ്ഞിക്കണ്ണന്‍ പറയാന്‍ തുടങ്ങി. എനിക്ക് അഞ്ചോ ആറോ വയസുളളപ്പോഴത്തെ സംഭവമാണ്. അക്കാലത്ത് പനിപിടിപെട്ടാല്‍ രോഗി ഉറങ്ങാതിരിക്കാന്‍ കണ്ണില്‍ കുരുമുളക് വെളളം ഉറ്റിച്ചുകൊണ്ടിരിക്കും. എന്റെ അമ്മയ്ക്ക് (യഥാര്‍ത്ഥത്തില്‍ എന്റെ അമ്മയല്ല, അവര്‍ അച്ഛന്റെ മൂത്ത പെങ്ങളാണ്) അവരെ ഞാന്‍ അമ്മയെന്നാണ് വിളിക്കാറ്. എന്റെ പെറ്റമ്മയെ ഏട്ടി എന്നാണ് വിളിച്ചിരുന്നത്. പനി വന്നപ്പോള്‍ അവരുടെ അടുത്തിരുന്ന് മുളക് വെളളം ഉറ്റിക്കാന്‍ എന്നെ ഏല്‍പ്പിച്ചു. അമ്മ നല്ല ഉറക്കമായിരുന്നു. ഞാന്‍ മുളക് വെളളം കണ്ണില്‍ ഉറ്റിച്ചു കൊണ്ടേയിരുന്നു.

ഉച്ചയോടടുത്തപ്പോള്‍ അലക്കാന്‍ പോയ ഏട്ടി (എന്റെ അമ്മ) തിരിച്ചു വന്നു. അവര്‍ എന്നെ കഞ്ഞികുടിക്കാന്‍ വിളിച്ചു. അമ്മയേയും വിളിച്ചു. അമ്മ കണ്ണു തുറക്കുന്നേയില്ല. ഉരുട്ടി ഉരുട്ടി വിളിച്ചു. ഇല്ല വിളികേള്‍ക്കുന്നില്ല. ഏട്ടി അയല്‍ക്കാരെ വിളിച്ചു വരുത്തി. അപ്പോഴെക്കും അമ്മ മരിച്ചിരുന്നു. അമ്മ മരിച്ചതറിയാതെ കുട്ടിയായ ഞാന്‍ അവരുടെ അടഞ്ഞ കണ്ണുകളിലേക്ക് കുരുമുളക് വെളളം ഒഴിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. കാലം കുറേ കഴിഞ്ഞു. യുവാവായ ഞാന്‍ പണി തേടി ബോംബെയ്ക്ക് പുറപ്പെട്ടു. പത്തുവര്‍ഷത്തിലേറെ അവിടെ പണിയെടുത്തു. ബോംബെയില്‍ നിന്ന് ഡ്രൈവിംഗ് പഠിച്ചു. ഡ്രൈവറായി ജോലി ചെയ്തു. കുറച്ചു പണം സ്വരൂപിച്ച് നാട്ടിലേക്ക് തിരിച്ചു. നാട്ടില്‍ വന്ന് ഒരു ടാക്‌സി സംഘടിപ്പിച്ചു. ജീവിതം മുന്നോട്ടു പോയി.

അപ്പോഴെക്കും ഞാന്‍ 27 വയസിലെത്തിയിരുന്നു. വിവാഹ പ്രായമായി. നിശ്ചയം നടന്നു. വിവാഹം കഴിച്ചു പെണ്ണിനെയും കൂട്ടി എന്റെ വീട്ടിലെത്തിയതേയുളളൂ. അതിഥികളെ സ്വികരിച്ചിരുത്തുവാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ ഓടിവന്നു. എന്റെ പെങ്ങള്‍ റോഡില്‍ തളര്‍ന്നു വീണു കിടക്കുന്നുണ്ടെന്ന് പറഞ്ഞു. അവര്‍ക്ക് നിന്റെ അമ്മ കൂടിയിട്ടുണ്ട് എന്നും, എനിക്ക് ചെക്കനെ കാണണം...എനിക്ക് ചെക്കനെ കാണണം...എന്നു അമ്മ പറയുന്നത് പോലെ പറയുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. ഞാനും ബന്ധുക്കളും അവിടേക്ക് ഓടിയെത്തി. അതില്‍ ആരോ ഒരാള്‍ വിളിച്ചു പറഞ്ഞു. ഇതാ നിന്റെ ചെക്കന്‍ വന്നിട്ടുണ്ട് കണ്ടോളൂ എന്ന് ക്ഷീണിതയായി വീണു കിടക്കുന്ന പെങ്ങള്‍ എന്നെ നോക്കി. വീണ്ടും വീണ്ടും മുഖത്തേക്ക് നോക്കി. പിന്നെ അനങ്ങാതെ കിടന്നു.

അല്പം സമയം കഴിഞ്ഞപ്പോള്‍ പെങ്ങള്‍ എഴുന്നേറ്റു വന്നു. നല്ല ഉഷാറോടെ തന്നെ നിനക്കെന്തു പറ്റിയെന്ന് കൂടി നിന്നവര്‍ ചോദിച്ചു. ഏയ് ഒന്നും പറ്റിയില്ലെന്നായിരുന്നു അവളുടെ മറുപടി. കുഞ്ഞിക്കണ്ണന്‍ ആ സംഭവം സമാഹരിച്ചതിങ്ങിനെയാണ്. എന്നെ ഏറെ ഇഷ്ടമായിരുന്നു ആ അമ്മയ്ക്ക്; അതിനാല്‍ എന്റെ വിവാഹദിവസം അവര്‍ എന്നെ കാണാന്‍ വന്നതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് എന്റെ നേരിട്ടുളള അനുഭവമാണ് എന്ന് ഒരു ഇടതു പക്ഷ സഹചാരി കൂടിയായ കുഞ്ഞിക്കണ്ണന്‍ തറപ്പിച്ചു പറയുന്നു. ഈ അനുഭവം പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങള്‍ പരിപാടി നടക്കുന്ന കുറ്റിക്കോലില്‍ എത്തിയിരുന്നു. തിരിച്ചു വരുമ്പോഴാവാം ഇതിനെക്കുറിച്ചുളള ചര്‍ച്ചയാവാമെന്ന് ഞാന്‍ മനസില്‍ കരുതി.

തിരിച്ചു വരുമ്പോള്‍ വണ്ടി സ്റ്റാര്‍ട്ടാക്കിയതേയുളളൂ. കുഞ്ഞിക്കണ്ണന്‍ ആവേശത്തോടെ വേറൊരു ബാധയെക്കുറിച്ച് പറയാന്‍ ആരംഭിച്ചു. ഇടയ്ക്ക് കയറി ഞാന്‍ ഇടപെട്ടു. എല്ലാം മനസിന്റെ തോന്നലാണ് കുഞ്ഞിക്കണ്ണാ. അല്ലാതെ മരിച്ച് പോയവരുടെ ആത്മാക്കള്‍ നമ്മെ അന്വേഷിച്ച് വരാനൊന്നും പോകുന്നില്ല. നിങ്ങളെ പോലുളള ചില ആളുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാനാവില്ല. എനിക്ക് പരിചയമുളള നിങ്ങളെ പോലെ ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ലാത്ത ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അയാളുടെ പെങ്ങള്‍ക്കുണ്ടായ അസുഖവും അത് സുഖപ്പെട്ട വിവരവും എനിക്ക് ശരിക്കും അറിയാം. എന്റെ ഇതേ ടാക്‌സിയിലാണ് ഞാന്‍ ആ പെണ്‍കുട്ടിയെ കാളകാട്ടില്ലത്തെ തന്ത്രിയുടെ അടുത്തേക്ക് കൊണ്ടു പോയതും സുഖമായിട്ട് തിരിച്ചു കൊണ്ടു വിട്ടതും.

എന്നാല്‍ അതു കേള്‍ക്കട്ടെ എന്നായി ഞാനും ഭരതന്‍മാഷും. കുഞ്ഞിക്കണ്ണന്‍ പറഞ്ഞതിങ്ങിനെ ഒരു പുരോഗമന ആശയക്കാരനായ ചെറുപ്പക്കാരന്റെ പെങ്ങളായിരുന്നു ആ പെണ്‍കുട്ടി. തലയിട്ടടിക്കുകയും, എന്തൊക്കെയോ പേക്കൂത്തുകള്‍ കാട്ടികൂട്ടുകയും ആളുകളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുകയും ഒക്കെ ചെയ്യുകയാണ് അവളുടെ രീതികള്‍. ആരോ നിര്‍ദേശിച്ചതനുസരിച്ച് ആ ചെറുപ്പക്കാരനായ സഹോദരന്‍ മനസില്ലാമനസോടെ അവളെ കാളകാട്ടില്ലത്തേക്ക് കൊണ്ടു പോകാന്‍ നിശ്ചയിച്ചു. എന്റെ വണ്ടിയാണ് വിളിച്ചത്. ഞാനും ആ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.

വണ്ടിയുമായി ഞാന്‍ രാവിലെ എത്തി. അപ്പോഴും അവള്‍ അലറുകയും തലയിട്ടടിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ നാലഞ്ചുപേര്‍ അവളെ പിടിച്ച് ബലമായി വണ്ടിയല്‍ കയറ്റി. അവളുടെ പേക്കൂത്തുകള്‍ വണ്ടിയിലും തുടര്‍ന്നു. എങ്ങിനെയെല്ലാമോ കാളകാട്ടില്ലത്ത് എത്തിച്ചു. അവളെ തന്ത്രിയുടെ മുമ്പിലെത്തിച്ചു. അവള്‍ തന്ത്രിയുടെ മുഖത്ത് നോക്കി എന്തൊക്കെയോ പിറപിറുത്തു. തുറിച്ചു നോക്കിക്കൊണ്ടിരുന്നു. തന്ത്രിയുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുമോയെന്നു ഞാന്‍ ഭയന്നു. അവിടെ പിടിച്ചിരുത്തി. നിന്നെക്കാള്‍ എത്രയോ വലിയ ആളുകളെ കണ്ടവനാണ് ഞാന്‍ . എന്റെയടുത്തു കളിവേണ്ടാ എന്ന് തന്ത്രിയും പ്രതികരിച്ചു. അവള്‍ നോക്കുന്നതിനേക്കാള്‍ ശക്തിയായി അദ്ദേഹം അവളെ തുറിച്ചു നോക്കി.

അവളെ നടയിലേക്ക് കൊണ്ടു വരൂ. എന്ന് തന്ത്രി നിര്‍ദേശിച്ചു. ഞങ്ങള്‍ പിടിച്ചു കൊണ്ടു പോയി നടയില്‍ ഇരുത്തിച്ചു. തന്ത്രി മന്ത്രിച്ചു ഭസ്മം കയ്യില്‍ വെച്ചു കൊടുത്തു. അതില്‍ നിന്ന് ഒരു നുള്ളെടുത്ത് വായിലിടാന്‍ പറഞ്ഞു. ബാക്കി നെറ്റിയില്‍ തൊടാനും നിര്‍ദേശിച്ചു. എന്തിനധികം പറയുന്നു നടയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ തന്നെ അവളാകെ മാറിയിരുന്നു. അവള്‍ സ്വയം വണ്ടിയില്‍ കയറിയിരുന്നു. പഴയകാര്യങ്ങളെല്ലാം മറന്നപോലെ പെരുമാറി. വണ്ടിയിലുളള എല്ലാവരേയും തിരിച്ചറിഞ്ഞു. കുറേകാലമായി ആളുകളെ കണ്ടാല്‍ സംസാരിക്കാത്ത അലറി അടുപ്പിക്കാത്ത , ആ പെണ്‍കുട്ടി വളരെ സന്തോഷത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. മന്ത്രത്തിലും, ബാധയിലും ഒന്നും വിശ്വസമില്ലാത്ത അവളുടെ സഹോദരനോട് ഇപ്പോള്‍ എന്തു തോന്നുന്നു? എന്ന് ഞാന്‍ ചോദിച്ചു. അയാള്‍ മിണ്ടാതിരുന്നതേയുളളൂ.

ഇനി നിങ്ങള്‍ പറയൂ. ഇതൊക്കെ എന്റെ നേരിട്ടുളള അനുഭവങ്ങളാണ്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഇക്കാര്യത്തില്‍ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങളും ഒന്നും പറയാതെ മിണ്ടാതിരുന്നു. പക്ഷെ മനസില്‍ ഒരു സംശയമുണ്ടായി ബാധ പെണ്ണുങ്ങള്‍ക്കുമാത്രം കൂടുന്നതെന്തേ? വായനക്കാര്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടാവുമോ? എങ്കില്‍ ഒന്നു പ്രതികരിക്കാമോ?

പെണ്ണുങ്ങള്‍ക്ക് മാത്രമേ ബാധകൂടൂ?
-കൂക്കാനം റഹ്മാന്‍

Keywords: Article, Kookanam Rahman, Gost, Women

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia