city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂഴി കടലില്‍ നിന്നും കുഴിച്ചെടുക്കണം. വികസനം ത്വരിതപ്പെടുത്തണം. കെ. കുഞ്ഞിരാമന്‍ (ഉദുമ) എം.എല്‍.എ

- പ്രതിഭാ രാജന്‍

(www.kasargodvartha.com 20/04/2015) കാസര്‍കോടിന്റെ വികസനം സംബന്ധിച്ച് ഡി.സി.സി സംഘടിപ്പിച്ച സെമിനാര്‍ ജില്ലയുടെ വികസനത്തിന് എത്രത്തോളം പ്രയോജനമുണ്ടാക്കും എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സെമിനാര്‍ പ്രഹസനമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതില്‍ ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ എത്രത്തോളം ഉണ്ടാകുമെന്ന വിലയിരുത്തലുകളും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്.  ഈ ചര്‍ച്ചയില്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ പ്രതികരണം ഇങ്ങനെയാണ്:

ഡി.സി.സിയുടെ സമഗ്ര വികസന പദ്ധതിയില്‍ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ എല്ലാവിധ രാഷ്ട്രീയ ജനപ്രതിനിധികളേയും ക്ഷണിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തയോട് ആദ്യം പ്രതികരിച്ചത് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമനാണ്. വികസന സെമിനാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ നല്ലതു തന്നെ. സെമിനാറുകള്‍ മാത്രം മതിയോ, തുടങ്ങി വെച്ചവതന്നെ തുരുമ്പെടുത്തു കൊണ്ടിരിക്കുകയല്ലെ.

കേവലം 50 പേരെ മാത്രം തൊഴിലിനു വെച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഉദുമ സ്പിന്നിങ്ങ് മില്‍ തുറക്കാം. അവിടെ 22 കോടിയാണ് കാടുപിടിച്ചു കിടക്കുന്നത്, വിദേശ നിര്‍മിത യന്ത്രോപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നത് കാണുന്നില്ലെ. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണിത്. വ്യവസായ സംരംഭങ്ങള്‍ എത്തി നോക്കാത്ത ജില്ലയാണ് കാസര്‍കോട്. മയിലാട്ടി താപവൈദ്യുത നിലയം നായനാര്‍ സര്‍ക്കാര്‍ കൊണ്ടു വന്നതാണ്. ഇപ്പോഴത് അനാഥമായിക്കിടക്കുന്നു. സര്‍ക്കാര്‍ അത് ഏറ്റെടുക്കണം. വികസന പദ്ധതികളോട് യുഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തിനു വേറെ ഉദാഹരണമെന്തിന്?

പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് ഒക്കെ നല്ലതു തന്നെ. പക്ഷെ ഫണ്ടെവിടെ? വാഗ്ദാനങ്ങള്‍ കൊണ്ടു മാത്രം വികസനം വരുമോ? മെഡിക്കല്‍ കോളജിന്റെ തറക്കല്ലിനപ്പുറം എന്തെങ്കിലും നടന്നോ? ഇതൊക്കെ കേന്ദ്രീകരിച്ച് ത്വരിതപ്പെടുത്താന്‍ സമഗ്ര വികസന ആസൂത്രണങ്ങളുണ്ടാകട്ടെ.

ബാവിക്കര ഉദുമാ മണ്ഡലത്തിന്റെ ഭാഗമാണ്. അവിടുത്തെ കുടിവെള്ള പദ്ധതിക്ക് മുന്ന് പതിറ്റാണ്ടിന്റെ വയസായി. ഇപ്പോഴും രോഗഗ്രസ്ഥമാണ്. കരാറുകാര്‍ കോടികള്‍ വാങ്ങി പണം തുലച്ചതല്ലാതെ വിധിച്ചത് ഉപ്പുവെള്ളം മാത്രം. കാസര്‍കോടിന്റെ വടക്കന്‍ താലൂക്കുകളുടെ സ്വപ്‌ന പദ്ധതിയാണിത്. ഇതൊക്കെ നോക്കുക്കുത്തിയായി നില്‍ക്കുമ്പോള്‍ പുതിയവ ചര്‍ച്ച ചെയ്തിട്ടെന്തു കാര്യം. തുടങ്ങിയവ എന്നു തീര്‍ക്കും എന്ന് ആദ്യം ചര്‍ച്ച ചെയ്യാം.

കാര്യങ്കോടും ചിത്താരിയിലും ബേക്കലത്തും മറ്റും നിര്‍ലോഭമൊഴുകി കടലില്‍ പതിക്കും പുഴകളുണ്ട് നമുക്ക്. തടയിണ കെട്ടിയാല്‍ കുടിവെള്ളം മാത്രമല്ല, സര്‍ക്കാര്‍ ,സഹായിച്ചാല്‍ പദ്ധതികള്‍ നൂറുകണക്കിനുണ്ടാക്കാം. കാര്‍ഷിക മേഖല ആകെ തഴച്ചു വളരും. ജില്ലയെ പച്ചപ്പിന്റെ  സ്വര്‍ഗമാക്കാം. കര്‍ഷകനെ ഇവിടെ സംരക്ഷിക്കുകയല്ല, അവന്റെ ഹൃദയമായ വയല്‍ തികത്താന്‍ യഥേഷ്ടം അനുമതി നല്‍കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍.  വികസന സെമിനാര്‍ ഇതു കണ്ടില്ലെന്നു നടിക്കരുത്. നീര എന്ന പദ്ധതി സമഗ്രമാക്കി കേര കര്‍ഷകരെ കാക്കണം.

കാര്‍ഷിക ഉല്‍പാദനം ത്വരിതപ്പെടുത്താന്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തു കൊണ്ടു വന്ന ജനകീയാസുത്രണ പദ്ധതിവിഹിതം 40 ശതമാനം അല്ലാതെ, അതും നല്‍കാതെ പഞ്ചായത്തുകളെ കൊണ്ട് എന്തെങ്കിലും ചെയ്യുന്നുവെന്ന് വരുത്തുകയല്ലാതെ കര്‍ഷകരെ കാക്കാന്‍ പദ്ധതിയുണ്ടോ ഈ സര്‍ക്കാരിനു മുന്നിലെന്ന് സെമിനാറില്‍ മറുപടി പറയേണ്ടതുണ്ടായിരുന്നു.  കര്‍ഷകനാണ് രാജ്യത്തിന്റെ നട്ടെല്ല്.

പരമ്പരാഗത തൊഴിലും കാര്‍ഷിക വൃത്തിയും നശിച്ചതല്ലാതെ തളിര്‍ക്കുന്നില്ല. കൈത്തറിയും ബീഡിയും ഇല്ലാതായി. യഥേഷ്ടം വിളഞ്ഞിരുന്ന കശുവണ്ടിയുമില്ല. ഒരു പറങ്കിമാങ്ങാ പറിച്ചു തിന്നാന്‍ കൊതി തോന്നുന്നുവെന്ന് സഹതപിക്കുന്നു എം.എല്‍എ.

ബി.ആര്‍.ഡി.സി രൂപപ്പെട്ടത് ടുറിസത്തിന്റെ അടിസ്ഥാന വികസനത്തിനായാണ്്. ചിലതൊക്കെ നടന്നു. ഇപ്പോള്‍ ടുറിസവും ഉറക്കത്തില്‍. 60 ഏക്കര്‍ സ്ഥലം അക്വര്‍ ചെയ്തു പെരിയയില്‍ ഏയര്‍ സ്റ്റ്രിപ്പ് പണിയാന്‍ തുടങ്ങിവെച്ചതിനടുത്തെങ്ങും പിന്നെയാരും ചെന്നില്ല. 20 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുത്താല്‍ ഇവിടെ നിന്നും ചെറു വിമാനം പറന്നു താഴ്ത്താം.

ടുറിസത്തിനു അനന്ത സാധ്യതയുള്ള ലോകോത്തര നിലവാരത്തില്‍ ഉയരേണ്ടുന്ന ബേക്കല്‍ ടുറിസം ഇനിയും മഞ്ഞില്‍ തണുത്തുറഞ്ഞു തന്നെ. ടുറിസത്തിന്റെ ഭാഗമായുള്ള റെയില്‍വേ വികസനം നാമമാത്രം. പുഴകളുണ്ട് പ്രയോജനപ്പെടുത്തുന്നില്ല. കാര്യംങ്കോടു നിന്നും പറശ്ശനിയിലേക്കുള്ള ജലഗാതാഗതവും നിര്‍ത്തി. ഒരു സ്പീഡ് ബോട്ടു പോലുമില്ലാത്ത കടലും പുഴകളുമാണ് ബേക്കല്‍ അന്താരാഷ്ട്ര ടൂറിസത്തിലെന്ന് പറഞ്ഞാല്‍ മതിയല്ലോ. സമഗ്രമായ ചര്‍ച്ചയാണ് ഉണ്ടാകേണ്ടത്.

മധുര്‍,മാലിഖ്ദിനാര്‍, അനന്തപുരി, തൃക്കണ്ണാട്, റാണിപുരം തുടങ്ങി പുരാതന ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യവും ആവാഹിച്ച് ടുറിസത്തെ വളര്‍ത്തേണ്ടതുണ്ട്. കോവളത്തേക്കാള്‍ ശാന്തമായ കടല്‍തീരമുണ്ട് കാപ്പില്‍. അടിസ്ഥാന സൗകര്യമുണ്ടാകണം ഇതിനൊക്കെ. മണല്‍, കുടിവെള്ളം, കരിങ്കല്‍, ചെങ്കല്‍ മേഖലയിലെ പരമ്പരാഗത തൊഴിലും വ്യവസായത്തേയും കാര്യക്ഷമമായി സഹായിച്ച് വികസനോന്മുകമാക്കണം.

ജൈവ പ്രകൃതി വിഭവ മേഖലകളില്‍ സര്‍ക്കാരിന്റെ ശ്രദ്ധക്കുറവു മൂലം അഴിമതിയും മാഫിയാ വാഴ്ചയും അരങ്ങു തകര്‍ക്കുകയാണ്. അത്തരക്കാരുടെ ഭരണമാണ് നാട്ടില്‍ പരിസ്ഥിതി പ്രതിസന്ധിയുണ്ടാക്കുന്നത് . വികസന സെമിനാര്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. പരിസ്ഥിതി സൗഹൃദ പരമ്പരാഗത തൊഴില്‍ വ്യവസായം പുനസ്ഥാപിക്കണം. കര്‍ഷകനും തൊഴിലാളിയുമാണ് നാടിന്റെ സമ്പത്ത്. കാര്‍ഷിക സമ്പത്ത് ഉല്‍പാദിപ്പിക്കാനും സംരക്ഷിക്കാനും വിപണനത്തിനും സൗകര്യമൊരുക്കണം.

നിര്‍മ്മാണ രംഗത്ത് ഇന്നു കണ്ടു വരുന്ന പ്രതിസന്ധിക്കു കാരണം പൂഴിയുടെ ലഭ്യതക്കുറവാണ്. ഈ രംഗത്തു ആവശ്യക്കാര്‍ ഏറുന്നു. നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. കരിംകച്ചവടം പുക്കുന്നതവിടെയാണ്. നിര്‍മ്മാണ മേഖലയും അസ്തമിച്ചു വരികയാണ്. നമുക്ക് പരന്ന തീരമുളള കടലുണ്ട് ഹാര്‍ബറുകള്‍ കെട്ടിപ്പൊക്കി ആഴക്കടലില്‍ നിന്നും പൂഴി ഖനനം ചെയ്ത് സര്‍ക്കാര്‍ നേരിട്ട് ഇത് ആവശ്യക്കാരനെത്തിക്കാന്‍ പദ്ധതി വേണം. മത്സ്യ, തൊഴില്‍ മേഖലയിലും ഇത്തരം ഹാര്‍ബറുകള്‍ വലിയ ചലനമുണ്ടാക്കും. ജില്ലയ്ക്കകത്ത് അജാനൂരും ബേക്കലത്തും നിശ്ചയക്കപ്പെട്ട ഹാര്‍ബറുകള്‍ ഇപ്പോഴും ചുവപ്പു നാടയില്‍ തന്നെ.

നായനാര്‍ സര്‍ക്കാറുള്ള കാലത്ത് പാലക്കാടും ബേക്കലിലും കാറ്റാടി യന്ത്രം കൊണ്ടു വരാന്‍ പദ്ധതി ഇട്ടിരുന്നു, പാലക്കാട്ട് നടന്നു, കാസര്‍കോടിന് ഇനിയും അതിന്റെ യോഗമുണ്ടായില്ല. ഡി.സി.സിയുടെ സമഗ്ര വികസന സെമിനാര്‍ ഇതൊക്കെ ചര്‍ച്ച ചെയ്യട്ടെ.

പൂഴി കടലില്‍ നിന്നും കുഴിച്ചെടുക്കണം. വികസനം ത്വരിതപ്പെടുത്തണം. കെ. കുഞ്ഞിരാമന്‍ (ഉദുമ) എം.എല്‍.എതീരദേശ ഹൈവേയില്‍ ഒരു കി.മി. റോഡു പണിയാന്‍ 23 കോടി രുപയാണ് മുതല്‍മുടക്ക്. സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയാണത് . ഒത്ത നടുവിലൂടെ ഒരു ഡിവൈഡര്‍ പണിയുകയാണെങ്കില്‍ നാലു വരിപ്പാതയാക്കാന്‍ കഴിയും വിധം ചെയ്യാന്‍ ഇവിടെ സ്ഥല സൗകര്യമുണ്ട്. എന്നിട്ടും അതുണ്ടായില്ല. ഞാന്‍ അതു സൂചിപ്പിച്ചപ്പോള്‍ എസ്റ്റിമേറ്റ് പുതുക്കണമെന്നായിരുന്നു മറുപടി. പിന്നെ അതു നടക്കലുണ്ടാവില്ല. മരങ്ങള്‍ കൊത്തി നശിപ്പിച്ചതു കാണുമ്പോള്‍ കരള്‍ കത്തുന്നു. പദ്ധതി പൂര്‍ണ അര്‍ത്ഥത്തില്‍ വന്നതുമില്ല.

പുരാവസ്തുവിന്റെ കീഴില്‍ നശിച്ചു പോയ നിരവധി കോട്ടകളുണ്ട് ജില്ലയില്‍. അവര്‍  അനങ്ങുന്നില്ല. സെമിനാര്‍ ചര്‍ച്ച ചെയ്യട്ടെ. ജില്ലയാകെ ഹരിതപൂരിതമാക്കാന്‍, ആധുനിക വ്യവസായവും പരമ്പരാഗത വ്യവസായവും പുനര്‍ ജനിപ്പിച്ച് ജില്ലയിലാകെ സാംസ്‌കാരിക, വ്യാവസായിക നവോഥാനം ഉണ്ടാകട്ടെയെന്ന് വികസനത്തിന്റെ രാഷ്ട്രീയത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് കെ. കുഞ്ഞിരാമന്‍ എം.എല്‍എ വിശേഷിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia