city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുരുഷന്മാരുടെ തെണ്ടിത്തരത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയ സുബൈദയുടെ കഥ

ളും, അര്‍ത്ഥവും, പിന്‍ബലവും, പാരമ്പര്യവും ഉളളവര്‍ക്കു മാത്രമെ സാമൂഹ്യ അംഗീകാരം കിട്ടു എന്ന പൊതു ധാരണയാണ് സമൂഹത്തിനുളളത്. അത്തരക്കാര്‍ക്കു മാത്രമെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രവര്‍ത്തകരായി മുന്നേറാനാവൂ എന്ന സാമാന്യ ബോധവും നിലവിലുണ്ട്. ഈ ധാരണകളെയൊക്കെ തച്ചുടച്ചു തന്നാലാവുന്ന സാമൂഹ്യ സേവനം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ മുസ്ലിം പെണ്‍കുട്ടിയായിരുന്നു മരക്കാപ്പു കടപ്പുറത്തെ സി.എച്ച്.സുബൈദ.

മലബാറിലെ പ്രത്യേകിച്ച് കാസര്‍കോടന്‍ മാപ്പിള പെണ്‍കുട്ടികള്‍ പുറംലോകമറിയാതെ കഴിഞ്ഞു കൂടിയ 1980 കളിലാണ് സി.എച്ച്. സുബൈദ സാമൂഹ്യ പ്രവര്‍ത്തനരംഗത്തേക്ക് കടന്നു വരുന്നത്. പതിനാറു വയസില്‍ വിവാഹിതയാവുകയും പതിനെട്ടില്‍ അമ്മയാവുകയും, കാസര്‍കോടന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പോലെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തവളാണ് സുബൈദ. ഈ സ്വാനുഭവം തന്റെ സമുദായത്തിലെ പെണ്‍കുഞ്ഞുങ്ങള്‍ക്കുണ്ടാവരുതെന്ന് സുബൈദ തീരുമാനത്തിലെത്തുന്നു. പുറത്തിറങ്ങണമെന്നും, തന്റെ അനുഭവം ചുണ്ടിക്കാട്ടി മറ്റു പെണ്‍കുഞ്ഞുങ്ങളെ ബോധവല്‍ക്കരിക്കണമെന്നും വല്ലാത്തൊരു അഭിവാഞ്ജ.  അങ്ങിനെയാണ്, അക്ഷരവെളിച്ചമുണ്ടാക്കലാണ് പ്രതികരിക്കാനുളള ശക്തി പകരാനുളള ആദ്യപടിയെന്ന് സുബൈദ കണ്ടെത്തിയത്.

കാന്‍ഫെഡിന്റെ ഒരു പരിശീലന ക്യാമ്പില്‍ സുബൈദ പങ്കെടുത്തു. അതോടെ ആവേശം ഒന്നു കൂടി ഇരട്ടിച്ചു. മകളുടെ ആഗ്രഹത്തിനു തടസം നില്‍ക്കേണ്ടെന്ന് ബാപ്പയും ഉമ്മയും തീരുമാനിച്ചു അതവള്‍ക്ക് അനുഗ്രഹമായി. തന്റെ വീടിനു ചുറ്റുമുളള ആളുകളെകാണാനും, അക്ഷരത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കാനും, തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തുറന്നു പറയാനും ശക്തി നല്‍കലായിരുന്നു സുബൈദയുടെ ആദ്യപ്രവര്‍ത്തനം.

പുരുഷന്മാരുടെ തെണ്ടിത്തരത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയ സുബൈദയുടെ കഥ
ജില്ലയിലെ മികച്ച സമാധാന പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം സി.എച്ച്.സുബൈദ
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറില്‍ നിന്ന് ഏറ്റു വാങ്ങുന്നു 
 സാമാന്യ വിദ്യാഭ്യാസം മാത്രം ലഭിച്ചവള്‍, ദരിദ്ര കുടുംബത്തില്‍ പിറന്നവള്‍, പാരമ്പര്യമോ, അനുകൂല പശ്ചാത്തലമോ ഇല്ലാത്ത സുബൈദ എന്ന അന്നത്തെ പെണ്‍കുട്ടി ഉറച്ച കാല്‍വെപ്പോടെ മുന്നേറുകയായിരുന്നു. വിമര്‍ശനങ്ങള്‍ സ്വസമുദായത്തില്‍ നിന്ന് ഒരു പാടുണ്ടായി. പലരും അത്ഭുതത്തോടെ അവളുടെ പ്രവര്‍ത്തനം നോക്കിക്കണ്ടു. അവിവാഹിതകളായ പെണ്‍കുട്ടികളുളള കുടുംബത്തിലെ ആളുകളുടെ പ്രയാസങ്ങള്‍ സുബൈദയെന്ന സാമൂഹ്യ പ്രവര്‍ത്തകയുടെ മനസില്‍ പ്രയാസങ്ങളുണ്ടാക്കി. തന്നെ പോലെ ദു:ഖമനുഭവിക്കുന്ന ഭര്‍ത്താവിനാല്‍ മൊഴി ചൊല്ലപ്പെട്ട സഹോദരിമാരുടെ കണ്ണീരൊപ്പാന്‍ സുബൈദ തയ്യാറായി. അക്ഷരമറിയാത്തതിനാല്‍ ആനുകുല്യങ്ങള്‍ ലഭിക്കാതെ പോയ സ്ത്രീജനങ്ങള്‍ക്ക് സുബൈദ  അത്താണിയായി പ്രവര്‍ത്തിച്ചു. സുബൈദ ക്രമേണ  ആ കൊച്ചു ഗ്രാമത്തിലെ എല്ലാവരുടെയും ആശ്രയകേന്ദ്രമായി മാറുകയായിരുന്നു.

കാസര്‍കോട് ഇന്ന് ചില മുസ്ലിം സ്ത്രീകള്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. പക്ഷെ റിസര്‍വേഷന്‍ എന്ന കരുണയുടെ പേരിലാണത്. പ്രാദേശിക സര്‍ക്കാരുകളുടെ തലപ്പത്തും, ഭരണരംഗത്തും അവരെ കാണാം. പക്ഷെ പലപ്പോഴും സ്വന്തം ഇഷ്ടത്തിനനുസരിച്ച് നീങ്ങാനുളള സ്വാതന്ത്ര്യം കിട്ടാത്തവരാണ് അവരില്‍ മിക്കവരും. എന്നാല്‍ ഗ്രാമീണയായ സുബൈദ അത്തരക്കാരില്‍പെടില്ല. ആരുടെയും പിന്‍ബലം കൊണ്ടല്ല അവര്‍ സാമൂഹ്യരംഗത്തേക്ക് വന്നത്. ഉന്നത വിദ്യാഭ്യാസം നേടുകയും, സ്വന്തം തട്ടകങ്ങളില്‍ തളച്ചിടപ്പെടുകയും ചെയ്ത പെണ്‍കുട്ടികളും സ്ത്രീകളും സുബൈദയില്‍ നിന്ന് ഒരുപാട് പാഠം പഠിക്കാനുണ്ട്.

തികഞ്ഞ മതവിശ്വാസിയാണ് സുബൈദ. തന്റെ മക്കള്‍ക്ക് ആത്മീയ വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണെന്ന ബോധത്തോടയാണ് മദ്രസയിലേക്ക് മക്കളെ പറഞ്ഞുവിട്ടത്. മകളെ മദ്രസാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന കാര്യം അറിഞ്ഞപ്പോള്‍ സുബൈദ തളര്‍ന്നു പോയില്ല. അവള്‍ ഒരു പോരാളിയുടെ ഭാവത്തോടെ കാമവെറിയനായ ഉസ്താദിനെതിരെ തിരിഞ്ഞു. മകളെ പീഡിപ്പിച്ച കാര്യം അവര്‍ തന്നെ പത്ര മാധ്യമങ്ങളെ അറിയിച്ചു. പളളിക്കമ്മറ്റിക്കാര്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. കേസുമായി മുന്നോട്ടു പോകുന്ന സുബൈദയ്ക്ക് വമ്പന്മാരായ പുരുഷ നേതൃത്വത്തിന്റെ ഭീഷണി ഉണ്ടായി. ഒന്നും കൂസാതെ, തളരാതെ സുബൈദ മുന്നോട്ടു പോയി. ഇനി ഒരു മകളും ഇത്തരം കാമവെറിയന്മാരുടെ പിടിയില്‍ പെട്ടു പോകാതിരിക്കണമെന്ന ചിന്തയോടെയാണ് സുബൈദ മുന്നോട്ടു പോയത്.

നോക്കൂ ഉന്നത വിദ്യാഭ്യാസമുളള ഒരു സ്ത്രീയുടെ മകള്‍ക്കാണ് ഇത്തരം ഒരവസ്ഥ വന്നതെങ്കില്‍ അവര്‍ അത് പുറത്തറിയിക്കില്ലായിരുന്നു. പുറത്തറിഞ്ഞാല്‍ തനിക്കും തന്റെ കുടുംബത്തിനും മാനക്കേടാവുമെന്ന് കരുതി ഒതുക്കിത്തീര്‍ക്കുമായിരുന്നു. അവിടെയാണ് സുബൈദയെന്ന ഈ പോരാളിയുടെ കരുത്തും, ചങ്കൂറ്റവും നാം തിരിച്ചറിയേണ്ടത്. സാമൂഹ്യപ്രവര്‍ത്തകയായ സൂബൈദയെ മെല്ലെ മെല്ലെ രാഷ്ട്രീയത്തിലേക്കടുപ്പിക്കാന്‍ ചില രാഷ്ട്രീയക്കാര്‍ മുന്നോട്ടു വന്നു. അധികാരമെന്ന അപ്പക്കഷണം കാണിച്ചു കൊടുത്തു. സുബൈദയുടെ പ്രവര്‍ത്തനത്തിന്റെ ശക്തികണ്ടറിഞ്ഞ് അവരെ അഭിനന്ദിക്കാനല്ല മറിച്ച് അവള്‍ ഉള്‍ക്കൊളളുന്ന വാര്‍ഡിലെ വോട്ടര്‍മാര്‍ സുബൈദയെ അംഗീകരിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നേതൃത്വം കണ്ടെത്തുകയായിരുന്നു.

ആദ്യം ലീഗിന്റെ വലയില്‍ സുബൈദ വീണു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറായി. അവിടെയും തന്നിലെ സാമൂഹ്യ ബോധവും പ്രവര്‍ത്തന ശേമുഷിയും രാഷ്ട്രീയക്കാരുടെ ചൊല്‍പടിയില്‍ നിന്നും അകലെയായി. അഞ്ചുവര്‍ഷ കാലയളവില്‍ സുബൈദ പേരെടുത്ത, ഇച്ഛാശക്തിയുളള ഒരു ജന പ്രതിനിധിയായി സമൂഹത്തിന്റെ അംഗീകരത്തിന് പാത്രീഭൂതയായി. ഇത് സഹിക്കാന്‍ കഴിയാത്ത ലീഗ് നേതൃത്വം സുബൈദയെ പുറത്താക്കി. അപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം അവരെ കൊത്തിക്കൊണ്ടു പോയി. ഒരു പാട് സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസുകാര്‍ സുബൈദയ്ക്ക് നല്‍കി. പക്ഷെ അതിലൊന്നും സുബൈദയ്ക്ക് താല്പര്യമില്ലാതായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് അവര്‍ക്കിഷ്ടം. രാഷ്ട്രീയ നിറം നോക്കിയുളള പ്രവര്‍ത്തനത്തില്‍ അവര്‍ക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ നിലവിലെ രാഷ്ട്രീയക്കാര്‍ക്കും സുബൈദ അനഭിമതയാവാന്‍ സാധ്യത കാണുന്നുണ്ട്.

പുരുഷ മേധാവിത്വത്തിനെതിരാണ് അവരെന്നും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പൊതു ചടങ്ങുകളില്‍ എത്തിച്ചേര്‍ന്നാല്‍ സുബൈദ സ്റ്റേജിലെ മുന്‍ നിരയില്‍ ചെന്നിരിക്കും. അംഗീകാരത്തിനു വേണ്ടിയുളള പോരാട്ടത്തിന്റെ ഒരു ഭാഗമാണിതെന്നാണ് ഇതിനെക്കുറിച്ച് അവര്‍ പറയുക. ഇത് പല പുരുഷനേതാക്കള്‍ക്കും ഇഷ്ടമാവുന്നില്ല. സ്ത്രീയല്ലേ പിന്‍നിരയിലിരുന്നാല്‍ പോരെ? പലപുരുഷനേതാക്കളുടെയും നെറ്റി ചുളിയുന്നത് സുബൈദ നേരിട്ടനുഭവിച്ചറിഞ്ഞതാണ്. ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചാല്‍ പത്രത്താളുകളില്‍ പേര് അച്ചടിച്ചു  വരുന്നത് ഏറ്റവും പിറകിലായിരിക്കും. ഒരു തരം സ്ത്രീ നിന്ദയല്ലേ ഇതെല്ലാം എന്നാണ് സൂബൈദ ചോദിക്കുന്നത്.

സ്വസമുദായത്തിന്റെ ഉന്നതി മാത്രമല്ല സുബൈദയുടെ ലക്ഷ്യം. സ്ത്രീ ദു:ഖം എവിടെ കണ്ടാലും സുബൈദ അവിടെ ഓടിയെത്തും. പ്രശ്‌ന പരിഹാരത്തിന് ആവും വിധം ശ്രമിക്കും. പലപ്പോഴും കടപ്പുറം ഭാഗങ്ങളില്‍ കണ്ടു വരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ സുബൈദയ്ക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട്. അവിടെ ഒരു മുസ്ലിം സ്ത്രീയെന്ന നിലയില്‍ ഏതെങ്കിലും ഒരു പക്ഷം പിടിച്ചല്ല അവര്‍ പ്രവര്‍ത്തിച്ചത്. തലയില്‍ തട്ടമിട്ട് അത്തരം സംഘര്‍ഷ സ്ഥലത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ അവര്‍ക്ക് ഭയപ്പാടൊന്നുമില്ലായിരുന്നു. അവിടെയും മനുഷ്യ സ്‌നേഹത്തിന്റെയും, പരസ്പര സാഹോദര്യത്തിന്റെയും നന്മവിളിച്ചറിയിക്കാനും, പ്രശ്‌ന സങ്കീര്‍ണമായ അവസ്ഥയ്ക്ക് പരിഹാരം കാണാനും സുബൈദയെന്ന മുസ്ലിം സ്ത്രീക്ക് സാധ്യമായിട്ടുണ്ട്.

ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ച് ഇക്കഴിഞ്ഞ അന്തര്‍ദേശീയ വനിതാദിനത്തില്‍ അവരെ അന്തര്‍ദേശീയ സംഘടനയായ ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് എഡുക്കേറ്റേര്‍സ് ഫോര്‍ വേള്‍ഡ് പീസ് എന്ന സംഘടന ജില്ലയിലെ മികച്ച സമാധാന പ്രവര്‍ത്തകയ്ക്ക് നല്‍കുന്ന സമാധാന പുരസ്‌ക്കാരം നല്‍കി ആദരിക്കുകയുണ്ടായി. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറില്‍ നിന്നാണ് അവര്‍ പുരസ്‌ക്കാരം ഏറ്റു വാങ്ങിയത്. മറുപടി പ്രസംഗത്തില്‍ സൂബൈദ പറഞ്ഞു- രാഷ്ട്രീയ പ്രവര്‍ത്തകരേക്കാള്‍ സാമൂഹ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ സമിതികളിലൊക്കെ അംഗങ്ങളാക്കാനുളള നടപടി ജില്ലാ ഭരണാധിപന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന്. തീര്‍ചയായും അക്കാര്യം പരിഗണിക്കുമെന്ന് ജില്ലാ കലക്ടരും യോഗത്തില്‍ വെച്ചു പ്രഖ്യാപിക്കുകയുണ്ടായി.

പുരുഷന്മാരുടെ തെണ്ടിത്തരത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയ സുബൈദയുടെ കഥ
-കൂക്കാനം റഹ്മാന്‍

Article : Kookanam Rahman, Award, Story, Women, Kasaragod, Girl, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Zubaida

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia