city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിലിക്കോടിൻ്റെ കാവൽ ദൈവം വിടവാങ്ങി

/ചന്ദ്രൻ മുട്ടത്ത്

(www.kasargodvartha.com 09.01.2022)
മൂന്നര പതിറ്റാണ്ടുകാലം പിലിക്കോട് ഗ്രാമത്തിൻ്റെ ഇരുളിലും വെളിച്ചത്തിലും കാവൽ ദൈവമായി കൃഷി സംരക്ഷണ ചുമതലയേറ്റെടുത്ത് നാടിൻ്റെ പഴമയുടെ പെരുമ നിലനിർത്താൻ ജീവിതം ഉഴിഞ്ഞുവെച്ച വറക്കോടൻ കാവൽക്കാർ ആറു വയൽ വരമ്പും കടന്ന് മറ്റൊരു ലോകത്തേക്ക് പടിയിറങ്ങി. വെള്ളി കെട്ടിയ ആചാര വടിയും തലയിൽ പാളതൊപ്പിയും തോളിൽ കാവൽ മുദ്രയുമെടുത്ത് കൃഷി കാത്ത വറക്കോടൻ പിലിക്കോടിൻ്റെ കാർഷിക ചരിത്രത്തിൽ മുഖ്യ പങ്ക് വഹിച്ച അപൂർവ വ്യക്തിത്വമാണ്. കുന്നിനു താഴെയുള്ള കൊച്ചു കൂരയിൽ മണ്ണിനെയും മനുഷ്യനെയും ഹൃദയത്തിൽ സൂക്ഷിച്ച വറക്കോടൻ എന്ന ബാലൻ കാവൽക്കാർ അനുഷ്ഠാന വഴിയിൽ പകരം വയ്ക്കാനാകാത്ത ആൾരൂപമാണ്.

  
പിലിക്കോടിൻ്റെ കാവൽ ദൈവം വിടവാങ്ങി


മൂന്നു വിള നെൽപ്പാടങ്ങളിലെ നിറസാന്നിധ്യമായി കൊണ്ട് വാളുമ്പോൾ വിത്തും മൂരുമ്പോൾ കറ്റയും വാങ്ങിയ കാവലാളുകൾ നാടിൻ്റെ ഒരിക്കലും മരിക്കാത്ത മറക്കാത്ത ചിഹ്നസൂചകങ്ങളാണ്. കാറ്റിലും മഴയിലും വരമ്പിലേക്ക് ചാഞ്ഞു വീണ നെൽക്കറ്റകൾ ആചാര വടി കൊണ്ട് കോതി വകഞ്ഞ് ഒതുക്കി വയ്ക്കുന്ന കാഴ്ച ഗൃഹാതുരത്വ ഓർമകളാകുന്നു.

ഓണത്തിന് പൂവിടാനുള്ള കാക്ക പൂവും കൃഷ്ണ പൂവും പ്ലാവിൻ കോട്ടിലകളിൽ നെൽവയലിലിറങ്ങി ഇറുത്തെടുക്കുമ്പോഴുള്ള കാവൽക്കാരുടെ ഭയപ്പെടുത്തൽ കുരുന്നു മനസുകളിൽ ഇപ്പോഴും നൊസ്റ്റാൾജിയയുണർത്തുന്നുണ്ടാകും. വയലുകളിൽ റോഡുകളും നിറയെ വീടുകളും പൂന്തിട്ട് കിടക്കുമ്പോഴും പിലിക്കോടിൻ്റെ കാവൽ ദൈവങ്ങൾ ആചാര ചിഹ്നങ്ങൾ താഴെ വയ്ക്കാതെ ഒരു സംസ്കാരത്തെ കാത്ത് സൂക്ഷിക്കുന്നു.

പിലിക്കോട് വീത് കുന്ന് വിഷ്ണു മൂർത്തി ക്ഷേത്രത്തിലെ മുഖ്യ കാർമ്മിയായ വറക്കോടൻ്റെ ജീവിതം അനാവരണം ചെയ്തു കൊണ്ട് ' കാവൽ ദൈവങ്ങൾ' - എന്ന പേരിൽ വ്യത്യസ്തമായ ഒരു ഡോക്യുമെൻ്ററി ചിത്രത്തിന് തിരക്കഥയും സംവിധാനവും നടത്താനുള്ള നിയോഗം കൂടി എനിക്കുണ്ടായി. ജീവൻ ടി വി അറ്റ്ലസ് അവാർഡ്, സണ്ഡേ സ്കൂൾ നടത്തിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെൻ്ററി സംവിധായകനുള്ള അവാർഡ്, കണ്ണൂർ ഫിലിം ചേമ്പറിൻ്റെ സംസ്ഥാന ഡോക്യുമെൻ്ററി അവാർഡുകൾ എന്നിവയെല്ലാം അര മണിക്കൂറുള്ള ഈ ചിത്രത്തിന് നേടാനായി.

ഡോക്യുമെൻററി കണ്ടറിഞ്ഞ് ഏഷ്യാനെറ്റ് ചാനലിൽ 'കണ്ടതും കേട്ടതും ' - പരിപാടി അവതരിപ്പിച്ച് കാവൽ സംഘങ്ങൾക്ക് പാരിതോഷികവും നൽകുകയുണ്ടായി. ചരിത്രമുറങ്ങുന്നു വീത് കുന്നിന് പറയാനുള്ള ഒട്ടേറെ കഥകളിലെ മറക്കാനാകാത്ത ഒരു അതുല്യ വ്യക്തിത്വത്തെയാണ് വറക്കോടൻ്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ ഒരു പിടി പുഷ്പങ്ങൾ വെച്ച് പ്രണാമം.

ഭാര്യ: പദ്മിനി (രയരമംഗലം ഭഗവതി ക്ഷേത്ര ജീവനക്കാരി). മക്കൾ: വിനീത, വിനോദ്. മരുമകൻ: സന്തോഷ്.

Keywords:  Kasaragod, Kerala, News, Pilicode, Obituary, Memorial, Remembrance, Farmer, Memories of Varakkodan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia